കാടു കത്തുന്നു; വെള്ളവും ഭക്ഷണവുമില്ലാതെ മൃഗങ്ങള്‍

ഫോട്ടോഗ്രാഫര്‍ സനേഷ് സക എടുത്ത വീഡിയോ ദൃശ്യങ്ങള്‍ കാണാം
കാടിറങ്ങി വന്ന ആനകള്‍. ചൂടിനെ പ്രതിരോധിക്കാന്‍ പുറത്ത് ചെളിവാരിയിട്ടതും കാണാം. ഫോട്ടോ: സനേഷ് സക
കാടിറങ്ങി വന്ന ആനകള്‍. ചൂടിനെ പ്രതിരോധിക്കാന്‍ പുറത്ത് ചെളിവാരിയിട്ടതും കാണാം. ഫോട്ടോ: സനേഷ് സക

ബന്ദിപ്പൂര് വനം ഏക്കറുകണക്കിന് കത്തിച്ചാമ്പലായിക്കൊണ്ടിരിക്കുമ്പോള്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ മൃഗങ്ങള്‍ പാതയോരത്ത് യാത്രക്കാര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളും മറ്റും ആഹാരമാക്കുന്നു.
കര്‍ണ്ണാടക സംസ്ഥാനത്തിന്റെ കീഴില്‍ വരുന്നതും കേരളത്തിന്റെ അതിര്‍ത്തി പങ്കിടുന്നതുമായ ബന്ദിപ്പൂര് വനമേഖലയില്‍ കടുത്ത വരള്‍ച്ചയും പിന്നാലെ കാട്ടുതീയും വന്നതോടെയാണ് വന്യമൃഗങ്ങള്‍ ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയിലെത്തിയത്. ഇതില്‍ ആനയും മാനുകളും കുരങ്ങുകളും റോഡരികില്‍ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളുമാണ് ആഹാരമാക്കാന്‍ എത്തുന്നത്.


വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ബന്ദിപ്പൂര് വനമേഖലയില്‍ ബണ്ട് കെട്ടി കുടിവെള്ളം നിറച്ചുകൊടുക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ ഈ മൃഗങ്ങള്‍ക്ക് അതൊന്നും തികയാതെ വരികയാണ്. ഇതോടെയാണ് പല മൃഗങ്ങളും പാതയോരത്തേക്ക് വെള്ളത്തിനും ഭക്ഷണത്തിനുമായി അലഞ്ഞ് എത്തുന്നത്. കാട്ടുതീ പടര്‍ന്നതോടെ അവശേഷിക്കുന്ന ചെടികളും കത്തിക്കരിഞ്ഞു. ഇതോടെ മാനടക്കമുള്ള മൃഗങ്ങള്‍ക്ക് ഭക്ഷണത്തിനായി അലയേണ്ടിവരികയാണ്.
വഴിയാത്രക്കാര്‍ ഉപേക്ഷിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും പ്ലാസ്റ്റിക്കുകളുമൊക്കെയാണ് ഇവര്‍ ആശ്രയിക്കുന്നത്. വഴിയാത്രക്കാര്‍ ഉപേക്ഷിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിഞ്ഞ് കുരങ്ങന്മാരില്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ കണ്ടുവരുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. യാത്രയില്‍ ആളുകള്‍ ജങ്ക് ഫുഡ്ഡുകളും കോളകളുമൊക്കെയാണ്. ഇതാണ് വഴിയില്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ വന്യമൃഗങ്ങള്‍ ആഹാരമാക്കുന്നത്.
കാട്ടില്‍ ഭക്ഷണം കിട്ടാതെയും കാട്ടുതീ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത്. ഇത്തവണ മഴ കാര്യക്ഷമമല്ലാത്തതുകൊണ്ട് വന്യമൃഗങ്ങളുടെ നാട്ടിലേക്കിറക്കം വര്‍ദ്ധിക്കാനാണ് സാധ്യത എന്ന് വിദഗ്ധര്‍ പറയുന്നു. വയനാട്, അതിരപ്പിള്ളി തുടങ്ങിയ വനമേഖലകളില്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി ഭീതി പരത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com