താനൂരിലെ സിപിഎം-ലീഗ് സംഘര്‍ഷത്തെച്ചൊല്ലി നിയമസഭയില്‍ ബഹളം

ലീഗ് പ്രവര്‍ത്തകര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് നിയമസഭയില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായത്.
താനൂരിലെ സിപിഎം-ലീഗ് സംഘര്‍ഷത്തെച്ചൊല്ലി നിയമസഭയില്‍ ബഹളം

തിരുവനന്തപുരം: ലീഗ് പ്രവര്‍ത്തകര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് നിയമസഭയില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായത്. താനൂര്‍ വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ മുസ്ലീം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ അനുമതി തേടിയിരുന്നു. ഇതിന് മറുപടിയായാണ് വി അബ്ദുറഹ്മാന്‍ ലിഗിനെതിരെ പരാമര്‍ശം നടത്തിയത്.

വലിയ രീതിയിലുള്ള ആക്രമണമാണ് താനൂരില്‍ നടക്കുന്നത്. പോലീസ് ലീഗ് പ്രവര്‍ത്തകരെ തിരഞ്ഞ് പിടിക്കുകയാണ്. കൂടാതെ പുരുഷന്‍മാരില്ലാത്ത വീടുകളില്‍ കയറി വാഹനങ്ങളും മറ്റും തല്ലിതകര്‍ക്കുകയാണെന്നും എന്‍ ഷംസുദ്ദീന്‍ ആരോപിച്ചു. ഈ വിഷയത്തിന് മറുപടിയായി വി അബ്ദുറഹ്മാനു സംസാരിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നു. സ്ത്രീകളെ ആക്ഷേപിക്കുന്ന പാര്‍ട്ടിയായി ലീഗ് മാറി, 16 വയസുള്ള പെണ്‍കുട്ടിയെ പോലും ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ആക്രമണത്തിന്റെ മറവില്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അബ്ദുറഹ്മാന്‍ ആരോപിച്ചത്.

അബ്ദുറഹ്മാന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നതിനിടയ്ക്ക് സഭയില്‍ മറ്റൊരാള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതിനെതിരെയും വിമര്‍ശനമുണ്ടായി. അബ്ദിറഹ്മാന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com