ഹസനു വേണ്ടി എ ഗ്രൂപ്പ് നീക്കം തുടങ്ങി, താല്‍ക്കാലിക ചുമതല നല്‍കേണ്ടതില്ലെന്ന് ഐ വിഭാഗം

ഹസനെ താല്‍ക്കാലിക പ്രസിഡന്റ് ആക്കണമെന്നാണ ആവശ്യമാണ് എ ഗ്രൂപ്പ് മുന്നോട്ടുവച്ചത്. എന്നാല്‍ താല്‍ക്കാലിക പ്രസിഡന്റ് എന്ന ആവശ്യത്തെത്തന്നെ എതിര്‍ത്ത് ഐ ഗ്രൂപ്പ്
ഹസനു വേണ്ടി എ ഗ്രൂപ്പ് നീക്കം തുടങ്ങി, താല്‍ക്കാലിക ചുമതല നല്‍കേണ്ടതില്ലെന്ന് ഐ വിഭാഗം

തിരുവനന്തപുരം: പദവികള്‍ ഏറ്റെടുക്കാനില്ലെന്ന തീരുമാനത്തില്‍ ഉമ്മന്‍ ചാണ്ടി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ എംഎം ഹസനെ കെപിസിസി പ്രസിഡന്റ് ആക്കാന്‍ എ ഗ്രൂപ്പ് നീക്കം തുടങ്ങി. ഹസനെ താല്‍ക്കാലിക പ്രസിഡന്റ് ആക്കണമെന്നാണ ആവശ്യമാണ് എ ഗ്രൂപ്പ് മുന്നോട്ടുവച്ചത്. എന്നാല്‍ താല്‍ക്കാലിക പ്രസിഡന്റ് എന്ന ആവശ്യത്തെത്തന്നെ എതിര്‍ത്ത് ഐ ഗ്രൂപ്പ് എയുടെ നീക്കത്തിനു തടയിട്ടു.

മുതിര്‍ന്ന വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഹസനെ ചുമതല ഏല്‍പ്പിക്കണമെന്ന ആവശ്യമാണ് എ ഗ്രൂപ്പ് മുന്നോട്ടുവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെ വിശകലനങ്ങള്‍ നടക്കുന്നതിനാല്‍ കേരളത്തിലെ പിസിസി അധ്യക്ഷനെ നിയമിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് ഉടന്‍ പരിഗണിക്കില്ലെന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പ് താത്ക്കാലിക പ്രസിഡന്റ് എന്ന ആവശ്യം മുന്നോട്ടുവച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനമേറ്റെടുക്കാന്‍ തയാറാണെന്ന് നേരത്തെ തന്നെ ഹസന്‍ വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതൃപദവി ഐ ഗ്രൂപ്പിന് ആയതിനാല്‍ പിസിസി അധ്യക്ഷ സ്ഥാനം ഏതു വിധേനയും കൈവിടാതെ നോക്കാനുള്ള തീരുമാനത്തിലാണ് എ ഗ്രൂപ്പ്. ഉമ്മന്‍ ചാണ്ടി പദവി ഏറ്റെടുക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാലാണ് ഹസനു വേണ്ടി ഗ്രൂപ്പ് നീക്കം തുടങ്ങിയത്. സ്ഥാനമൊഴിഞ്ഞ അധ്യക്ഷന്‍ വിഎം സുധീരന്റെ കൂടി അഭിപ്രായം പരിഗണിച്ച് വിഡി സതീശന് ഹൈക്കമാന്‍ഡ് ചുമതല നല്‍കുമോയെന്ന ആശങ്ക ഗ്രൂപ്പിനുണ്ട്. ഇതിനു തടയിടാനാണ് മുന്‍കൂട്ടി ഹസന്റെ പേരു മുന്നോട്ടുവച്ചത്.

എന്നാല്‍ താല്‍ക്കാലിക ചുമതല എന്ന ആശയത്തെത്തന്നെ എതിര്‍ത്ത് ഹസനു തടയിടാനാണ് ഐ ഗ്രൂപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെന്നും അതുകൊണ്ട് മുഴുവന്‍ സമയ പ്രസിഡന്റിനെ തന്നെ അടിയന്തരമായി നിയോഗിക്കണമെന്നുമാണ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com