ലാവ്‌ലിന്‍ കേസ്:   പിണറായി വിജയന് വേണ്ടി ഹരീഷ് സാല്‍വെ ഇന്ന് കോടതിയില്‍ ഹാജരാകും

ഹരീഷ് സാല്‍വെയുമായുള്ള കൂടിക്കാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ - കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു
ലാവ്‌ലിന്‍ കേസ്:   പിണറായി വിജയന് വേണ്ടി ഹരീഷ് സാല്‍വെ ഇന്ന് കോടതിയില്‍ ഹാജരാകും

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി രാജ്യത്തെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇന്ന് ഹൈകോടതിയില്‍ ഹാജരാകും. സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഇന്ന് രാവിലെ 11 മണിക്ക് കോടതി പരിഗണിക്കും.പിണറായി വിജയനും സാല്‍വെയും ഇന്നലെ രാത്രി കൊച്ചിയിലെ ഹോട്ടലില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പിണറായിയുടെ അഭിഭാഷകന്‍ അഡ്വ. എന്‍കെ ദാമോദരനാണ് സാല്‍വെ ഹാജരാകുമെന്ന് കോടതിയെ അറിയിച്ചത്. 

കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി നടപടിക്കെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി ആയിരുന്ന സമയത്ത് ലാവ്‌ലിനുമായി കരാറുണ്ടാക്കിയത് മന്ത്രിസഭ അറിയാണെന്നാണ് സിബിഐ ഉയര്‍ത്തുന്ന വാദം. ഇടപാടിന് പിണറായി അമിത താല്‍പര്യം കാണിച്ചുവെന്നും സിബിഐ ആരോപിച്ചു.

നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയത്. ഇതില്‍ വൈദ്യുത ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന എതിര്‍പ്പ് മറച്ചുവയ്ക്കുകയാണ് ചെയ്തതെന്നും സിബിഐ ആരോപിക്കുന്നുണ്ട്. ലാവ്‌ലിന്‍ പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന മലബാര്‍ കാന്‍സര്‍ സെന്റര്‍ പിണറായിയുടെ ആശയത്തിന്റെ പുറത്തുണ്ടായതായിരുന്നു. ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കരാറുണ്ടാക്കുമ്പോള്‍ പൂര്‍ണ്ണ നവീകരണം ആവശ്യമില്ലെന്ന ബോധ്യമുണ്ടായിട്ടും പൂര്‍ണ്ണ നവീകരണത്തിന് കരാറുണ്ടാക്കിയെന്നും സിബിഐ ആരോപിക്കുന്നുണ്ട്.

പിണറായി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ കരാര്‍ എന്‍എന്‍സി ലാവ്‌ലിന് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com