മദ്യശാലകള്‍ മാറ്റാന്‍ രണ്ടാഴ്ച കൂടി; 157 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന്'

21ന് കേസ് പരിഗണിക്കുമ്പോള്‍ മുന്‍ ഉത്തരവ് ഭേദഗതി ചെയ്ത് ഇടക്കാല വിധി ഉണ്ടായില്ലെങ്കില്‍ ബെവ്‌കോയുടെ 157 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ മുപ്പതോളം ഔട്ട്‌ലെറ്റുകളും പൂട്ടേണ്ടിവരും.
മദ്യശാലകള്‍ മാറ്റാന്‍ രണ്ടാഴ്ച കൂടി; 157 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന്'

കൊച്ചി: പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സുപ്രിം കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ സംസ്ഥാനത്ത് ഇനിയും മാറ്റാനുള്ളത് 157 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍. 21ന് കേസ് പരിഗണിക്കുമ്പോള്‍ മുന്‍ ഉത്തരവ് ഭേദഗതി ചെയ്ത് ഇടക്കാല വിധി ഉണ്ടായില്ലെങ്കില്‍ ബെവ്‌കോയുടെ 157 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ മുപ്പതോളം ഔട്ട്‌ലെറ്റുകളും പൂട്ടേണ്ടിവരും. സംസ്ഥാനത്തിന്റെ വരുമാനത്തെ ഗുരുതരമായി ബാധിക്കും എന്നതിനാല്‍ ഇത് ഒഴിവാക്കുന്നതിന് 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന്' ഒരുങ്ങുകയാണ് സര്‍ക്കാര്‍.

മാര്‍ച്ച് 31ന് അകം ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്നാണ് സുപ്രിം കോടതി ഉത്തരവ്. ബിവറേജസ് കോര്‍പ്പറേഷന്റെ 179 ഔട്ടലെറ്റുകളാണ് ഇത് അനുസരിച്ച് പുതിയ സ്ഥലത്തേക്കു മാറ്റേണ്ടിവരിക. ഇവയില്‍ 50 എണ്ണം മാറ്റിസ്ഥാപിക്കുന്നതിന് കോര്‍പ്പറേഷന്‍ സ്ഥലം കണ്ടെത്തുകയും ഉടമകളുമായി കരാറുണ്ടാക്കുകയും ചെയ്തു. എന്നാല്‍ പലയിടത്തും പ്രദേശവാസികള്‍ സമരവുമായി രംഗത്തുവന്നതിനാല്‍ ഷോപ്പ് മാറ്റി സ്ഥാപിക്കല്‍ നടന്നില്ല. നിലവില്‍ 22 ഷോപ്പുകള്‍ മാത്രമാണ് പുതിയ സ്ഥലത്തേക്കു മാറ്റാനായത്. 

കണ്‍സ്യമര്‍ഫെഡിന്റെ 41 റീട്ടെയ്ല്‍ ഷോപ്പുകളില്‍ മുപ്പതോളം ഷോപ്പുകള്‍ സുപ്രിം കോടതി വിധിയുടെ പരിധിയില്‍ വരും. ഇവ മാറ്റി സ്ഥാപിക്കുന്നതിനും നടപടികള്‍ ആയിട്ടില്ല.

മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിന് എതിരെ പതിനാറു സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികള്‍ 21ന് കോടതിയുടെ പരിഗണനയ്ക്കു വരും. ഷോപ്പുകള്‍ മാറ്റാന്‍ ഒരു വര്‍ഷത്തെ സാവകാശം ആവശ്യപ്പെട്ട ബെവ്‌കോയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. 21ന് മുന്‍ ഉത്തരവ് ഭേദഗതി ചെയ്ത് ഇടക്കാല വിധിയുണ്ടാവുമെന്നാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. ഇല്ലാത്ത പക്ഷം 157 ഷോപ്പുകള്‍ പൂട്ടിയിടേണ്ടിവരും. 

10,500 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബെവ്‌കോ മദ്യവില്‍പ്പന വഴി സര്‍ക്കാരിനു ലഭിച്ചത്. ബിവറേജ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയിടുന്നത് സംസ്ഥാനത്തിന്റെ വരുമാനത്തെ ഗുരുതരമായി ബാധിക്കും എന്നതിനാല്‍ ഇത് ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സുപ്രിം കോടതി നിര്‍ദേശിച്ച സമയ പരിധി തീരുന്നതിനു തൊട്ടുമുമ്പായി കനത്ത പൊലീസ് സംരക്ഷണത്തില്‍ ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനുള്ള സ്ഥലം കണ്ടെത്തിനല്‍കാമെന്ന ബെവ്‌കോ അധികൃതര്‍ സര്‍ക്കാരിന് ഉറപ്പു നല്‍കിയിട്ടുണ്ട്. ശക്തമായ പൊലീസ് സാന്നിധ്യമുണ്ടെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ മാറ്റല്‍ പ്രയാസമാവില്ലെന്നാണ് ബെവ്‌കോ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇത് ക്രമസമാധാന പ്രശ്‌നത്തിന് ഇടവയ്ക്കുമോയെന്ന ആശങ്ക ഉന്നത പൊലീസ് ഊദ്യോഗസ്ഥര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതിന് എതിരായ സമരത്തിനു പിന്നില്‍ പലയിടത്തും ബാര്‍ ഉടമകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. ബിയര്‍ പാര്‍ലറുകള്‍ക്കു സമീപംറീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വന്നാല്‍ വ്യാപാരത്തെ വന്‍തോതില്‍ ബാധിക്കും. ഔട്ട്‌ലെറ്റുകളേക്കാള്‍ ഇരട്ടിയും അതിലധികവും വിലയാണ് ബീയറിന് പാര്‍ലറുകളില്‍ ഈടാക്കുന്നത്. ബാര്‍ ഉടമകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സമരമാണെങ്കില്‍ പൊലീസ് നടപടിയിലൂടെ അത് തകര്‍ക്കാനാവുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഓരോയിടത്തും നടക്കുന്ന സമരത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സമാഹരിക്കണമെന്ന് പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com