ആണുങ്ങളെ ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ് അസഭ്യ വര്‍ഷം, സദാചാര പൊലീസുകാരെക്കൊണ്ട് പൊറുതി മുട്ടിയെന്ന് ഡോ. പി ഗീത, കേരളം ഉണരേണ്ട സമയമായെന്ന് ഹരിഗോവിന്ദന്‍

മകളുടെ കല്യാണം നടത്തുന്നില്ലെന്നും ആണുങ്ങളെ ബഹുമാനിക്കാന്‍ അറിയില്ലെന്നുമൊക്കെ പറഞ്ഞ് ചുറ്റുവട്ടത്തുള്ളവര്‍ തുടര്‍ച്ചയായി അസഭ്യ വര്‍ഷം നടത്തുന്നതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഡോ.ഗീത.
ആണുങ്ങളെ ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ് അസഭ്യ വര്‍ഷം, സദാചാര പൊലീസുകാരെക്കൊണ്ട് പൊറുതി മുട്ടിയെന്ന് ഡോ. പി ഗീത, കേരളം ഉണരേണ്ട സമയമായെന്ന് ഹരിഗോവിന്ദന്‍

കൊച്ചി: സദാചാര പൊലീസുകാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന്, മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടില്‍ നിരന്തരമായ ആക്രമണങ്ങള്‍ക്കിരയാവുന്ന സാമൂഹ്യപ്രവര്‍ത്തക ഡോ. പി ഗീത. മകളുടെ കല്യാണം നടത്തുന്നില്ലെന്നും ആണുങ്ങളെ ബഹുമാനിക്കാന്‍ അറിയില്ലെന്നുമൊക്കെ പറഞ്ഞ് ചുറ്റുവട്ടത്തുള്ളവര്‍ തുടര്‍ച്ചയായി അസഭ്യ വര്‍ഷം നടത്തുന്നതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഡോ.ഗീത. ഡോ. ഗീതയുടെ കുടുംബം അയല്‍വാസികളുടെ മോറല്‍ പൊലീസിങ്ങിനു വിധേയമായിക്കൊണ്ടിരിക്കുന്നതിനെതിരെ സമൂഹം ഉണരേണ്ട സമയമായെന്ന് ചൂണ്ടിക്കാട്ടി ഞെരളത്തു ഹരിഗോവിന്ദന്‍ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

കേരളത്തിലെ പൊതുരംഗത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെയോ മതസംഘടനകളുടെയോ പിന്‍ബലമില്ലാതെ പ്രവര്‍ത്തിക്കുന്ന ഡോ. പി ഗീതയ്‌ക്കെതിരെ നേരത്തേയും ആക്രമണങ്ങളുണ്ടായിരുന്നു. ആണുങ്ങളില്ലാത്ത വീട്ടില്‍ അസമയത്ത് ആളുകള്‍ വരുന്നു, ആണുങ്ങളോടു ബഹുമാനമില്ലാതെ പെരുമാറുന്നു, ചുറ്റുവട്ടത്തുള്ള പെണ്‍കുട്ടികളുടെയെല്ലാം കല്യാണം കഴിഞ്ഞിട്ടും മകളുടെ കല്യാണം നടത്തുന്നില്ല തുടങ്ങി വ്യക്തിജീവിതത്തിലേക്കു കടന്നുകയറിയുള്ള ആക്ഷേപങ്ങള്‍ അടുത്ത ദിവസങ്ങളിലായി വര്‍ധിച്ചതായി ഡോ. ഗീത പറഞ്ഞു. അശ്ലീല ആംഗ്യവും അസഭ്യവര്‍ഷവും കൂടിയതോടെ കഴിഞ്ഞദിവസം പൊലീസില്‍ പരാതി നല്‍കി. തങ്ങളുടെ വീട്ടിലെ മരങ്ങള്‍ കാരണം ശ്വാസം മുട്ടുണ്ടാവുന്നു എന്ന് ആരോഗ്യവകുപ്പിന് പരാതി നല്‍കിയാണ് അയല്‍ക്കാര്‍ പ്രതികരിച്ചതെന്ന് അവര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് എത്തിയിരുന്നു. മരം വളര്‍ത്തുന്നു, വീട്ടില്‍ ചെടി വളര്‍ത്തുന്നു എന്നൊക്കെയുള്ള പരാതിയുടെ പിന്നിലെ വസ്തുത അവര്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഡോ. ഗീത പ്രതികരിച്ചു.

അമ്മയും മകളും മാത്രമായി പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന ആ വീട് സംരക്ഷിക്കേണ്ടത് മലയാളിയുടെ ഉത്തരവാദിത്വമാണെന്നാണ് ഞെരളത്തു ഹരിഗോവിന്ദന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. 
അങ്ങാടിപ്പുറത്തെ ചില ''ആണു''ങ്ങള്‍ നിശ്ചയിക്കുന്ന പരിധിക്കുള്ളിലൊന്നും ജീവിക്കാന്‍ അവര്‍ക്കെന്നല്ല ആര്‍ക്കും ബാധ്യതയില്ല. പലതരത്തില്‍ വേട്ടയാടപ്പെടുന്ന സ്ത്രീകള്‍ക്കു കൈത്താങ്ങായി ഓടി നടക്കുന്ന മനുഷ്യസ്‌നേഹി, സ്വന്തം അധ്വാനംകൊണ്ടുമാത്രം ഗവണ്‍മെന്റ് കോളേജില്‍ ജോലി നേടി  മലയാളം പ്രൊഫസറായി വിരമിച്ച ഗീത ടീച്ചര്‍ അവരും കുടുംബവും സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കാനാവാതെ ഏതാനും അയല്‍ക്കാരാല്‍ വേട്ടയാടപ്പെട്ടിരിക്കുന്നു. നിയമനടപടികള്‍ ഒരു ഭാഗത്തു നടക്കട്ടെ, പൊതുബോധം ഉണ്ടാവാന്‍ അതു മതിയാവില്ലെന്നാണ് ഹരിഗോവിന്ദന്‍ പോസ്റ്റില്‍ പറയുന്നത്. എന്തു രീതിയില്‍ ഇതിനെചെറുക്കണം എന്നു ആലോചിക്കുന്നതിനു വരാന്‍ തയ്യാറുള്ളവര്‍ തനിക്കു മെസേജ് അയക്കാന്‍ ആവശ്യപ്പെടുന്ന ഹരിഗോവിന്ദന്‍ അങ്ങാടിപ്പുറം ഉണരുക....കേരളം ഉണരുക എന്ന ആഹ്വാനത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഹരിഗോവിന്ദന്റെ പോസ്റ്റ്:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com