കുമ്പസാരക്കൂടിന് മുന്നില്‍ വൈദീകരെ സ്ത്രീകള്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു; മാര്‍ ആലഞ്ചേരി പ്രതികരിച്ചത് ഇങ്ങനെയെന്ന് കെസിആര്‍എം

കുമ്പസാരക്കൂടിന് മുന്നില്‍ ലൈംഗിതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് സ്ത്രീകള്‍ വൈദീകരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് മാര്‍ ആലഞ്ചേരി പിതാവ് പറഞ്ഞതായി കെസിആര്‍എം പ്രവര്‍ത്തകര്‍
കുമ്പസാരക്കൂടിന് മുന്നില്‍ വൈദീകരെ സ്ത്രീകള്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു; മാര്‍ ആലഞ്ചേരി പ്രതികരിച്ചത് ഇങ്ങനെയെന്ന് കെസിആര്‍എം

കൊച്ചി: "കുമ്പസാരക്കൂടിന് മുന്നില്‍ ലൈംഗിതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് സ്ത്രീകള്‍ വൈദീകരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു". സ്ത്രീകളേയും, പെണ്‍കുട്ടികളേയും കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കണമെന്ന ആവശ്യവുമായി കെസിആര്‍എം പ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ ആലഞ്ചേരി പിതാവിന്റെ മറുപടി ഇങ്ങനെയായിരുന്നുവെന്ന് സംഘടനാ പ്രവര്‍ത്തകയായ അഡ്വ.ഇന്ദുലേഖ പറയുന്നു. 

വൈദീകര്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ലൈംഗീക ആരോപണങ്ങള്‍ ഞെട്ടലോടെയാണ് സമൂഹം കേള്‍ക്കുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഭ നടപടി സ്വീകരിക്കുമെന്ന് ഓരോ തവണ പ്രഖ്യാപിക്കുമ്പോഴും, ഞെട്ടലുണ്ടാക്കുന്ന പള്ളിമേട വാര്‍ത്തകള്‍ വീണ്ടും ഉയര്‍ന്നുവരുന്നു. 

ഈ സാഹചര്യത്തിലാണ് സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കണമെന്ന ആവശ്യവുമായി കേരള കത്തോലിക്ക റിഫോര്‍മേഷന്‍ എന്ന സംഘടന മുന്നോട്ടു വന്നത്. ഈ ആവശ്യം ഉന്നയിച്ചുള്ള കെസിആര്‍എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അഡ്വ. ഇന്ദുലേഖയാണ്. എന്തുകൊണ്ട് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചു എന്ന് പറയുകയാണ് ഇന്ദുലേഖ സമകാലിക മലയാളത്തോട്. 

ആലഞ്ചേരി പിതാവിന്റെ നിര്‍ദേശം

പെണ്‍കുട്ടികളേയും സ്ത്രീകളേയും കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതിന് ശേഷം ആലഞ്ചേരി പിതാവ് ഞങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു. സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കുകയും പാപമോചനം വൈദീകര്‍ നല്‍കുകയും ചെയ്യുക എന്നതായിരുന്നു പിതാവിന്റെ നിര്‍ദേശം. ഇത് നടപ്പാക്കാനായാല്‍ കുമ്പസാരക്കൂട്ടിന് മുന്നില്‍ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും. 

കൗമാരക്കാര്‍ക്ക് നേരെയുണ്ടാകുന്ന ദുരുദ്ദേശത്തോടെയുള്ള ചോദ്യങ്ങള്‍

കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗീകതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുമ്പാസാരക്കൂട്ടില്‍ പാപമോചനത്തിനായി വൈദീകനോട് പറയുമ്പോള്‍, വൈദീകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അനാവശ്യ ചോദ്യങ്ങളാണ് പ്രശ്‌നങ്ങള്‍ സൃഷടിക്കുന്നത്. വളരെ ചെറുപ്പത്തിലായിരിക്കും പലരും വൈദീകരാകാനുള്ള തീരുമാനമെടുക്കുക. പിന്നീട് ഇതില്‍ നിന്നും പുറത്തുവരണമെന്ന് ഇവര്‍ ആഗ്രഹിച്ചാലും സമൂഹത്തേയും സഭയേയും ഭയന്ന് ഇവര്‍ക്കത് സാധിക്കുന്നില്ല. 

ഇതുപോലുള്ള സാഹചര്യങ്ങളില്‍ കുമ്പസാരകൂടിന് മുന്നില്‍ ലൈംഗീകതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്ത്രീകളും പെണ്‍കുട്ടികളും വെളിപ്പെടുത്തുമ്പോള്‍ ശാരീരികമായ മാറ്റങ്ങള്‍ വൈദികരുടെ ശരീരത്തിലുമുണ്ടാകുന്നു. പുരോഹിതശാപം ഭയന്ന് വിശ്വാസികള്‍ ഇത്തരം കാര്യങ്ങള്‍ അവഗണിക്കുന്നു. 

കൗമാരക്കാരായ പെണ്‍കുട്ടികളെയാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ അലട്ടുന്നത്. മനപൂര്‍വ്വം തെറ്റുകള്‍ മറച്ചുവയ്ക്കുന്നത് പാപമാണെന്ന ചിന്ത ഇവരുടെ ഉള്ളിലുള്ളപ്പോള്‍ കുമ്പസാരകൂടിന് മുന്നില്‍ എല്ലാം കൗമാരക്കാരായ പെണ്‍കുട്ടികള്‍ എല്ലാം തുറന്നു പറയുന്നു. എന്നാല്‍ ഈ കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് പുരോഹിതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ചോദ്യങ്ങളും, വൈദീകരുടെ തെറ്റായ നോട്ടം പോലും സെക്ഷന്‍ 509 പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാവുന്നതാണ്.  

പാപികളെ പുണ്യാളരാക്കാനുള്ള നീക്കം

അഭയ കേസിലും, മറിയക്കുട്ടി വധക്കേസിലും തെറ്റുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സഭ സ്വീകരിച്ചത്. ഇവരെ പുണ്യാളരായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം വരെ സഭയുടെ ഭാഗത്ത് നിന്നുമുണ്ടായി. എന്നാല്‍ കൊട്ടിയൂര്‍ പീഡനം ഉള്‍പ്പെടെ കൂടുതല്‍ തെളിവുകളോടെ കേസുകള്‍ പുറത്തുവരുമ്പോള്‍ സഭയ്ക്ക് ഇവരെ സംരക്ഷിക്കുന്നതില്‍ നിന്നും പിന്മാറേണ്ടി വരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com