കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ വഞ്ചനയും ചതിയുമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍

ഓരോ ചെറിയ കാര്യങ്ങളില്‍പ്പോലും കൃത്രിമം കാണിച്ചുകൊണ്ടായിരുന്നു പ്രവേശന നടപടികള്‍ക്കായി കോളേജുകള്‍ ഒരുങ്ങിയത്.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ വഞ്ചനയും ചതിയുമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ അഡ്മിഷന്‍ റദ്ദ് ചെയ്തുകൊണ്ട് സുപ്രീംകോടതി തീരുമാനത്തിലേക്കെത്തിച്ച ജസ്റ്റിസ് ജെയിംസ് അധ്യക്ഷനായ പ്രവേശന മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ കോളേജുകള്‍ കാണിച്ച വന്‍വഞ്ചനയുടെ കഥകള്‍. ഓരോ ചെറിയ കാര്യങ്ങളില്‍പ്പോലും കൃത്രിമം കാണിച്ചുകൊണ്ടായിരുന്നു പ്രവേശന നടപടികള്‍ക്കായി കോളേജുകള്‍ ഒരുങ്ങിയത്. ഹൈക്കോടതി ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടും പലതും നടപ്പാക്കുന്നതില്‍ കോളേജുകള്‍ അലംഭാവം കാണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
1. കോളേജുകളിലേക്കുള്ള പ്രവേശനത്തിനായ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി വെബ്‌സൈറ്റ് വേണമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇതിനായി വെബ്‌സൈറ്റുണ്ടാക്കാന്‍ പോലും കോളേജുകള്‍ തയ്യാറായില്ല. തുടര്‍ന്ന് സമാന്തരമായി മറ്റൊരു വെബ്‌സൈറ്റുണ്ടാക്കിയെങ്കിലും, ഇക്കാര്യം കോളേജിന്റെ സ്വന്തം വെബ്‌സൈറ്റില്‍ അറിയിപ്പ് നല്‍കിയില്ല. അപേക്ഷ അയയ്‌ക്കേണ്ട പ്രത്യേക വെബ്‌സൈറ്റിന്റെ വിലാസം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതിന് ഇത് തടസ്സമുണ്ടാക്കുകയാണ് ചെയ്തത്.

2. പ്രവേശന നടപടികള്‍ പുരോഗമിക്കുന്ന സമയത്തുതന്നെ കോളേജ് വെബ്‌സൈറ്റില്‍ അഡ്മിഷന്‍ അവസാനിച്ചുവെന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒട്ടും സുതാര്യമായിരുന്നില്ല ഇക്കാര്യങ്ങളിലൊന്നും കോളേജുകളുടെ നടപടി.

3. പ്രവേശന മേല്‍നോട്ട സമിതിയുടെ ശുപാര്‍ശ പ്രകാരം വെബ്‌സൈറ്റില്‍ അപേക്ഷകള്‍ തരംതിരിച്ച് നല്‍കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും കോളേജുകള്‍ അലംഭാവമായിരുന്നു കാട്ടിയിരുന്നത്. ഓണ്‍ലൈന്‍ പരാതികള്‍ സ്വീകരിക്കാനുള്ള സംവിധാനങ്ങളൊന്നും കോളേജുകള്‍ നടപ്പാക്കിയിരുന്നില്ല.

4. പ്രവേശനത്തിനായുള്ള പ്രോസ്പക്ടസ് പ്രസിദ്ധീകരിക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതി രണ്ടുതവണ നോട്ടീസ് നല്‍കിയിട്ടും കോളേജ് അതൊക്കെയും തള്ളുകയായിരുന്നു.

5. പ്രവേശന മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശങ്ങളെല്ലാം പാടെ അവഗണിച്ച കോളേജുകള്‍ക്കെതിരെ നിരവധി പരാതികള്‍ പ്രവേശന മേല്‍നോട്ട സമിതിയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പ്രവേശന മേല്‍നോട്ട സമിതി ചൂണ്ടിക്കാട്ടിയ പരാതികളില്‍ ഒരു നടപടിയും എടുത്തില്ല. ഹൈക്കോടതി ഉത്തരവുകള്‍പോലും ലംഘിക്കപ്പെട്ടു. മെഡിക്കല്‍ കോളേജുകള്‍ നടത്തിയ പ്രവേശനം തടഞ്ഞ് സെന്‍ട്രലൈസ്ഡ് കൗണ്‍സിലിംഗ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവേശനം നടത്തണമെന്ന സുപ്രീംകോടതി വിധി പോലും കോളേജുകള്‍ അട്ടിമറിക്കുകയായിരുന്നു.

6. അപേക്ഷിവര്‍ക്ക് മെറിറ്റ് നോക്കി സ്‌പോട്ട് അഡ്മിഷന്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോളേജ് രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ പറ്റിയിരുന്നില്ല. കോടതിയുടെ പ്രവേശന ഉത്തരവുകളെല്ലാം ലംഘിച്ചു. ഹൈക്കോടതി വീണ്ടും നിര്‍ദ്ദേശിച്ചെങ്കിലും കോളേജുകളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ല.

7. പ്രവേശന മേല്‍നോട്ട സമിതി ഒരു ഓണ്‍ലൈന്‍ അപേക്ഷയുടെ ഫോം സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം വച്ചു. എന്നാല്‍ കോളേജുകള്‍ സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷാഫോം വ്യാജമായിരുന്നു. മെഡിക്കല്‍ കോളേജിന്റെ പേരു പോലുമില്ലാത്ത 'തട്ടിക്കൂട്ട്' അപേക്ഷാ ഫോമായിരുന്നു അത്. അപേക്ഷകന്റെ ഫോട്ടോ പതിക്കുന്നതിനോ ഒപ്പിടുന്നതിനോ ഉള്ള കോളംപോലുമില്ലാത്ത തീയതി രേഖപ്പെടുത്താത്ത അപേക്ഷയായിരുന്നു അത്. തിടുക്കം പിടിച്ച് സി.ഇ.ഇയുടെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു കോളേജുകളുടെ ലക്ഷ്യം.

പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകളില്‍പ്പോലും കൃത്യത പാലിക്കാതെ അലംഭാവത്തിനപ്പുറം ഹൈക്കോടതി വിധികളുടെ ലംഘനമടക്കമാണ് കോളേജുകള്‍ നടത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രവേശനം ലഭിച്ചുവെന്ന് കോളേജുകള്‍ അവകാശപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ലിസ്റ്റില്‍പ്പോലും കോളേജ് കൃത്രിമം കാട്ടിയതായി വ്യക്തമാണ്. കൃത്രിമം കാട്ടിയും നിയമത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ തട്ടിക്കൂട്ടിയുമാണ് കണ്ണൂര്‍, കരുണ കോളേജുകള്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായാണ് പ്രവേശന മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com