ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സഹകരിച്ചില്ല, കെപിസിസി സാമ്പത്തിക പ്രയാസത്തിലായി: സുധീരന്റെ രാജിയെക്കുറിച്ച് രാമചന്ദ്രന്‍ മാസ്റ്റര്‍

കെപിസിസി പ്രസിഡന്റ് പദം സ്വീകരിക്കില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ആത്മാര്‍ഥതയുള്ളതല്ല. ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റ് ആയാല്‍ അദ്ഭുതപ്പെടേണ്ടതില്ല.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സഹകരിച്ചില്ല, കെപിസിസി സാമ്പത്തിക പ്രയാസത്തിലായി: സുധീരന്റെ രാജിയെക്കുറിച്ച് രാമചന്ദ്രന്‍ മാസ്റ്റര്‍

കൊച്ചി: വിഎം സുധീരന്‍ കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞതോടെ കേരളത്തിലെ കോണ്‍ഗ്രസിന് ആദര്‍ശമുഖം നഷ്ടമായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍. സുധീരന്റെ രാജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പങ്കില്ലെന്ന് പറയാനാവില്ലെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ സമകാലിക മലയാളത്തോടു പറഞ്ഞു.

ആദര്‍ശ രാഷ്ട്രീയത്തിന്റെയും പ്രായോഗിക രാഷ്ട്രീയത്തിന്റെയും രണ്ടു ധാരകള്‍ കോണ്‍ഗ്രസില്‍ എന്നും ഉണ്ടായിരുന്നു. പാര്‍ട്ടിക്കു പ്രവര്‍ത്തിക്കുന്നതിനുള്ള പണം കണ്ടെത്തുക എന്ന ദൗത്യം എന്നും നിര്‍വഹിച്ചിരുന്നത് പ്രായോഗിക രാഷ്ട്രീയത്തിന്റെ മുഖങ്ങളായി നിന്നവര്‍ ആയിരുന്നു. അങ്ങനെയല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാനാവില്ല. പാര്‍ട്ടിയുടെ ഫണ്ട് പിരിവ് എന്നത് ഒരു ജനസമ്പര്‍ക്ക പരിപാടിയാണ്. ഓരോ കുടുംബവുമായും പാര്‍ട്ടിയുടെ ബന്ധം ഉറപ്പിക്കാനാണ് അത് ഉപകരിക്കുക. പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവണമെങ്കില്‍ സമ്പന്നരില്‍നിന്നു പണം കിട്ടണം. കെപിസി ഇപ്പോള്‍ സാമ്പത്തിക പ്രയാസത്തിലാണ് എന്നത് വസ്തുതയാണെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

എകെ ആന്റണി ഒരു കാലത്തും നിക്ഷിപ്ത താത്പര്യക്കാരുമായി ഒത്തുതീര്‍പ്പിനു നില്‍ക്കാത്ത നേതാവാണ്. അദ്ദേഹത്തിന്റെ കാലത്ത് ഫണ്ടു പിരിവിലും മറ്റും മറ്റുള്ളവര്‍ സഹായിക്കുകയായിരുന്നു. അങ്ങനെയേ പാര്‍ട്ടിക്കു പ്രവര്‍ത്തിക്കാന്‍ പറ്റൂ. സുധീരന്റെ കാലത്ത് അങ്ങനെയൊരു സഹായം ഉണ്ടായില്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അദ്ദേഹത്തോട് സഹകരിച്ചിട്ടില്ലെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് പദം സ്വീകരിക്കില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ആത്മാര്‍ഥതയുള്ളതല്ല. ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റ് ആയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. സുധീരന്റെ രാജിയിലൂടെ പാര്‍ട്ടിയില്‍ ഒരു വിടവുണ്ടായിട്ടുണ്ടെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com