'പ്ലീസ് പോലീസേ, എനിക്ക് പ്രണയിക്കണം, എന്റെ അമ്മയെ ഒന്ന് ജയിലിലടക്കൂ': പതിനെട്ടുകാരന്റെ രോദനം!

''എന്റെ അമ്മയെ ജയിലിലടയ്ക്കണം. എന്നെ സ്വസ്ഥമായി പ്രണയിക്കാന്‍ വിടുന്നില്ല.''
'പ്ലീസ് പോലീസേ, എനിക്ക് പ്രണയിക്കണം, എന്റെ അമ്മയെ ഒന്ന് ജയിലിലടക്കൂ': പതിനെട്ടുകാരന്റെ രോദനം!

കൊച്ചി: മൂവാറ്റുപുഴയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ സ്ഥിരമായി എത്തുന്ന ഒരു പരാതിയായിരുന്നു ഇത്. ''എന്റെ അമ്മയെ ജയിലിലടയ്ക്കണം. എന്നെ സ്വസ്ഥമായി പ്രണയിക്കാന്‍ വിടുന്നില്ല.'' പതിനെട്ടു വയസ്സുകാരനാണ് മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ വിചിത്രമായ പരാതിയുമായി എന്നും എത്തിയിരുന്നത്. ആദ്യമൊക്കെ അനുനയത്തില്‍ പറഞ്ഞുവിട്ടെങ്കിലും പരാതിയുമായി പതിനെട്ടുകാരന്റെ വരവില്‍ ഒട്ടും കുറവുണ്ടായില്ല. ആവശ്യം അമ്മയെ അറസ്റ്റുചെയ്യണം എന്നതുതന്നെ. പയ്യന് അതിലൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ പറ്റില്ലത്രെ!
പോലീസ് ഏതായാലും കേസ് ഏറ്റെടുത്തു. പോലീസ് പയ്യനെയും അറസ്റ്റു ചെയ്ത് ജയിലിലടയ്‌ക്കേണ്ട അമ്മയെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. അപ്പോഴാണ് സംഗതി സീരിയസാണെന്ന് പോലീസിന് മനസ്സിലായത്. പ്രണയം പയ്യന്റെ തലയ്ക്കു പിടിച്ചിരിക്കുകയാണ്. പതിനെട്ടു വയസ്സായെന്നത് പ്രണയിക്കാനുള്ള ലൈസെന്‍സായെന്നാണ് കക്ഷിയുടെ വാദം. നിസ്സഹായയായ അമ്മ എന്തു ചെയ്യാന്‍? എന്നാപ്പിന്നെ അവന്‍ പ്രണയിച്ചോട്ടെ സാറേ എന്നായി ആ അമ്മ. പോലീസ് ഉടനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളെക്കൂടി സ്റ്റേഷനിലേക്ക് എത്തിച്ചു.
പോലീസിനെ കടത്തിവെട്ടി പയ്യന്‍തന്നെ പെണ്‍വീട്ടുകാരോട് കാര്യം പറഞ്ഞു. ''അതേയ്, ഞാന്‍ നിങ്ങളുടെ കുട്ടിയെ പ്രണയിക്കുകയാണ്. ഞങ്ങള്‍ക്ക് പ്രണയിച്ച് നടക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കിട്ടണം.''
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഞെട്ടിയില്ല; കാരണം നേരത്തേതന്നെ പയ്യന്‍ ഈ ആവശ്യവുമായി എത്തിയിട്ടുള്ളതാണ്. ആ വകയില്‍ പെണ്‍കുട്ടിയ്ക്കും പയ്യനോട് ഒരു താല്‍പര്യം തോന്നിയിട്ടുണ്ട്. ജോലിയൊക്കെ ലഭിച്ച് കല്യാണം കഴിച്ചതിനുശേഷം പ്രണയം എന്നായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍. പയ്യന്‍ ഒട്ടും സമ്മതിച്ചില്ല; പ്രണയം, പ്രണയമല്ലാതെ മറ്റൊന്നും മനസ്സിലില്ലത്രെ.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തങ്ങളുടെ വാദത്തില്‍ ഉറച്ചുനിന്നപ്പോള്‍ പയ്യന്‍ സ്റ്റേഷനില്‍നിന്നും ഇറങ്ങിയോടി. പോലീസ് പിന്നാലെയും. പിടിച്ചുകൊണ്ടുവന്ന് 'താന്‍ കെട്ടിയശേഷം പ്രേമിച്ചാമതി' എന്ന് പോലീസും പെണ്‍വീട്ടുകാരും പറഞ്ഞു. പയ്യന്‍ ശരിക്കും പെട്ടു. പരാതി തിരികെ വാങ്ങി സ്വന്തം അമ്മയെ ചേര്‍ത്തുപിടിച്ച് പുറത്തേക്കിറങ്ങിക്കൊണ്ട് പയ്യന്‍ സങ്കടത്തോടെ പറഞ്ഞു: ''എനിക്ക് പരാതിയില്ല.''
പോലീസുകാര്‍ക്ക് പുതുമണവാളന്റെ പോക്കു കണ്ടപ്പോള്‍ മനസ്സിലേക്കുവന്നത് ഒരു ട്രോളാണത്രെ. സലിംകുമാറിന്റെ മണവാളന്‍ ഡയലോഗ്: ''സഖാക്കളെ, കേരള ഫയര്‍ഫോഴ്‌സിനും ഇവിടുത്തെ നാട്ടുകാര്‍ക്കും മണവാളന്‍ ആന്റ് സണ്‍സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു...''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com