ഇന്നലെ നടന്ന രണ്ട് 'ആനക്കലി' വീഡിയോ കാണാം

ഒന്നാമത്തെ വീഡിയോയില്‍ ക്ഷേത്രത്തിനകത്ത് ആന മറ്റൊരാനയെ കുത്തി. രണ്ടാമത്തെ വീഡിയോയില്‍ ചങ്ങലയ്ക്കിട്ടതിന്റെ അസ്വസ്ഥതകളാണ് ആന കാണിച്ചുകൊണ്ടിരിക്കുന്നത്.
ഇന്നലെ നടന്ന രണ്ട് 'ആനക്കലി' വീഡിയോ കാണാം

കൊച്ചി: യാതൊരു സുരക്ഷയും മാനദണ്ഡങ്ങളും കണക്കിലെടുക്കാതെ കനത്തചൂടിലും കേരളത്തില്‍ ആനകളെ എഴുന്നള്ളിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ രണ്ട് ആനക്കലിയാണ് ഈ വീഡിയോയിലുള്ളത്. അന്ധരായതും പരാലിസിസ് ബാധിച്ചതുമായ ആനകളെ നിയമവിരുദ്ധമായി എഴുന്നള്ളിപ്പിനെത്തിക്കുന്നു എന്ന ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പരാതികളെ അവഗണിച്ചുകൊണ്ടാണ് മിക്കവാറും ആനയെ എഴുന്നള്ളിപ്പിനെത്തിക്കുന്നത്.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചും ഉടമസ്ഥന്‍ ആരെന്ന് അറിയാത്തതുമായ ആനകള്‍വരെ എഴുന്നള്ളത്തിനെത്തുന്നുണ്ട്. ആസാമില്‍നിന്നും മറ്റും അനധികൃതമായി കൈമാറി അടുത്തകാലത്ത് കേരളത്തിലെത്തിയ ആനകള്‍വരെ ഇക്കൂട്ടത്തിലുണ്ടെന്നും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് പറയുന്നു.

ഒന്നാമത്തെ വീഡിയോയില്‍ ക്ഷേത്രത്തിനകത്ത് ആനയെ വരിവരിയായി നടത്തിച്ച് ആനകള്‍ക്ക് മുന്നില്‍ പൂജ നടത്താനുള്ള ഒരുക്കമാണ് കണ്ടത്. അതിനിടയിലായിരുന്നു ആന മറ്റൊരാനയെ കുത്തിയത്. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. മാവേലിക്കരയിലെ ഒരു ക്ഷേത്രത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്നതായിരുന്നു സംഭവം.
ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തില്‍ ഇതേമട്ടില്‍ ആനകളെ എഴുന്നള്ളിച്ച് വരവേല്‍ക്കുന്നതിനായി ഒരു ചടങ്ങ് നടത്താനൊരുങ്ങവെ ആന ഓടിയിരുന്നു. ഏഴ് പൂജാരിമാര്‍ ആനയ്ക്ക് മുന്നില്‍ പൂജയ്ക്ക് ഒരുങ്ങവെയായിരുന്നു അന്ന് ആന ഓടിയത്. ഇവര്‍ തറയില്‍ ഇരുന്നിരുന്നുവെങ്കില്‍ ജീവഹാനിവരെ സംഭവിക്കുമായിരുന്നു. ഇത്തരത്തിലുള്ള ചടങ്ങുകളെല്ലാം പുതുതായി ഉണ്ടാക്കിയെടുക്കുന്നതാണെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് ആരോപിക്കുന്നു.

രണ്ടാമത്തെ വീഡിയോ തൃശൂരിലെ പഴയന്നൂര്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച വൈകിട്ടോടെ സംഭവിച്ചതാണ്. ഈ ആന അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ട് കേരളത്തിലേക്കെത്തിയതാണ്. ചങ്ങലയ്ക്കിട്ടതിന്റെ അസ്വസ്ഥതകളാണ് ആന കാണിച്ചുകൊണ്ടിരിക്കുന്നത്. എഴുന്നള്ളിക്കുന്നതിനുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്നും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് പറയുന്നു.

തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ എഴുന്നള്ളിപ്പ്(പത്തുദിവസം മുമ്പ് നടന്നത്) പ്രമുഖ ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാഴ്ചശക്തിയില്ലാത്തതിനെത്തുടര്‍ന്ന് എറണാകുളം, മലപ്പുറം, പാലക്കാട് കളക്ടര്‍മാര്‍ എഴുന്നള്ളിപ്പില്‍നിന്നും വിലക്കിയിരുന്നു. എന്നാല്‍ ഈ ആനയെ പാപ്പാന്‍മാരുടെ സഹായത്താല്‍ എഴുന്നള്ളിക്കാമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. രാമചന്ദ്രനെ തൃശൂരില്‍ പല ഭാഗത്തും ഇപ്പോഴും എഴുന്നള്ളിച്ചുകൊണ്ടിരിക്കുകയാണ്. ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് ഈ സംഭവത്തിലും പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com