മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ കുത്തും കോമയും

''അതൊന്നും ബല്യ ഇശ്യൂ ആക്കേണ്ട'' എന്ന് പറയാറുള്ള കുഞ്ഞാലിക്കുട്ടി ഇത്തവണ കുത്തും കോമയിലും പിടിച്ചു.
മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ കുത്തും കോമയും

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ചൂടുപിടിച്ചുനില്‍ക്കുമ്പോള്‍ കുത്തും കോമയുമാണ് താരങ്ങള്‍. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ ഒരു കോളം ഒഴിച്ചിട്ടതോടെയാണ് കുത്തും കോമയുമൊക്കെ തെരഞ്ഞെടുപ്പില്‍ താരമാകുന്നത്. ബി.ജെ.പി.യായിരുന്നു ഇക്കാര്യത്തില്‍ ഏറ്റവുംകൂടുതല്‍ പ്രശ്‌നമുണ്ടാക്കിയത്. ''അതൊന്നും ബല്യ ഇശ്യൂ ആക്കേണ്ട'' എന്ന് പറയാറുള്ള കുഞ്ഞാലിക്കുട്ടി ഇത്തവണ കുത്തും കോമയിലും പിടിച്ചു.
''എന്റെ ഒരു കോളം വിട്ടത് ഇശ്യൂ ആക്കുന്ന ആളുകള്‍ക്ക് കേന്ദ്രത്തിലേക്ക് ഞങ്ങളെത്തുന്നതിന്റെ പ്രശ്‌നാണ്. അങ്ങനെ പ്രശ്‌നമുണ്ടാക്കുന്നവര്‍ അവരുടെ പത്രികയില് എത്ര കുത്തും കോമയുമിട്ട് എന്ന് നോക്കുന്നത് നല്ലതാണ്.'' കുത്തും കോമയും തെരഞ്ഞെടുപ്പില്‍ കയറി ഫുള്‍സ്റ്റോപ്പില്ലാതെ നിന്നു.
ഈ സമയത്താണ് ഇടതുപക്ഷത്തിനുനേരെ ഒരു കുത്ത് കിട്ടിയത്. മന്ത്രി എ.കെ. ശശീന്ദ്രന്റേതെന്ന് പറഞ്ഞ് അശ്ലീല ചുവയുള്ള ഫോണ്‍സംഭാഷണം ഒരു ചാനല്‍ പുറത്തുവിട്ടതായിരുന്നു ആ കുത്ത്. എന്നാല്‍ മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ട് ധാര്‍മ്മികത പുലര്‍ത്തിയതാണ് ഇടതുപക്ഷം മലപ്പുറത്ത് കുത്തിനെ കോമയാക്കി മാറ്റുന്നത്. ആരോപണങ്ങള്‍ പലതുണ്ടായിട്ടും രാജിവയ്ക്കാന്‍ യു.ഡി.എഫ്. ഭരണത്തിലുണ്ടായിരുന്ന കാലത്ത് തയ്യാറായിട്ടില്ലെന്ന് പ്രത്യാക്രമണം നടത്തിയാണ് ഇടതുപക്ഷം പ്രചരണം നടത്തുന്നത്.
ഇതിനിടയില്‍ പാലായില്‍നിന്നും യു.ഡി.എഫിനെ കുത്തിക്കൊണ്ട് നില്‍ക്കുന്ന കെ.എം. മാണി മലപ്പുറത്തെത്തിയിട്ടുണ്ട്. വാക്കുകളില്‍ കുത്തും കോമയും എവിടെയൊക്കെ ഇടണമെന്ന് നന്നായി അറിയാവുന്നയാളാണ് കെ.എം. മാണി. കോണ്‍ഗ്രസ്, ലീഗ്, (കോമ) കേരള കോണ്‍ഗ്രസ് മാണി എന്നത് യു.ഡി.എഫിനൊപ്പം ചേര്‍ക്കണമെന്ന യു.ഡി.എഫിന്റെ ആഗ്രഹം കുത്തിട്ട് നിര്‍ത്തിയിട്ടിരിക്കുകയാണ് തല്‍ക്കാലം മാണി. കുഞ്ഞാലിക്കുട്ടിയോടുള്ള പ്രത്യേക സ്‌നേഹം പരിഗണിച്ചാണ് എത്തിയതെന്ന് കെ.എം. മാണി യു.ഡി.എഫുമായുണ്ടാക്കിയ കുത്തിനെ അടിവരയിട്ടു. എന്നാല്‍ പാലയും പാണക്കാടും തമ്മിലുള്ള ബന്ധം അരനൂറ്റാണ്ടായിട്ടുള്ളതാണെന്നും ഈ വരവ് യു.ഡി.എഫിലേക്കുള്ള ഒരു പാലമായിട്ടും ആരും കാണേണ്ട എന്നും മാണി പറഞ്ഞതോടെ ആ ബന്ധത്തിന് ഒരു കുത്തിട്ടു. കുത്തും കോമയുമില്ലാത്ത പിന്തുണ മാണി കോണിയ്ക്കും അതിനുള്ള സന്തോഷം കോണി, മാണിയ്ക്കും നല്‍കി.
ബി.ജെ.പി. പാളയത്തിലുമുണ്ടായി കുത്തുകള്‍. വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്ത് ബി.ജെ.പി. ജയിക്കില്ലെന്ന് പറഞ്ഞ് തുടങ്ങിയ കുത്തിന് സി.കെ. പത്മനാഭന്‍ വെള്ളാപ്പള്ളിയില്ലെങ്കിലും സമുദായം തങ്ങളുടെ കൂടെയാണ് എന്നൊരു മറുകുത്ത് നല്‍കി.
കത്തു പാട്ടുകളുടെ നാടാണ് മലപ്പുറം. മൊബൈല്‍ഫോണിന്റെ വ്യാപനത്തോടെ കുത്തിട്ട കത്തുപാട്ടുകള്‍ ഇനി കേള്‍ക്കാന്‍ കഴിയുന്നത് തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ്. കത്തുപാട്ടുകള്‍ക്ക് സ്വതസിദ്ധമായിട്ടുള്ള സംഗീതമെടുത്താണ് പ്രചരണപ്പാട്ടുകള്‍ തയ്യാറാക്കിയത്. തീപാറുന്ന പ്രചരണ കോലാഹലങ്ങള്‍ക്കൊപ്പം കുത്തിടാതെ വേനല്‍ ചൂട് കത്തുകയുമാണ് മലപ്പുറത്ത്.(കുത്ത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com