ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞത് ഫോണ്‍സംഭാഷണം നിഷേധിക്കാതെ

ഫോണ്‍ സംഭാഷണം ചാനല്‍ പുറത്തുവിട്ടത് താന്‍ കേട്ടിട്ടില്ലെന്നുമാത്രമായിരുന്നു പറഞ്ഞത്
ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞത് ഫോണ്‍സംഭാഷണം നിഷേധിക്കാതെ

കോഴിക്കോട്: മന്ത്രിയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ഫോണ്‍ സംഭാഷണം തന്റേതല്ലെന്ന് നിഷേധിച്ച് പറയാതെയാണ് മന്ത്രിസ്ഥാനം ഒഴിയുന്നതായി എ.കെ. ശശീന്ദ്രന്‍ പ്രഖ്യാപിച്ചത്.
മാധ്യമങ്ങളുടെ പല വിധത്തിലുള്ള ചോദ്യങ്ങളില്‍നിന്നും തന്ത്രപരമായ മറുപടികൊണ്ട് ചെറുത്തുനിര്‍ത്തിയ ശശീന്ദ്രന്‍ ഫോണ്‍ സംഭാഷണം ചാനല്‍ പുറത്തുവിട്ടത് താന്‍ കേട്ടിട്ടില്ലെന്നുമാത്രമായിരുന്നു പറഞ്ഞത്. അത് കേള്‍ക്കാതെ, തന്റെ ശബ്ദം തന്നെയാണോ എന്ന് ഉറപ്പുവരുത്താതെ പിന്നെന്തിനാണ് രാജി വയ്ക്കുന്നത് എന്ന ചോദ്യത്തിന് തന്നെക്കുറിച്ച് ഒരു ആരോപണം വന്നാല്‍ രാഷ്ട്രീയധാര്‍മ്മികതയുള്ളതുകൊണ്ട് രാജിവയ്ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഫോണ്‍സംഭാഷണത്തില്‍ ഗോവയിലാണ് താനിപ്പോള്‍ എന്നു പറയുന്നുണ്ട്. അടുത്തെങ്ങാനും ഗോവയില്‍ പോയിരുന്നോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം പോയിരുന്നു എന്ന് മറുപടി. അവിടെ നിന്ന് ആരോടെങ്കിലും ഫോണില്‍ സംസാരിച്ചിരുന്നോ എന്നതിന്, സംസാരിച്ചിട്ടുണ്ട്, പക്ഷെ ആരോടും മോശമായി പെരുമാറിയിട്ടില്ല എന്നുമായിരുന്നു ശശീന്ദ്രന്റെ മറുപടി.
ആ ഫോണ്‍സംഭാഷണമൊന്നും തന്റേതല്ലെങ്കില്‍ പിന്നെന്തിനാണ് രാജി എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിനും അത് മുഖ്യമന്ത്രിയും പാര്‍ട്ടിയും അന്വേഷിക്കട്ടെ എന്ന് പറഞ്ഞ ശശീന്ദ്രന്‍ വ്യക്തിപരമായ തീരുമാനമാണ് രാജിയെന്നും ഇക്കാര്യത്തില്‍ മാനനഷ്ടക്കേസ് നല്‍കുന്നതൊക്കെ മുഖ്യമന്ത്രിയുടെ അന്വേഷണം നടന്നതിനുശേഷം ആലോചിക്കാം എന്നും പറഞ്ഞു.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായി ഇങ്ങനെയൊരു തീരുമാനമാണ് എടുക്കേണ്ടതെന്ന് ഈ സംഭവം കേട്ടപ്പോള്‍ തോന്നി. മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ശശീന്ദ്രന് സാധിക്കും എന്നായിരുന്നു മറുപടി പറഞ്ഞത്. പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഇതുതന്നെയായിരുന്നു മറുപടി. എന്റെ തീരുമാനമായിരുന്നു രാജി വയ്ക്കുകയാണ് വേണ്ടതെന്നും ശശീന്ദ്രന്‍ പറഞ്ഞു.
രാഷ്ട്രീയ ധാര്‍മ്മികത നോക്കുകയാണെങ്കില്‍ എം.എല്‍.എ. സ്ഥാനവും ഒഴിയേണ്ടതല്ലേ എന്ന ചോദ്യത്തിന് അതിന് സമയമാവട്ടെ എന്നായിരുന്നു മറുപടി. മന്ത്രിക്കസേരയില്‍ ഇരുന്നുകൊണ്ട് ഒരു അന്വേഷണത്തെ നേരിടുന്നത് ശരിയല്ല. മുമ്പ് ഇതുപോലെ ഉണ്ടായ സാഹചര്യത്തില്‍ ഞാന്‍തന്നെ എതിര്‍ത്തിരുന്നു. അപ്പോള്‍ ഞാന്‍ അക്കാര്യത്തില്‍ മാന്യത കാണിക്കേണ്ടതുണ്ടെന്ന് തോന്നി. അന്വേഷണം നടക്കുമ്പോള്‍ എം.എല്‍.എ. സ്ഥാനം തടസ്സമാകുകയാണെങ്കില്‍ ആ സമയത്ത് രാജിവയ്ക്കുന്ന കാര്യവും ആലോചിക്കാം എന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com