ശശീന്ദ്രന്‍ വിളിച്ചു, മുഖ്യമന്ത്രി കൃത്യമായി സൂചന നല്‍കി; പിണറായി മന്ത്രിസഭയിലെ രണ്ടാം രാജിക്കു കളമൊരുങ്ങിയത് ഇങ്ങനെ

മന്ത്രി നടത്തിയത് എന്നു പറയുന്ന സംഭാഷണം ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത് അറിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രിയുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു.
ശശീന്ദ്രന്‍ വിളിച്ചു, മുഖ്യമന്ത്രി കൃത്യമായി സൂചന നല്‍കി; പിണറായി മന്ത്രിസഭയിലെ രണ്ടാം രാജിക്കു കളമൊരുങ്ങിയത് ഇങ്ങനെ

തിരുവനന്തപുരം: എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞത് അദ്ദേഹം പദവിയില്‍ തുടരുന്നതില്‍ താത്പര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായ സൂചന നല്‍കിയതിനെത്തുടര്‍ന്ന്. മന്ത്രി നടത്തിയത് എന്നു പറയുന്ന സംഭാഷണം ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത് അറിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രിയുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. രാജി ആവശ്യപ്പെട്ടില്ലെങ്കിലും സ്ഥാനമൊഴിയുന്നതാണ് നല്ലത് എന്ന സൂചനയാണ് മുഖ്യമന്ത്രി ശശീന്ദ്രനു നല്‍കിയത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെയോ മുന്നണിയെയോ പ്രതിസന്ധിയിലാക്കാന്‍ എകെ ശശീന്ദ്രനു താത്പര്യമുണ്ടായിരുന്നില്ല. കോഴിക്കോട്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ രാജി വയ്ക്കുന്നതിനുള്ള തീരുമാനത്തില്‍ എത്തുംമുമ്പാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടത്. ഉചിതമായ രാഷ്ട്രീയ തീരുമാനമെടുക്കാന്‍ ശശീന്ദ്രന് അറിയാമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ അതാണ് ശരിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് രാജി തീരുമാനം പ്രഖ്യാപിക്കാന്‍ അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്.

ശശീന്ദ്രന്‍ തുടരുന്നപക്ഷം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം ഈ വിഷയത്തില്‍ കേന്ദ്രീകരിക്കുമെന്നാണ് മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും വിലയിരുത്തിയത്. അതുകൊണ്ടുതന്നെ സാങ്കേതിക പഴുതുകള്‍ ഉണ്ടെങ്കിലും ശശീന്ദ്രന്‍ തുടരുന്നത് രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കും എന്ന തീരുമാനത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നു. വിഷയം ഗൗരവത്തോടെ പരിശോധിക്കും എന്നാണ് എന്‍സിപി നേതൃത്വവും ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com