സിസ്റ്റര്‍ അഭയ മരിച്ചിട്ട്‌ കാല്‍നൂറ്റാണ്ട്, കേസ് അട്ടിമറിക്കാന്‍ നരസിംഹറാവുവിനെ സഭ സ്വാധീനിച്ചത് മാര്‍ഗരറ്റ് ആല്‍വ വഴിയെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ 

1993 ഡിസംബറില്‍ ആണ് കേസ് കൊലപാതമാണെന്ന് വ്യക്തമാകുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവാണ് കേസ് അട്ടിമറിച്ചത്
സിസ്റ്റര്‍ അഭയ മരിച്ചിട്ട്‌ കാല്‍നൂറ്റാണ്ട്, കേസ് അട്ടിമറിക്കാന്‍ നരസിംഹറാവുവിനെ സഭ സ്വാധീനിച്ചത് മാര്‍ഗരറ്റ് ആല്‍വ വഴിയെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ 

സിസറ്റര്‍ അഭയയുടെ ദുരൂഹ മരണം സംഭവിച്ചിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്.കേസ് അട്ടിമറിച്ചത് മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഇടപെടലെന്ന് പരാതിക്കാരില്‍ പ്രധാനിയായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. 1993 മുതല്‍ല്‍ 2016 വരെ സിബിഐ കേസ് അന്വേഷിച്ചു. എന്നിട്ടും കൃത്യമായി പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.അല്ലങ്കെില്‍ പ്രതികളെ കണ്ടെത്താന്‍ സിബിഐയെ സമ്മതിച്ചില്ല.കാരണം കേസില്‍ ഉണ്ടായ രാഷ്ട്രീയമായ ഇടപെടലുകളാണ്.കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ ആണ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നത്. 1993 ഡിസംബറില്‍ ആണ് കേസ് കൊലപാതമാണെന്ന് വ്യക്തമാകുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവാണ് കേസ് അട്ടിമറിച്ചതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
 

കേസ് ആദ്യം അന്വേഷിച്ച ഡിവൈഎസ്പി വര്‍ഗീസ് പി തോമസിന്റെ മേല്‍ സിബിഐ എസ്പി ത്യാഗരാജന്‍ കേസ് ആത്മഹത്യയാക്കാന്‍ വേണ്ടി സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ വര്‍ഗീസ് അതിന് വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് ത്യാഗരാജന്‍ വര്‍ഗീസിനെ മാനസികമായി പീഡിപ്പിച്ചു. അവസാനം വര്‍ഗീസ് രാജി വെച്ചുപോയി. പക്ഷേ കേസ് കൊലപാതകമാണെന്ന് അദ്ദേഹം എഴുതിവെച്ചു. ഇത് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന സിബിഐയെ വെട്ടിലാക്കി. ഇതിനെല്ലാം പ്രധാനകാരണം അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവാണ്.അന്നത്തെ സിബിഐ ഡയറക്ടറെ റാവു നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ് കേസ് അട്ടിമറിക്കപ്പെട്ടത്. 

റാവുവിനെ  അതിന് പ്രേരിപ്പിച്ചത് സിബിഐയുടെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന മന്ത്രി മാര്‍ഗരറ്റ് ആല്‍വയാണ്. മാര്‍ഗരറ്റിന് കത്തോലിക്ക ബിഷപുമാരുമായെല്ലാം നല്ല അടുപ്പമാണ്. ഇവര്‍ വഴിയാണ് നരസിംഹ റാവുവവിനെ സഭ സ്വാധീനിച്ചത്. കേസില്‍ ഇപ്പോഴത്തെ പരാതിക്കാരില്‍ പ്രധാനിയായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമകാലിക മലയാളത്തിനോട് പ്രതികരിച്ചു. 


ഇപ്പോഴും എങ്ങുമെത്താതെ കേസിന്റെ വിചാരണ നീണ്ടുപോകുന്നു. സിസ്റ്റര്‍ അഭയയുടെ ഓരോ ചരമ വാര്‍ഷികങ്ങളിലും മാധ്യമങ്ങള്‍ സ്‌പെഷ്യല്‍ സ്‌റ്റോറികള്‍ കൊടുത്ത് സംഭവം സമൂഹത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മകള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി അലഞ്ഞ് ഒടുവില്‍ അഭയയുടെ മാതാപിതാക്കളും ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 25ന് അഭയയുടെ പിതാവും നവംബര്‍ 20ന് മാതാവും മരണത്തിന് കീഴടങ്ങി. 

കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ദുരൂഹ മരണങ്ങളില്‍ ഒന്നാണ് സിസ്റ്റര്‍ അഭയയുടേത്. മരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരേയും സാധിച്ചിട്ടില്ല എങ്കിലും പല കന്യാസ്ത്രീ മഠങ്ങളിലും നടക്കുന്ന മനുഷ്യത്വ രഹിതമായ സംഭവങ്ങള്‍ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാനും ചര്‍ച്ചയാക്കാനും അഭയ കേസിന് സാധിച്ചു. അഭയ കേസിന്റെ നാള്‍ വഴികളിലൂടെ:

1992 മാര്‍ച്ച് 27ന് രാവിലെയാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്നു പറഞ്ഞ് കേസൊതുക്കാന്‍ ശ്രമിച്ച പൊലീസ് പിന്നീട് കൊലപാതകകമാണോ എന്ന് അന്വേഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ വീഴ്ച വരുത്തി. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാല്‍ ക്രൈംബ്രാഞ്ചിനും ആരാണ് യത്ഥാര്‍ത്ഥ പ്രതിയെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. 

1993 മാര്‍ച്ച് 29ന് സംസ്ഥാന സര്‍ക്കാറിന്റെ താത്പര്യ പ്രകാരം കേസ് സിബിഐ ഏറ്റെടുത്തു. തുടര്‍ന്നു നടന്ന അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ഇല്ലെന്നും പ്രതികളെ കണ്ടെത്താന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി മൂന്നു തവണ സിബിഐ റിപ്പോര്‍ട്ട് നല്‍കി. മൂന്നുതവണയും റിപ്പോര്‍ട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. 

ഒടുവില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം കോട്ടയം രൂപതയിലെ വൈദികനായ ഫാ. തോമസ് എം കോട്ടൂര്‍,ഫാ.ജോസ് പൂതൃക്കയ്യില്‍,സിസ്റ്റര്‍ സെഫി എന്നിവരെ കുറ്റാരോപിതരാക്കി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2008 നവംബര്‍ 18ന് മൂവരേയും സിബിഐ അറസ്റ്റ് ചെയ്തു. 2009 ജൂലൈ 17ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച് എട്ടു വര്‍ഷം കഴിയുമ്പോളും കേസ് വിചാരണക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലുള്ള ജഡ്ജി മൂന്നുമാസം കഴിയുമ്പോള്‍ വിരമിക്കും. അങ്ങനെയാണെങ്കില്‍ കേസിന്റെ വിചാരണ ഇനിയും നീണ്ടുപോകും. 

കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയയുടെ കൂടെ താമസിച്ചിരുന്ന സിസ്റ്റര്‍ ഷേര്‍ളി, കോണ്‍വെന്റിലെ പാചകക്കാരായിരുന്ന അച്ചാമ്മ,ത്രേസ്യാമ്മ,കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് മുന്‍ പൊലീസ് സൂപ്രണ്ട് കെ ടി മൈക്കിള്‍ എന്നിവരുടെ നുണപരിശോധന നടത്താന്‍ ഇതുവരേയും സാധിച്ചിട്ടില്ല. ഷേര്‍ളി, അച്ചാമ്മ,ത്രേസ്യാമ എന്നിവരുടെ നുണപരിശോധനയ്ക്ക്‌ അനുതി തേടി സിബിഐ നല്‍കിയ അപേക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ക്രൈബാഞ്ച് മുന്‍ പൊലീസ് സൂപ്രണ്ട് കെ ടി മൈക്കിളന്റെ നുണപരിശോധനയ്ക്കുള്ള അപേക്ഷ ഹൈക്കോടതിയും സ്‌റ്റേ ചെയ്തിരിക്കുകായണ്. ഈ രണ്ടു സ്‌റ്റേകളും ഒഴിവാക്കി കിട്ടാനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ സിബിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സിസറ്റര്‍ അഭയക്ക്‌ നീതി ലഭിക്കാനും ആരാണ് മരണത്തിന് പിന്നില്‍ എന്ന് അറിയാനുമുള്ള കാത്തിരിപ്പ് ഇനിയും അനന്തമായി നീണ്ടുപോകും എന്നാണ് ഇതില്‍ നിന്നൊക്കെ മനസിലാക്കേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com