പിണറായിയെ തള്ളി വിഎസ്;എസ് രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആള്‍ തന്നെ 

മൂന്നാറില്‍ കയ്യേറ്റങ്ങള്‍ വ്യാപകമമായത് യുഡിഎഫ് സമയത്താണ്.ആ സമയത്ത് ചെന്നിത്തല ഉറങ്ങുകയായിരുന്നോ? 
പിണറായിയെ തള്ളി വിഎസ്;എസ് രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആള്‍ തന്നെ 

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. രാജേന്ദ്രനെതിരെ നടപടി വേണമെന്ന ചിന്ത സ്വാഭാവികം. രാജേന്ദ്രനും എംഎം മണിക്കും എതിരെ നടപടി വേണോ എന്ന കാര്യത്തില്‍ നിങ്ങള്‍ തന്നെ തീരുമാനത്തില്‍ എത്തൂവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വിഎസ് പറഞ്ഞു. 

രാജേന്ദ്രന് എതിരേയുള്ള ആരോപണങ്ങള്‍ പഴയതാണെന്ന് മുഖ്യമന്ത്രി
പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് വിഎസ് വാര്‍ത്താ സമ്മേളനത്തില്‍ ദേവികുളം എംഎല്‍എക്കെതിരെ ആഞ്ഞടിച്ചത്. 

മൂന്നാറില്‍ കയ്യേറ്റങ്ങള്‍ വ്യാപകമമായത് യുഡിഎഫ് സമയത്താണ്.ഇപ്പോഴും കയ്യേറ്റങ്ങള്‍ തുടരുന്നുണ്ട്.  മൂന്നാറില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിപ്പിച്ചെടുത്ത ഭൂമി യുഡിഎഫിന്റെ കാലത്ത് വീണ്ടും കയ്യേറി. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഈ കയ്യേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. ആ സമയത്ത് ചെന്നിത്തല ഉറങ്ങുകയായിരുന്നോ? 

വിഎസ് അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യം പരാചയമാണ് എന്നാണല്ലോ ഇപ്പോള്‍ രമേശ് ചെന്നിത്തല കണ്ടെത്തിയിരിക്കുന്നത്. അതിലേക്ക് വരാം. 2006ല്‍ ഇടതുപക്ഷം അധികാരത്തിലെത്തി പിന്നീടുണ്ടായ നടപടികള്‍ കേരളം കണ്ടതാണ്. ഡാറ്റയുടെ ബോര്‍ഡുകള്‍ പറിച്ചെറിഞ്ഞ് പന്തീരായിരത്തില്‍ പരം ഏക്കര്‍ ഭൂമി തിരിച്ചു പിടിച്ചു.യുഡിഎഫിന്റെ അഷുറന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് ഏട്ടിലെ പശുവായിരിക്കാന്‍ സമ്മതിച്ചില്ല.എല്‍ഡിഎഫ് കാലത്ത 92 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു. മൂന്നാറിലെ കയ്യേറ്റക്കാരേയും കുടിയേറ്റക്കാരേയും ഒരു തരത്തിലല്ല ഇടതുമുന്നണി കാണുന്നത്. എല്ലാ കയ്യേറ്റങ്ങളുടേയും ഒരറ്റത്ത് ചെന്നിത്തലയുടെ പാര്‍ട്ടി ഉണ്ടായിരുന്നു എന്ന വസ്ഥുത ആര്‍ക്കാണ് തള്ളിക്കളയാനാകുക. വിഎസ് പറഞ്ഞു. 

വീണ്ടും മൂന്നാറില്‍ റിസോര്‍ട്ടുകള്‍ ഉയര്‍ന്നു. കനത്ത ചൂട് താങ്ങാനാകാതെ മൂന്നാറിലെ തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒഴിപ്പിച്ച ഭൂമിയുടേയും പൊളിച്ച റിസോര്‍ട്ടുകളുടേയും കണക്ക് ഞാന്‍ വെക്കാം. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാറിലേക്ക് തിരിച്ചു പിടിച്ച ഒരേക്കര്‍ ഭൂമിയോ പൊളിച്ചു മാറ്റിയ ഒരു കെട്ടിടമോ കാണിച്ചു തരാമോ? തിരുവഞ്ചൂര്‍ റെവന്യു മന്ത്രിയായിരുന്ന കാലത്ത് കൊട്ടിഘോഷിച്ച് തിരിച്ചു പിടിച്ച ചിന്നക്കനാലിലെ ജോയിസ് റിസോര്‍ട്ട് ഉടമകളുടെ കയ്യില്‍ എങ്ങനെ തിരിച്ചെത്തി എന്ന് ചെന്നിത്തല അന്വേഷിക്കുന്നുണ്ടോ? അന്ന് സ്റ്റോപ് മെമോ കൊടുത്ത് നിര്‍ത്തിയിരുന്ന സ്ഥലങ്ങളില്‍ എല്ലായിടത്തും കെട്ടിടങ്ങള്‍ ഉയര്‍ന്നതും ഉദ്ഘാടനം നടന്നതും മൂന്നാറിലേക്ക് യാത്രപോയ രമേശ് ചെന്നിത്തല നേരിട്ട് കാണും എന്ന് ഞാന്‍ കരുതുന്നു.അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com