മദ്യത്തിന് അധികമായി വാങ്ങുന്ന ആ അഞ്ചു ശതമാനം കുറയ്ക്കൂ സര്‍ക്കാരേ: ഒരു ഗസറ്റഡ് മദ്യപാനിയുടെ കത്ത്

നിര്‍ബന്ധിത മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം. മദ്യപാനത്തെ ഒരിക്കലും ഈ കത്ത് പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഈ കത്തിലെ ഉള്ളടക്കം ഗൗരവതരവുമാണ്.
പ്രതീകാത്മക ചിത്രം- ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ പോലീസിനെ വലച്ച മദ്യപാനി കഥാപാത്രം.
പ്രതീകാത്മക ചിത്രം- ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ പോലീസിനെ വലച്ച മദ്യപാനി കഥാപാത്രം.

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രചരണത്തിനെന്നപേരില്‍ മദ്യത്തിന് അഞ്ചു ശതമാനം നികുതിയേര്‍പ്പെടുത്തുന്നത് നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ടാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മദ്യപാനി ധനമന്ത്രിയ്ക്ക് കത്തയച്ചത്. മദ്യത്തില്‍ അല്‍പം വെള്ളവും സോഡയുമൊക്കെ ചേര്‍ത്ത് ടച്ചിംഗ്‌സും കൂട്ടി കഴിക്കുന്നതുപോലെ ഈ കത്തിന്റെ വീര്യം ഒട്ടും ചോരാതെ അല്‍പം ടച്ചിംഗ്‌സ് പോലെ ഭാവന ചേര്‍ത്ത് കൊടുക്കാമെന്ന കത്തുകാരന്റെ അനുവാദത്തോടെ അവതരിപ്പിക്കുകയാണ്.
''ബഹുമാനപ്പെട്ട ധനമന്ത്രി സാര്‍, ഐ ആം എ ഗവണ്‍മെന്റ് സെര്‍വന്റ്. ഈ തിരോന്തരത്തുതന്നെ ജോലി ചെയ്യണ ഒരാള്. പ്യേര് എന്തരാണെന്ന് ചോയിക്കരുത്. പ്യേര് പറഞ്ഞാ എന്നെ കാസര്‍കോട്ടേക്കോ വയനാട്ടിലേക്കോ ഒക്കെ തട്ടും എന്ന് ഉള്ളില് നല്ല പ്യേടിയിള്ളോണ്ടാണ്.
ബൈ ദ ബൈ നോട്ട് ദ പോയിന്റ്. ഞങ്ങള് ഈ കുടിയന്മാരെ വല്ലാണ്ട് ബുദ്ധിമുട്ടിക്കാനാണ് ഓരോ സര്‍ക്കാരും ശ്രമിക്കുന്നത്. അതായത്, ബാറ് പൂട്ടി. അതിപ്പോ ഈ സര്‍ക്കാര്‍ തുറക്കുമെന്നൊക്കെ പറയുന്നുണ്ട്. ഒന്നും ആയിട്ടില്ല. ഇപ്പോ ദേണ്ടെ ബീവറേജൊക്കെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിക്കളിക്കുകയാണ്. അല്ല ഞങ്ങളെന്തു കുറ്റമാണ് നിങ്ങളോട് ചെയ്തത്? നിങ്ങള് നിശ്ചയിക്കുന്ന തൊകയ്ക്കല്ലേ ഞങ്ങള് വാങ്ങണത്. ആരുണ്ട് ഇത്രയും നീറ്റായി കാര്യങ്ങള്‍ ഡീല്‍ ചെയ്യുന്നവര്. അല്ല പറ?
സംഗതി ഇതൊന്നുമല്ല സാര്‍, ഇതിനേക്കാളും വലിയ ചതിയാണ് നാളുകളായി ഞങ്ങള് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചോയിക്കാനും പറയാനും ആരുമില്ലെന്ന് കരുതി എന്ത് തോന്ന്യവാസവും കാണിക്കാമെന്ന് വിചാരിക്കരുത്.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ലഹരിവിരുദ്ധ പ്രചരണത്തിന് എന്നു പറഞ്ഞ് അഞ്ചുശതമാനം മദ്യത്തിന്റെ വില കൂട്ടിയത്. എന്റെ കാശ്, എന്റെ കരള്.... അതില് കൈയ്യിട്ടുവാരരുതായിരുന്നു!
അഞ്ചുശതമാനം വില കൂട്ടിയിട്ട് നിങ്ങള്‍ക്ക് കിട്ടിയത് വന്‍ ലാഭം. ഒരു ആണ്ടില് ബീവറേജിന്ന് സാധനം വിറ്റ വഴി 10,000 കോടിയാണ് കിട്ടണത്. അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ട് മൂന്നുവര്‍ഷമായി. ഇത്രയും കാലംകൊണ്ട് ലഹരിവിരുദ്ധ പ്രചരണത്തിന് നിങ്ങള്‍ക്ക് കിട്ടിയത് 1500 കോടി രൂപയാണ്. ഞാന്‍ പറഞ്ഞ കണക്ക് ശരിയല്ലേ? വളരെവളരെ ശരിയാണ്. എന്നിട്ടെന്തു ചെയ്തു? സങ്കടമുണ്ട് സാര്‍, ആ 1500 കോടിയില്‍ എന്റെവക ഒരു ഇരുപത്തയ്യായിരമെങ്കിലും കാണണം.
എന്റെ പണമടക്കം നിങ്ങള് വകമാറ്റി ചെലവഴിച്ചു. അല്ല, നിങ്ങള് എന്ത് ലഹരിവിരുദ്ധ പ്രചരണം നടത്തിയെന്നാണ് പറയണത്? എന്നിട്ട് ആരെങ്കിലും കുടി നിര്‍ത്തിയാ? അല്ല കുറച്ചാ? ഇല്ല. എന്തൊരാണ് സര്‍ക്കാരേ ഇത് പറഞ്ഞു പറ്റിക്കണത്?
ലഹരിവിരുദ്ധന്മാര്‍ക്കായി ഒരു വകുപ്പുണ്ടാക്കിയിട്ടുണ്ടല്ലോ, എന്തരാണ് അതിന്റെ പേര്? ങാ.. വിമുക്തി. നാലഞ്ച് വകുപ്പുകളുടെ ചുമതലയുള്ള ഒരു ഏമാനെ പിടിച്ച് അതിന്റെ ചാര്‍ജ്ജും കൊടുത്തു. ആപ്പീസില്ല, പൈസയില്ല, എന്തിനാണ് പറയണത്, ഒരു കസേരപോലും ഇല്ല. എന്നിട്ടാണ് പുതിയ വകുപ്പ്, വിമുക്തി. നയാപൈസ വല്ലതും ഈ വകുപ്പിനു കൊടുത്തോ? ങേഹേ! ഇതൊക്കെ എനിക്കറിയാം. ഈ തിരോന്തരത്തെ ഓഫീസുകളില്‍ത്തന്നെയാണല്ലോ ഞാനും ജോലി ചെയ്യണത്.
ഞങ്ങളുടെ കുടിയില്‍നിന്നും കിട്ടിയ പണം വല്ല കിഫ്ബിയില്‍നിന്നും കിട്ടിയതാണെന്ന് പറഞ്ഞ് നിങ്ങള് വരും. എന്നിട്ട് മറ്റു ചെലവുകള്‍ നടത്തും. ഇതാണ് ഇനി നടക്കാന്‍ പോണ പരിപാടി. അതും ഞങ്ങള്‍ക്കറിയാം. ശാപം കിട്ടും ശാപം. മദ്യത്തീ തൊട്ടു കളിച്ച മന്ത്രിമാരുടെയൊക്കെ അവസ്ഥ അറിയാവല്ല? അതൊക്കെ ഓര്‍ക്കണത് നല്ലത്.
പറഞ്ഞുവന്നത്, ആ അഞ്ചുശതമാനം ഞങ്ങള്‍ക്ക് കുറച്ച് താ. ഇല്ലെങ്കില്‍ ആറ്റുകാല്‍ അമ്മച്ചിയാണേ ഞങ്ങളങ്ങ് കോടതിയില്‍ കയറും. ഞങ്ങളുടെ അവകാശം പിടിച്ചുവാങ്ങും. എന്ത് തോന്നിയവാസവും നടത്താമെന്നാ? ഇത് തുടരാനാണ് പരിപാടിയെങ്കില്‍ നമുക്ക് കോടതിയില്‍ വച്ച് കാണാം.
പറഞ്ഞുവന്നത്, ഇതൊരു അപേക്ഷയായി അങ്ങ് എടുത്ത് ഞങ്ങളുടെ ആവശ്യം പരിഗണിക്കണമെന്നും ഉടനൊരു പരിഹാരം കാണണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
എന്ന്,
വിശ്വസ്തതയോടെ,
വിധേയന്‍,
(ഒപ്പ്)

നിര്‍ബന്ധിത മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം.

(മദ്യപാനത്തെ ഒരിക്കലും ഈ കത്ത് പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഈ കത്തിലെ ഉള്ളടക്കം ഗൗരവതരവുമാണ്.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com