സര്‍ക്കാരല്ല, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ചില പൊലീസുകാരെന്ന് കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത്

ദളിത് യുവാവിനെ ചെങ്ങമനാട് എസ്‌ഐ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ റൂറല്‍ എസ്പി നടപടിയെടുക്കാതിരുന്നതാണ് അന്‍വര്‍ സാദത്ത് എംഎല്‍എയെ പ്രകോപിപ്പിച്ചത്
സര്‍ക്കാരല്ല, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ചില പൊലീസുകാരെന്ന് കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത്

കൊച്ചി: ജനങ്ങള്‍ക്ക് പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന തിക്താനുഭവത്തിന് കാരണക്കാര്‍ സര്‍ക്കാരല്ലെന്നും, ചില പൊലീസ് ഉദ്യോഗസ്ഥരാണെന്നും കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത്. കൊച്ചി റേഞ്ച് ഐജി പി.വിജയനും മറ്റ് എംഎല്‍എമാരും പങ്കെടുത്ത പരിപാടിയില്‍ എറണാകുളം റൂറല്‍ എസ്പി എ.വി.ജോര്‍ജിന്റേയും സാന്നിധ്യത്തിലായിരുന്നു ജോര്‍ജിനെതിരെ അന്‍വര്‍ സാദത്ത് പൊട്ടിത്തെറിച്ചത്. 

ദളിത് യുവാവിനെ ചെങ്ങമനാട് എസ്‌ഐ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ റൂറല്‍ എസ്പി നടപടിയെടുക്കാതിരുന്നതാണ് അന്‍വര്‍ സാദത്ത് എംഎല്‍എയെ പ്രകോപിപ്പിച്ചത്. ദളിത് യുവാവിനെ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തപ്പോള്‍ ആ യുവാവിന് എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ നോക്കിക്കോളാമെന്ന മറുപടിയായിരുന്നു എസ്‌ഐയില്‍ നിന്നും തനിക്ക് ലഭിച്ചത്. ചില എസ്‌ഐമാരുടെ പ്രവര്‍ത്തനം ഭയാനകമാണെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ കുറ്റപ്പെടുത്തി. 

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതും, പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതും ചില പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികളാണ്. ദളിത് യുവാവിന് മര്‍ദ്ദനമേറ്റ സംഭവം ചൂണ്ടിക്കാട്ടി ഫെബ്രുവരി 22ന് താന്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്ന റൂറല്‍ എസ്പി അത് പൂഴ്ത്തുകയാണുണ്ടായത്. 

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് എസ്പി നടപടി സ്വീകരിക്കാതിരുന്നതെന്ന് വിശ്വസിക്കുന്നില്ലെന്നും, ജോര്‍ജിനെ പോലുള്ള പൊലീസുകാരാണ് സര്‍ക്കാരുകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നതെന്നും അന്‍വര്‍ സാദത്ത് ആരോപിച്ചു. 

എന്നാല്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം നടത്തിയിരുന്നെന്നും, എസ്‌ഐക്കെതിരെ നടപടിയെടുക്കാന്‍ മാത്രമുള്ള കാരണങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയില്ലെന്നുമാണ് എറണാകുളം റൂറല്‍ എസ്പി എ.വി.ജോര്‍ജിന്റെ വിശദീകരണം. 

ഒരു എംഎല്‍എയ്ക്ക് ഇതാണ് അനുഭവമെങ്കില്‍ ഈ എസ്പിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ എങ്ങിനെയാണ് ജനങ്ങളേയും ജനപ്രതിനിധികളേയും ബഹുമാനിക്കുകയെന്നും അന്‍വര്‍ സാദത്ത് ചോദിക്കുന്നു. ഈ എസ്പിയെ വെച്ചുകൊണ്ട് ജനമൈത്രി പൊലീസ് പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നില്ല.റൂറല്‍ പൊലീസ് സ്റ്റേഷനുകളില്‍ പലതും നിലവാരത്തിലേക്ക് ഉയരുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com