ഞാന്‍ ഇവിടെത്തന്നെ ഉണ്ട്: റഊഫ്

മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ റഊഫ് എവിടെയെന്ന അന്വേഷണമായിരുന്നു എങ്ങും. എങ്ങും പോകുന്നില്ലെന്നാണ് റഊഫിന്റെ ഉത്തരം
ഞാന്‍ ഇവിടെത്തന്നെ ഉണ്ട്: റഊഫ്

റഊഫ് എവിടെ എന്ന് അന്വേഷിച്ചു തുടങ്ങിയത് മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നതിനും വളരെ മുന്‍പാണ്. ഇ. അഹമ്മദിന്റെ വിയോഗത്തിനും മുന്‍പ്. റഊഫ് ഇപ്പോള്‍ എന്തുചെയ്യുന്നു, എന്തു പറയുന്നു എന്ന് അറിയാന്‍ കേരളത്തിന് ആകാംക്ഷയുണ്ടാവുക സ്വാഭാവികം. കേരള രാഷ്ര്ടീയത്തിലെ ഒന്നാം നിര നേതാക്കളുടെ പട്ടികയില്‍നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ ദുര്‍ബ്ബലനാക്കി നാനാവിധമാക്കിയ വെളിപ്പെടുത്തലുകളാണ് റഊഫിനെ കേരളീയ സമൂഹത്തിനു മുന്നില്‍ കൊണ്ടുവന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ്, ആ ബന്ധത്തിനുമപ്പുറം അടുപ്പമുണ്ടായിരുന്ന സുഹൃത്ത്. ആ നിലയിലാണ് 2004-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ രണ്ടാമനായിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന നടത്തിയ വെളിപ്പെടുത്തലുകളില്‍നിന്ന് അദ്ദേഹത്തെ രക്ഷിച്ചെടുക്കാന്‍ റഊഫ് ഇറങ്ങിപ്പുറപ്പെട്ടത്. തന്റെ വിശ്വസ്ത ഉപജാപകനു കുഞ്ഞാലിക്കുട്ടി നല്‍കിയ നിര്‍ണായക ചുമതലയായിരുന്നു അത്. എന്തെല്ലാമോ ചെയ്ത് ആ ചുമതല റഊഫ് സമര്‍ത്ഥമായി നിറവേറ്റുകയും ചെയ്തു. കാര്യങ്ങള്‍ മാറിമറിഞ്ഞതു പിന്നീടാണ്. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി താന്‍ ചെയ്തതൊക്കെ റഊഫ് വിളിച്ചുപറഞ്ഞു. നിയമവിരുദ്ധമായി ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നു എന്നതിന്റെ ദൃക്‌സാക്ഷി വിവരണങ്ങളായിരുന്നു അത്. അതോടെ ഉറ്റമിത്രങ്ങള്‍ കൊടിയ ശത്രുക്കളായി. പരസ്പരം പകയും വിദ്വേഷവും മാത്രം. ഇല്ലാതാക്കാന്‍ അങ്ങോട്ടുമിങ്ങോട്ടും ശ്രമം. റഊഫ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതു ചെറിയൊരു കാലമാണെങ്കിലും അതൊരു കാലമായിരുന്നു. പിന്നെ, കുറേക്കാലമായി റഊഫിനെക്കുറിച്ച് ഒരു വിവരവുമില്ല. കുഞ്ഞാലിക്കുട്ടിയാകട്ടെ, അതിശക്തമായി തിരിച്ചുവന്നു. അധികാര നഷ്ടത്തില്‍നിന്ന്, തെരഞ്ഞെടുപ്പു പരാജയത്തില്‍നിന്ന്, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തെ പടിയിറക്കത്തില്‍നിന്ന്. ഇപ്പോഴിതാ കേരളത്തിലെ പ്രതിപക്ഷ ഉപനേതാവായിരുന്നുകൊണ്ടു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി ലോക്‌സഭയിലേക്കു മല്‍സരിക്കുന്നു.
റഊഫ് എവിടെ എന്ന് അന്വേഷിച്ചപ്പോള്‍ വാലും തുമ്പുമില്ലാതെയും ദുരൂഹതകളും അവ്യക്തതകളും അവശേഷിപ്പിച്ചുമാണ് ചിലതൊക്കെ അറിഞ്ഞത്. മുസ്‌ലിം ലീഗില്‍ ലയിക്കാതെ ഇടതുപക്ഷത്തോടൊപ്പം നിന്ന ഐ.എന്‍.എല്ലില്‍ ചേര്‍ന്നതും അതിന്റെ പ്രവാസി സംഘടനയുടെ ഭാരവാഹിയായിരുന്നതും റഊഫ് പങ്കെടുത്ത ഐ.എന്‍.എല്‍ പൊതുയോഗങ്ങളെ ലീഗുകാര്‍ പലയിടത്തും ആക്രമിച്ചതും പിന്നീട് ഐ.എന്‍.എല്‍ വിട്ടതുമായി അതു നീണ്ടു. കുഞ്ഞാലിക്കുട്ടിയുടെ ആളുകള്‍ റഊഫിനെ അടിച്ച് അവശനാക്കിയെന്നും ഇനി എഴുന്നേറ്റു നടക്കില്ലെന്നുമാണ് കേട്ട മറ്റൊരു കഥ. മാധ്യമപ്രവര്‍ത്തകരുടെ പലരുടെ പക്കലുമുള്ള പഴയ ഫോണ്‍ നമ്പറുകളിലൊന്നും റഊഫിനെ കിട്ടുന്നില്ല. പുതിയ നമ്പര്‍ തേടിപ്പിടിച്ചു വിളിച്ചു ചോദിച്ചു, താങ്കളെവിടെയാണ്? ഞാന്‍ മുന്‍പെവിടെയായിരുന്നോ അവിടെയൊക്കെത്തന്നെയുണ്ട് എന്നായിരുന്നു മറുപടി. എങ്ങോട്ടും ഒളിച്ചുപോയിട്ടില്ലെന്ന വിശദീകരണവും കൂട്ടത്തിലുണ്ടായി. വൈകാതെ കോഴിക്കോട്ടെത്തി നേരിട്ടു കണ്ടു സംസാരിച്ചു. മടങ്ങുമ്പോള്‍ റഊഫ് കൂടെ ഇറങ്ങിയതു കോടതിയില്‍ പോകാനാണ്. സി.ജെ.എം കോടതിയില്‍ റഊഫ് പ്രതിയായ കേസുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പകവീട്ടല്‍ ശ്രമങ്ങളുടെ ഭാഗമാണത്രേ ഇതും. വേറെ രണ്ട് കേസ് മലപ്പുറത്തുമുണ്ട്. ''എല്ലാം കള്ളക്കേസാണ്. ഏതായാലും ഇതിലൊന്നില്‍പ്പോലും എന്നെ തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ല.' എന്ന് ഊറ്റംകൊള്ളുന്ന റഊഫ് അതിനു മുന്‍പു സംസാരിച്ചപ്പോഴും ഇടയ്ക്കിടെ ആ ധൈര്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഭയപ്പെട്ടിട്ടോ മടുത്തിട്ടോ പിന്‍മാറിയ റഊഫ് അതിനിടയില്‍ പലപ്പോഴും പുറത്തുവന്നു.
പലരും പറയുകയും എഴുതുകയും ചെയ്യുന്നതുപോലെ റൗഫ് അല്ല, റഊഫ് ആണ്. ഏറെ കൃപചെയ്യുന്നവന്‍ എന്നാണ് ആ അറബി വാക്കിന്റെ അര്‍ത്ഥം. ദൈവനാമങ്ങളിലൊന്ന്. അങ്ങനെയൊരു പേര് മതം അനുവദിക്കാത്തതുകൊണ്ട് അബ്ദുല്‍ റഊഫ് എന്നാണ് മുഴുവന്‍ പേര്. ഏറെ കൃപചെയ്യുന്നവന്റെ ദാസന്‍ അഥവാ ദൈവദാസന്‍ എന്നര്‍ത്ഥം. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അളിയന്റെ ദാസനാകാനായിരുന്നു നിയോഗം. പക്ഷേ, കുഴപ്പങ്ങളില്‍നിന്ന് അളിയനെ രക്ഷിക്കാന്‍ ചെയ്തതെല്ലാം വിളിച്ചുപറയേണ്ട സന്ദര്‍ഭവും വന്നുപെട്ടു. പറഞ്ഞുതുടങ്ങിയപ്പോള്‍ ഒന്നും രണ്ടും കൊണ്ടു നിന്നില്ല. പിടിവിട്ടുപോയതൊന്നും തിരിച്ചുപിടിക്കാനായുമില്ല. കുഴപ്പങ്ങളുടെ നടുമധ്യത്തില്‍ നിര്‍ത്തി കേരളം കുഞ്ഞാലിക്കുട്ടിയെ വിചാരണ ചെയ്തപ്പോള്‍ റഊഫിനു സന്തോഷമായി. പക്ഷേ, പാതിവഴിയില്‍ ആ വിചാരണകളൊക്കെയും നിന്നുപോയപ്പോള്‍ തലകുനിച്ചു നടക്കേണ്ട ഊഴം തന്റേതായി മാറിയെന്നു തിരിച്ചറിഞ്ഞിരിക്കുന്നു റഊഫ്. അന്നു പറഞ്ഞതെല്ലാം വിഴുങ്ങിയോ എന്ന ചോദ്യത്തിന് റഊഫിന്റെ ഉത്തരം ഇതാണ്: പുതിയ ഒരു വിവാദമുണ്ടാക്കാന്‍ ഞാനായിട്ടു തയ്യാറാകില്ല. പക്ഷേ, മുന്‍പു പറഞ്ഞ ഒരു കാര്യത്തില്‍നിന്നുപോലും പിന്നോട്ടു പോയിട്ടുമില്ല. കോടതിയില്‍ ഞാന്‍ വണ്‍ സിക്‌സ്റ്റി ഫോര്‍ സ്‌റ്റേറ്റ്‌മെന്റ് (ക്രിമിനല്‍ നടപടിച്ചട്ടം 164–ാം വകുപ്പു പ്രകാരം കോടതിയില്‍ കൊടുത്ത രഹസ്യമൊഴി) കൊടുത്തതാണല്ലോ. കുഞ്ഞാലിക്കുട്ടി കുഴപ്പക്കാരനാണെങ്കില്‍ കൂടെനിന്നയാളും അങ്ങനെയല്ലേ, ശിക്ഷയാണു വേണ്ടതെങ്കില്‍ അതിലൊരു പങ്കിനു താങ്കള്‍ക്കും അര്‍ഹതയില്ലേ എന്നീ ചോദ്യങ്ങള്‍ക്കു സംശയരഹിതമായിരുന്നു റഊഫിന്റെ മറുപടി. ''അതെ, ഞാനും ആ കുറ്റകൃത്യങ്ങളുടെ ഭാഗമാണ്. ശിക്ഷയും അര്‍ഹിക്കുന്നു. എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍. ഇപ്പോള്‍ പെട്ടെന്നു പറയുന്നതല്ല ഇത്. എനിക്ക് അറിയാത്ത കാര്യങ്ങള്‍ ഞാന്‍ പറയില്ല.'
റഊഫുമായുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം ഇപ്പോള്‍ വിപണിയിലുള്ള സമകാലിക മലയാളം വാരികയില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com