സെന്‍കുമാറിന്റെ നിയമനം; വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കുന്നതോടെ ലോക്‌നാഥ് ബെഹ്‌റ, ജേക്കബ് തോമസ്, ശങ്കര്‍ റെഡ്ഡി എന്നിവരുടെ നിയമനം എങ്ങിനെ വേണമെന്നും സര്‍ക്കാര്‍ കോടതിയോട് ആരായും
സെന്‍കുമാറിന്റെ നിയമനം; വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: ടി.പി.സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. സെന്‍കുമാറിനെ തിരികെ ഡിജിപിയായി നിയമിക്കണമെന്നുള്ള കോടതി ഉത്തരവില്‍ വ്യക്തത തേടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കുന്നതോടെ ലോക്‌നാഥ് ബെഹ്‌റ, ജേക്കബ് തോമസ്, ശങ്കര്‍ റെഡ്ഡി എന്നിവരുടെ നിയമനം എങ്ങിനെ വേണമെന്നും സര്‍ക്കാര്‍ കോടതിയോട് ആരായും. ഇതിലൂടെ സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 

സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കാന്‍ തയ്യാറാണെന്നായിരിക്കും സര്‍ക്കാര്‍ കോടതിയെ അറിയിക്കുക. എന്നാല്‍ തിരികെ ഡിജിപിയായി നിയമിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങളും സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിജിപി ആന്‍ഡ് ഹെഡ് ഓഫ് പൊലീസ് ഫോഴ്‌സ് എന്ന പദവിയിലായിരുന്നു സെന്‍കുമാറിനെ നിയമിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇത്തരമൊരു തസ്തിക നിലവിലില്ല. ഇതിനാല്‍ സെന്‍കുമാറിനെ ഡിജിപിയായി പ്രഖ്യാപിച്ച പഴയ സര്‍ക്കാരിന്റെ ഉത്തരവ് നിലനിര്‍ത്താന്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. 

2016 ജൂണില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിയമന ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ലോക്‌നാഥ് ബെഹ്‌റ, ജേക്കബ് തോമസ്, ശങ്കര്‍ റെഡ്ഡി എന്നിവരുടെ നിയമനവും ഈ ഉത്തരവിലാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കിയത് ലോക്‌നാഥ് ബെഹ്‌റ, ജേക്കബ് തോമസ്, ശങ്കര്‍ റെഡ്ഡി എന്നിവരുടെ നിയമനത്തേയും ബാധിക്കുമോയെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആരായും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com