'വെഞ്ചാമരം' വീശി പൂരത്തില്‍ റസൂല്‍പൂക്കുട്ടി; വെഞ്ചാമരമല്ല സൗണ്ട് റിക്കോര്‍ഡിംഗെന്ന് പൂക്കുട്ടി; പൂരം ഒപ്പിയെടുക്കാന്‍ റസൂലും സംഘവും തുടങ്ങി

'വെഞ്ചാമരം' വീശി പൂരത്തില്‍ റസൂല്‍പൂക്കുട്ടി; വെഞ്ചാമരമല്ല സൗണ്ട് റിക്കോര്‍ഡിംഗെന്ന് പൂക്കുട്ടി; പൂരം ഒപ്പിയെടുക്കാന്‍ റസൂലും സംഘവും തുടങ്ങി

തൃശൂര്‍:  തൃശൂര്‍ പൂരത്തിന്റെ 'എ ടു ഇസഡ്' കാഴ്ചയായും ശബ്ദമായും ഒരു എന്‍സൈക്ലോപീഡിയ ഒരുക്കുകയാണ്. ശബ്ദവിന്യാസത്തിന് ലോകം കേള്‍വികേട്ട റസൂല്‍ പൂക്കുട്ടിയാണ് വെഞ്ചാമരം പോലുള്ള തന്റെ സൗണ്ട് റെക്കോഡിംഗ് സാമഗ്രികളുമായി പൂരപ്പറമ്പിലെത്തിയത്. കാഴ്ചകളൊന്നും വിട്ടുപോകാതെ, ശബ്ദങ്ങളൊന്നും നഷ്ടപ്പെടാതെ അതേമട്ടില്‍ പൂരത്തെ അഭ്രപാളിയില്‍ പുനരവതരിപ്പിക്കുകയാണ് ലക്ഷ്യം.

അമേരിക്കയില്‍ പാംസ്‌റ്റോണ്‍ മള്‍ട്ടിമീഡിയയുടെ ഉടമ തൃശൂര്‍ക്കാരനായ രാജീവ് പനയ്ക്കലാണ് തൃശൂര്‍ പൂരം ഇത്രയും വിപുലമായ സന്നാഹങ്ങളോടെ റിക്കാര്‍ഡു ചെയ്യാന്‍ ഭീമമായ പണം മുടക്കുന്നത്. സിനിമ, ഷോര്‍ട്ട് ഫിലിം, ടിവി സീരിയല്‍, ഡോക്യുമെന്ററികള്‍, ഫീച്ചര്‍ ഫിലുമുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന സ്ഥാപനമാണ് പാം സ്‌റ്റോണ്‍.


'ലോകത്തെ ഏറ്റവും വലിയ ഉല്‍സവങ്ങളിലൊന്നായ തൃശൂര്‍ പൂരം റിക്കാര്‍ഡു ചെയ്യണമെന്നു മോഹമുണ്ടെന്ന് ഓസ്‌കാര്‍ നേടിയപ്പോള്‍ പറഞ്ഞിരുന്നു. അതു മനസില്‍ കരുതിവച്ചുകൊണ്ടാകാം രാജീവ് പനയ്ക്കല്‍ ബ്രഹ്മാണ്ഡമായ ഈ ഉദ്യമത്തിനു മുതിര്‍ന്നത്' എന്ന് റസൂല്‍ പൂക്കുട്ടി.
സാങ്കേതിക വിദഗ്ധരും ഓപറേറ്റര്‍മാരും അടക്കം 110 പേരടങ്ങുന്ന സംഘമാണു പൂരം റിക്കാര്‍ഡു ചെയ്യുന്നത്. സഹായികളായി വേറെ നാല്‍പതുപേരുമുണ്ടാകും. ഇത്രയും സജ്ജീകരണങ്ങളോടെ അതിവിപുലമായ റിക്കാര്‍ഡിംഗ് ഇതാദ്യമാണ്.


64 വീതമുള്ള രണ്ടു ട്രാക്കുകളിലൂടെ 128 ട്രാക്ക് റിക്കാര്‍ഡിംഗുണ്ടാകും. നഗരത്തിന്റെ എട്ടു കേന്ദ്രങ്ങളില്‍ ഒരേസമയം റിക്കാര്‍ഡിംഗ് നടക്കും. പൂരത്തിനൊപ്പം നീങ്ങാവുന്ന മട്ടിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ശബ്ദ റിക്കാര്‍ഡിംഗിനു കൂടുതല്‍ ഉപകരണങ്ങള്‍ പലതും മുംബൈയില്‍ നിന്നാണ് വരുത്തിച്ചിട്ടുള്ളത്.
മേളത്തിന്റെ തനിമ മാത്രമല്ല, ജനം ആര്‍പ്പുവിളിക്കുന്നതു മുതല്‍ ആന തുമ്പിക്കൈ അനക്കുന്നതുവരെയുള്ള വളരെ ചെറിയ ശബ്ദങ്ങള്‍പോലും റസൂലിന്റെ നൂറുകണക്കിനു മൈക്രോഫോണുകള്‍ ഒപ്പിയെടുക്കും. 20 വീതമുള്ള നാല്‍പതു ട്രാക്ക് റിക്കാര്‍ഡിംഗാണു സാധാരണ പതിവ്. അതിസൂക്ഷ്മമായ ശബ്ദങ്ങള്‍പോലും ഒപ്പിയെടുക്കുന്നതിനാണു ഇത്രയും ശക്തമായ 168 ട്രാക്ക് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.


പ്രസാദ് പ്രഭാകറിന്റെ നേതൃത്വത്തില്‍ 36 ഹൈഡഫനിഷന്‍ ഡിജിറ്റല്‍ വീഡിയോ കാമറകളിലൂടെയാണു റിക്കാര്‍ഡിംഗ്. പൂരത്തിരക്കിനിടയിലും കെട്ടിടങ്ങള്‍ക്കു മുകളിലുമെല്ലാം കാമറകള്‍ സ്ഥാപിച്ചാണു പൂരം പകര്‍ത്തുക. ജിബ് ഉപയോഗിച്ചു ജനക്കൂട്ടത്തിനു മുകളില്‍നിന്നും ഡ്രോണ്‍ ഉപയോഗിച്ച് ആകാശത്തുനിന്നും റിക്കാര്‍ഡു ചെയ്യാനുള്ള അനുമതി ലഭിച്ചില്ലെങ്കിലും മികവുറ്റ റിക്കാര്‍ഡിംഗിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇത്തവണത്തെ പൂരം കളറാക്കാന്‍ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരുങ്ങിക്കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com