സെന്‍കുമാര്‍ പൊലീസ് മേധാവി അല്ലായിരുന്നുവെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

സ്‌റ്റേറ്റ് പൊലീസ് ചീഫ് എന്ന പദവിയില്‍ ആയിരുന്നില്ല സെന്‍കുമാര്‍. പൊലീസ് സേനയുടെ ചുമതലയുളള ഡിജിപി ആയിരുന്നു സെന്‍കുമാര്‍ എന്നാണ് സര്‍ക്കാര്‍ വാദം
സെന്‍കുമാര്‍ പൊലീസ് മേധാവി അല്ലായിരുന്നുവെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍


ന്യൂഡല്‍ഹി: ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മുന്‍ ഉത്തരവില്‍ തേടിയും ഭേദഗതി ആവശ്യപ്പെട്ടുമാണ് ഹര്‍ജി.

സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്നായിരുന്നു ഏപ്രില്‍ 24ന് പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. പൊലീസ് മേധാവിനിന്നു നീക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സെന്‍കുമാര്‍ നല്‍കിയ അപ്പീലില്‍ ആയിരുന്നു സുപ്രിം കോടതി ഉത്തരവ്. 

ഏപ്രില്‍ 24ന് വന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി 29ന് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാന്‍ ചുമതലപ്പെട്ട ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി. കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടാനുള്ള നീക്കത്തില്‍നിന്ന് തിങ്കളാഴ്ച സെന്‍കുമാറിന്റെ അഭിഭാഷകര്‍ പിന്‍മാറിയിരുന്നു. ഹര്‍ജി വെളളിയാഴ്ച പരിഗണനയ്ക്ക എടുക്കാന്‍ കോടതി ലിസറ്റ് ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി എന്ന പദവിയില്‍ അല്ലായിരുന്നുവെന്ന വാദവും വ്യക്തതാ അപേക്ഷയ്‌ക്കൊപ്പം സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്‌റ്റേറ്റ് പൊലീസ് ചീഫ് (എസ്പിസി) എന്ന പദവിയില്‍ ആയിരുന്നില്ല സെന്‍കുമാര്‍. പൊലീസ് സേനയുടെ ചുമതലയുളള ഡിജിപി ആയിരുന്നു സെന്‍കുമാര്‍ എന്നാണ് സര്‍ക്കാര്‍ വാദം.

അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. നിയമോപദേശം ലഭിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എ്ന്നാല്‍ ഇത് എന്താണ് എന്നതിനെക്കുറിച്ച് വ്യക്തത വന്നിരുന്നില്ല.

സെന്‍കുമാര്‍ കേസിലെ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനുള്ള നടപടികള്‍ തുടങ്ങിയതായുമാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ സെന്‍കുമാറിനെ നിയമിക്കുന്നതോടെ ഉണ്ടാവുന്ന ചില ആശയക്കുഴപ്പങ്ങള്‍ നീക്കാനാണ് വീണ്ടും സുപ്രിം കോടതിയെ സമീപിക്കുന്നത് എന്നാണ് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബെഹ്‌റയുടെ പദവി സംബന്ധിച്ചാണ് മുഖ്യ അവ്യക്തത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com