എത്ര നിയമങ്ങള്‍ ലംഘിച്ചാണ് നമ്മള്‍ ആ വര്‍ണവിസ്മയം ആസ്വദിക്കുന്നത്?

നിയമങ്ങളും ചട്ടങ്ങളുമൊക്കെ ലംഘിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാണെങ്കിലും വൈകാരികതയ്ക്കാണ് തീരുമാനങ്ങളെടുക്കുന്നതില്‍ മുന്‍കൈ.
എത്ര നിയമങ്ങള്‍ ലംഘിച്ചാണ് നമ്മള്‍ ആ വര്‍ണവിസ്മയം ആസ്വദിക്കുന്നത്?


പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തം നടന്ന കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ചയായിരുന്നു തൃശൂര്‍ പൂരം വെടിക്കെട്ട് ഉയര്‍ത്തിവിട്ടത്. പൂരം വെടിക്കെട്ടിന്റെ സുരക്ഷയെയും നിയമസാധുതയെയും പറ്റിയെല്ലാം ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ പൂരപ്രേമികളുടെ ആശങ്കയ്ക്ക് അറുതിയിട്ട് വെടിക്കെട്ട് പതിവുപോലെ തന്നെ നടന്നുവെന്നു മാത്രം. ഇക്കുറിയും വെടിക്കെട്ടു നടക്കുമോ എന്നതില്‍ ചില്ലറ ആശയക്കുഴപ്പമുണ്ടായി തുടക്കത്തില്‍. വെടിക്കെട്ടില്ലാതെ പൂരമില്ല എന്ന വാദവുമായി ദേവസ്വങ്ങളില്‍ ഒന്നു രംഗത്തുവരികയും ചെയ്തു. എന്തുവന്നാലും വെടിക്കെട്ടു നടത്തും എന്ന മട്ടില്‍ സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ മുന്നിലുണ്ടായിരുന്നു, കാര്യങ്ങള്‍ നീക്കാന്‍. എന്നാല്‍ വെടിക്കെട്ട് ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നമോ പാരിസ്ഥിതിക പ്രശ്‌നമോ അതിന്റെ നിയമസാധുതയോ എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടില്ല,ഇത്തവണ.

പൂരം വെടിക്കെട്ടു പോലെ വലിയ ഒരു കരിമരുന്നു പ്രയോഗം നടത്തുന്നതിന്റെ നിയമ സാധുത തന്നെ സംശയിക്കപ്പെടേണ്ടതാണ് എന്നാണ് പ്രമുഖ നിയമവിദഗ്ധനായ അഡ്വ. കാളീശ്വരം രാജ് ചൂണ്ടിക്കാട്ടുന്നത്. കരിമരുന്നു പ്രയോഗം സംബന്ധിച്ച് 2005ലും 2007ലും സുപ്രീം കോടതി വിശദമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ശബ്ദമലിനീകരണം സംബന്ധിച്ചും പരമോന്നത കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. പൂരം വെടിക്കെട്ട് ഇവയെല്ലാം പാലിച്ചുകൊണ്ടാണോയെന്നതില്‍ പരിശോധനകള്‍ വേണ്ടതാണെന്ന് അദ്ദേഹം സമകാലിക മലയാളത്തോടു പറഞ്ഞു. 

എക്‌സ്‌പ്ലോസീവ് ആക്ടിന് അനുസൃതമായി 2008ല്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ പ്രകാരം 28 വ്യവസ്ഥകളാണ് കരുമരുന്നു പ്രയോഗത്തിന് പാലിക്കേണ്ടത്. ഉപയോഗിക്കുന്ന വെടിമരുന്നിന്റെ അളവ്, വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലവും വെടിക്കെട്ടു നടക്കുന്ന സ്ഥലവും കാണികള്‍ നില്‍ക്കുന്ന സ്ഥലവും തമ്മിലുള്ള ദൂരം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമാ നിബന്ധനകള്‍ ഈ ചട്ടങ്ങളിലുണ്ട്. 45 മീറ്റര്‍ ദൂരമാണ് കാണികളും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ വേണ്ടത്. ദൂര വ്യവസ്ഥ മാത്രമല്ല, ചട്ടപ്രകാരമുള്ള 28 വ്യവസ്ഥകളില്‍ ഭൂരിഭാഗവും പാലിക്കപ്പെട്ടിരുന്നില്ല എന്നാണ് പുറ്റിങ്ങല്‍ ദുരന്തമുണ്ടായി ആദ്യ അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടത്. 

എക്‌സ്‌പ്ലോസീവ് ആക്ട് അനുസരിച്ചുള്ള ചട്ടങ്ങള്‍ പാലിക്കുന്നതില്‍ തൃശൂര്‍ പൂരവും പരാജയമാണെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. തൃശൂര്‍ റൗണ്ടില്‍നിന്ന് ആളുകള്‍ വെടിക്കെട്ടു കാണുന്നത് ദുരപരിധി സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണ്. വര്‍ഷങ്ങളായി അതാണ് അവിടെ നടന്നുവരുന്നതും. ഇത്തവണ ആദ്യമായാണ് സാംപിള്‍ വെടിക്കെട്ടിന് റൗണ്ടില്‍നിന്ന് കാണികളെ ഒഴിവാക്കിയത്. റൗണ്ടില്‍ നിന്നു കാണാന്‍ പറ്റിയില്ലെങ്കില്‍ ഇത്രയധികം ആളുകളെ എവിടെ ഉള്‍ക്കൊള്ളിക്കും എന്ന ചോദ്യം ബാക്കി. അതുണ്ടാക്കാവുന്ന തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും വേറെ.

125 ഡെസിബെല്‍ ശബ്ദമാണ് ചട്ടങ്ങള്‍ പ്രകാരം വെടിക്കെട്ടില്‍ അനുവദനീയമായിട്ടുള്ളത്. സുപ്രീം കോടതി തന്നെ ഇക്കാര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പൂരത്തില്‍ പലപ്പോഴും 165 ഡെസിബെല്‍ വരെ ശബ്ദമുള്ള പടക്കങ്ങള്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റൗണ്ടിനപ്പുറമുള്ള കെട്ടിടങ്ങളുടെ ജനല്‍ച്ചില്ലുകള്‍ തകരുന്നത് അതുകൊണ്ടാണ്. രണ്ടായിരം കിലോഗ്രാം വെടിമരുന്ന് ഉപയോഗിക്കാന്‍ അനുമതി തേടി 32,000 കിലോഗ്രാം ഉപയോഗിക്കുന്ന വെടിക്കെട്ടുകള്‍ നാട്ടില്‍ നടക്കുന്നതായി പുറ്റിങ്ങള്‍ ദുരന്തമുണ്ടായതിനു പിന്നാലെ വാര്‍ത്തകള്‍ വന്നിരുന്നു.

ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം ഒരു സംവിധാനവും ഇപ്പോഴും ഇല്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ സിആര്‍ നീലകണ്ഠന്‍ പറയുന്നത്. പരിശോധനകള്‍ നടക്കുന്നുണ്ട്. പരിശോധിച്ച കരിമരുന്നു പുര സീല്‍ ചെയ്യാത്തിടത്തോളം ഈ പരിശോധനയ്ക്കു വലിയ അര്‍ഥമൊന്നുമില്ല. എത്ര ഉപയോഗിച്ചു എന്നോ അനുമതി ലഭിച്ച വിധത്തിലുളളവ തന്നെയാണ് ഉപയോഗിച്ചത് എന്നോ പരിശോധിക്കാന്‍ സംവിധാമില്ലാത്തിടത്തോളം ചട്ടങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനാവില്ല എന്ന് അദ്ദേഹം പറയുന്നു.

പൂരത്തെയോ അതിന്റെ ചടങ്ങുകളെയോ ചോദ്യം ചെയ്യുന്നില്ലെങ്കിലും വെടിക്കെട്ട് ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്നാണ് എഴുത്തുകാരി സാറാ ജോസഫിന്റെ പക്ഷം. വലിയ അളവില്‍ കരിമരുന്നു പ്രയോഗിക്കുന്നത് എത്രമാത്രം മലിനീകരണം ഉണ്ടാക്കുമെന്നത് പഠിക്കേണ്ടതാണ്. അതിന അനുസരിച്ചുള്ള മാറ്റങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും സാറാ ജോസഫ് പറഞ്ഞു.

ദുരന്തമുണ്ടാവുമ്പോള്‍ മാത്രം അതിനെക്കുറിച്ചു സംസാരിക്കുന്ന പതിവാണ് വെടിക്കെട്ടിന്റെ കാര്യത്തിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അഡ്വ. കാളീശ്വരം രാജ് ചൂണ്ടിക്കാട്ടുന്നു. ഉത്സവങ്ങള്‍ക്കുണ്ടാവേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് റവന്യൂ വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട ഒഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വെടിക്കെട്ടിനെക്കുറിച്ച് വിശദമായി തന്നെ പറഞ്ഞിട്ടുണ്ട് അതില്‍. നിയമങ്ങളും ചട്ടങ്ങളുമൊക്കെ ലംഘിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാണെങ്കിലും വൈകാരികതയ്ക്കാണ് തീരുമാനങ്ങളെടുക്കുന്നതില്‍ മുന്‍കൈ. പൂരം വെടിക്കെട്ടിന്റെ കാര്യത്തിലും അതുതന്നെയാണ് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com