നിര്‍ഭാഗ്യകരം, പക്ഷേ ഉള്‍ക്കൊള്ളുന്നു; സിപിഎം ബന്ധത്തെക്കുറിച്ച് വിചിത്ര വിശദീകരണവുമായി കെഎം മാണി

കോണ്‍ഗ്രസിനെ നോവിക്കാതെ, യുഡിഎഫിനോടു ചാഞ്ഞുനിന്ന് കെഎം മാണിയുടെ വാര്‍ത്താ സമ്മേളനം
നിര്‍ഭാഗ്യകരം, പക്ഷേ ഉള്‍ക്കൊള്ളുന്നു; സിപിഎം ബന്ധത്തെക്കുറിച്ച് വിചിത്ര വിശദീകരണവുമായി കെഎം മാണി

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന്റെ സഹകരണത്തോടെ ഭരണം പിടിച്ചതിന് കെഎം മാണി മുന്നോട്ടുവയ്ക്കുന്നത് വൈരുധ്യങ്ങള്‍ നിറഞ്ഞ വിചിത്രമായ വിശദീകരണം. കോട്ടയത്തുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവം എന്നാണ് മാണി വാര്‍ത്താ സമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. സിപിഎമ്മുമായി ചേരുക എന്നത് പാര്‍ട്ടിയുടെ നിലപാടോ നയമോ അല്ലെന്നു വിശദീകരിച്ച മാണി സിപിഎം പിന്തുണയോടെ നേടിയ ഭരണം വേണ്ടെന്നുവയ്ക്കാന്‍ കാരണമൊന്നും കാണുന്നില്ലെന്നും പറഞ്ഞു. 

ചില സാഹചര്യങ്ങള്‍ക്കനുസരിച്ച് കോട്ടയം ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം എന്നാണ് സിപിഎം ബന്ധത്തെപ്പറ്റി മാണി അഭിപ്രായപ്പെട്ടത്. ആ സാഹചര്യം ഉള്‍ക്കൊള്ളുന്നു, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നെല്ലാം പറഞ്ഞ കെഎം മാണി പക്ഷേ വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം സൂചിപ്പിച്ചത് കേരള കോണ്‍ഗ്രസിന് അടുപ്പം കോണ്‍ഗ്രസിനോടും യുഡിഎഫിനോടും ആണെന്നാണ്. യുഡിഎഫിനോടു ചേര്‍ന്നു നില്‍ക്കണം എന്നു തന്നെയാണ് കേരള കോണ്‍ഗ്രസിന്റെ ആഗ്രഹം എന്ന് പലവട്ടം വ്യക്തമാക്കി അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കളുടെ രൂക്ഷമായ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരുവിധത്തിലുള്ള പ്രകോപവുമില്ലാതെയായിരുന്നു മറുപടികള്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ടാവാതിരിക്കാനുള്ള സൂക്ഷ്മത പ്രകടമായിരുന്നു കെഎം മാണിയുടെ വാര്‍ത്താ സമ്മേളനത്തില്‍. 

കോട്ടയത്തുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണ്, ഏതെങ്കിലും കൂട്ടുകെട്ടിലേക്കു നീങ്ങുന്നതിന്റെ സൂചനയല്ല അത് ഈ രണ്ടു പോയിന്റുകളില്‍ കേന്ദ്രീകരിച്ചായിരുന്നു മാണി സംസാരിച്ചതു മുഴുവന്‍. സിപിഎം ബന്ധത്തില്‍ പാര്‍ട്ടിയില്‍തന്നെ ഉലച്ചിലുണ്ടായ സാഹചര്യത്തിലുള്ള പിന്നോട്ടുപോക്കാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് ഇജെ ആഗസ്തി രാജിവച്ചത് പെട്ടെന്നുണ്ടായ വൈകാരികത്തള്ളിച്ച കൊണ്ടാണെന്ന്, നാക്കുപിഴ പോലെ പറഞ്ഞ കെഎം മാണി ആ ഭിന്നത ശരിവയ്ക്കുകയും ചെയ്തു. ആഗസ്തിയുടെ രാജിക്കു പിന്നിലെ അതൃപ്തി ഇങ്ങനെ പുറത്താക്കിയെങ്കിലും അതു മറ്റുചില കാരണങ്ങള്‍കൊണ്ടാണെന്നു പെട്ടെന്നു തന്നെ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ബന്ധത്തിനെതിരെ പരസ്യമായി പ്രതികരിച്ച് പിജെ ജോസഫ് രംഗത്തുവന്നതിനു പിന്നാലെയായിരുന്നു മാണിയുടെ വാര്‍ത്താ സമ്മേളനം. സിപിഎമ്മുമായി ചേര്‍ന്നത് ദൗര്‍ഭാഗ്യകരമായി എന്നു ജോസഫ് പ്രതികരിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതുതന്നെയല്ലേ താനും പറഞ്ഞത് എന്ന മറുചോദ്യമാണ് മാണിയില്‍നിന്നുയര്‍ന്നത്. 

സിപിഐക്കെതിരെ മാത്രമാണ് ശക്തമായ എന്തെങ്കിലുമൊരു പ്രതികരണം മാണിയില്‍നിന്നുണ്ടായത്. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്കു വരുമോ എന്ന ഭയപ്പാടിലാണ് സിപിഐ കഴിയുന്നതെന്ന് മാണി പറഞ്ഞു. കയറിനെക്കണ്ട് പാമ്പാണെന്നു കരുതുന്നതു പോലെയാണിത്. അവരോടു ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്, നിങ്ങള്‍ അങ്ങനെ ഭയപ്പെടേണ്ട എന്നാണെന്നും മാണി വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com