മന്ത്രി മണി അറിയുമോ, വൈദ്യുതി ബോര്‍ഡ് കണ്ടെത്തിയ 56 കയ്യേറ്റക്കാരെ?

മൂന്നാറില്‍ കയ്യേറ്റങ്ങളൊന്നുമില്ലെന്നു മന്ത്രി എം.എം. മണി പറയുമ്പോള്‍ത്തന്നെയാണ് വൈദ്യുതി ബോര്‍ഡ് നല്‍കിയ മൂന്നാറിലെ 56 കയ്യേറ്റക്കാരുടെ പട്ടിക സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്
മന്ത്രി മണി അറിയുമോ, വൈദ്യുതി ബോര്‍ഡ് കണ്ടെത്തിയ 56 കയ്യേറ്റക്കാരെ?

►അറുപഴഞ്ചന്‍ കഥയാണ്. തുടക്കം 1133 കര്‍ക്കടകം 17-ന് (ആ ദിവസം ഇംഗഌഷ് വര്‍ഷത്തിലേക്കാക്കിയാല്‍ 1958 ഓഗസ്റ്റ് ഒന്ന് എന്നു സംസ്ഥാന സര്‍ക്കാരിന്റെ മലയാളം കലണ്ടറും ഗൂഗിളും പറയുന്നു–ഒരു തര്‍ക്കം പിന്നാലെ വരുന്നുണ്ട്!). അന്നു പള്ളിവാസല്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 197–ല്‍ ഉള്ള ഏഴ് ഏക്കര്‍ 69 സെന്റ് ദേവികുളം സബ് റജിസ്ട്രാര്‍ ഓഫിസില്‍ വച്ച് ഏലം കൃഷി നടത്തുന്നതിനായി പൈലി വര്‍ഗീസിനു പാട്ടമായി കൊടുത്തു. സ്ഥലം കേരള സംസ്ഥാനത്തു ലയിച്ച തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ 28/1114 എന്ന രേഖപ്രകാരം ഉള്ളതായിരുന്നു. ഏലംകൃഷി മാത്രമേ നടത്താവു എന്ന നിബന്ധനയോടെ ഏലം കുത്തകപ്പാട്ടം എന്ന ഉപശീര്‍ഷകത്തിലും സര്‍ക്കാര്‍ പാട്ടഭൂമിയെന്ന വിശദീകരണങ്ങളിലും പറഞ്ഞിരുന്ന ആ ഭൂമി പൈലി വര്‍ഗീസ് ഏറ്റെടുത്തു. ഭൂമി മാത്രമായിരുന്നില്ല കിട്ടിയത്.
സംസ്ഥാന സര്‍ക്കാര്‍ 4,000 രൂപ വായ്പയായും പൈലിക്കു നല്‍കി. അവിടെ ഏലം കൃഷി നടത്താനുള്ള പണമായിരുന്നു അത്. ഒരു കിലോ അരിക്കു 31 പൈസ വിലയുള്ള കാലത്താണ് സംഭവം–അരിയായിട്ടു വാങ്ങിയാല്‍ 12,903 കിലോ അഥവാ 12.9 ടണ്‍ വരും. ഇന്നത്തെ അരിവില കിലോയ്ക്കു 40 രൂപ എന്നു കണക്കാക്കിയാല്‍ 5.16 ലക്ഷം രൂപയുടെ വായ്പ. പൈലി വര്‍ഗീസ് മരിച്ചപ്പോള്‍ ഭാര്യ മറിയാമ്മ വര്‍ഗീസ് ഈ ഭൂമിയിലെ 2.84 ഏക്കര്‍ 1978 ജൂണ്‍ 22–ന് കുര്യന്‍ എന്നൊരാള്‍ക്ക് ഏലംകൃഷി നടത്താനായിത്തന്നെ കൈമാറി (റജിസ്റ്റര്‍ നം. 984/1978). അതില്‍ നിന്ന് 1.42 ഏക്കര്‍ വീതം പി.ജെ പോള്‍, പി.സി. കോശി എന്നിവര്‍ക്കായി 1999 ഏപ്രില്‍ ആറിന് കുര്യന്‍ കൈമാറി. രേഖകളില്‍ അപ്പോഴും സംഭവം ഏലം കുത്തകപ്പാട്ടവും സര്‍ക്കാര്‍ പാട്ടവും തന്നെ. ഈ പി.ജെ. പോളും പി.സി. കോശിയും ചേര്‍ന്ന് ഒന്നിച്ച് ഈ സ്ഥലം 2003 ജനുവരി 27–ന് കെ.എ. ജോസഫ്, എം.എസ്. ജയകുമാരി എന്നിവരുടെ പേരിലേക്ക് നല്‍കി–റജിസ്റ്റര്‍ നമ്പര്‍ 458/2003. 
അങ്ങനെ രണ്ടു പേരുടെ കൈകളില്‍ നിന്നായി വാങ്ങിയ 2.84 ഏക്കര്‍ ഭൂമിയിലാണ് മൂന്നാര്‍ വുഡ്‌സ് എന്ന റിസോര്‍ട്ടു പല നിലകളിലായി പണിതുയര്‍ത്തിയത്. ആ റിസോര്‍ട്ടാണ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ഏറ്റെടുത്തത്. അത് ഏറ്റെടുത്തു കേടുപാടു വരുത്തിയതിനാണ് 15,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വിധിച്ചത്. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടു 2017 ജനുവരിയില്‍ സുപ്രീംകോടതി ജഡ്ജിമാരായ പി.സി. ഘോഷും എ.എം. സ്പരേയും ഇങ്ങനെ പറഞ്ഞു:
'സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുമ്പോള്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഏലം കൃഷി നടത്താന്‍ കൊടുത്ത ഭൂമിയിലാണ് റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തിയിരിക്കുന്നത്. ഇക്കാര്യം വിധിയെഴുതിയപ്പോള്‍ ഹൈക്കോടതി പരിശോധിച്ചില്ലെന്നു കരുതേണ്ടിവരുമെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ പറയുന്നു. പ്രാബല്യത്തിലുള്ള രേഖകളൊന്നും പരിശോധിക്കാതെ ഏതാനും ഫോട്ടോ കോപ്പികള്‍ വച്ചു ഹൈക്കോടതി വിധി എഴുതി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചിരിക്കുന്നത്. കയ്യേറ്റക്കാരുടെ കൈവശമുള്ള ഭൂമിയിലാണ് റിസോര്‍ട്ട് എന്ന സര്‍ക്കാരിന്റെ വാദം പരിഗണിക്കപ്പെടേണ്ടതാണ്. എങ്ങനെയാണ് ഏലം വളര്‍ത്താന്‍ നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട് പണിയുന്നത്?'
സുപ്രീം കോടതിയുടെ ഈ ഒരു പരാമര്‍ശം മാത്രം മതി വി. ശ്രീറാം എന്ന ദേവികുളം സബ് കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ 110 റിസോര്‍ട്ടുകള്‍ക്കു പുറമെ നിലവില്‍ പ്രവര്‍ത്തിക്കുന്ന 400 എണ്ണത്തിനു വരെയെങ്കിലും സംശയത്തിന്റെ നിഴല്‍ വീഴാന്‍. ഏലം കൃഷി നടത്താന്‍ മാത്രമായി കൈമാറിയ സ്ഥലം; കൃഷിയിറക്കാന്‍ സര്‍ക്കാര്‍ തന്നെ അന്നു നല്‍കിയ വായ്പ; ബഹുഭൂരിപക്ഷം പേരും വായ്പപോലും തിരിച്ചടച്ചിട്ടില്ല എന്ന് ദേവികുളം താലൂക്ക് ഓഫിസിലെ രേഖകള്‍; എല്ലാം കഴിഞ്ഞു കേസ് നടത്താന്‍ രേഖകള്‍ ഹാജരാക്കിയപ്പോള്‍ വര്‍ഷത്തിലും തീയതിയിലും വരെ വന്ന ആന മണ്ടത്തരങ്ങള്‍. ഒന്നും ഈ ഒരു കേസില്‍ അവസാനിക്കുന്നതല്ല.

ഊളമ്പാറയിലേക്ക്
ശ്രീറാമിനെ വിടും മുന്‍പ്

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ശ്രീറാമിനെ ഊളമ്പാറയിലേക്കു പറഞ്ഞുവിടണമെന്നാണ് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ് പഠിച്ചിറങ്ങിയശേഷം സിവില്‍ സര്‍വ്വീസ് തെരഞ്ഞെടുത്ത ശ്രീറാമിനു ചികില്‍സ കൊടുക്കാന്‍ വൈഭവം ഉണ്ടെന്നു തിരിച്ചറിഞ്ഞ മന്ത്രി പക്ഷേ, സ്വന്തം വകുപ്പില്‍നിന്നു ഷോക്ക് വരുന്ന വിവരം അറിഞ്ഞില്ല. മൂന്നാറില്‍ വൈദ്യുതി ബോര്‍ഡിന്റെ അധീനതയിലുള്ള ഏക്കര്‍ കണക്കിനു സ്ഥലം ചിലര്‍ കയ്യേറിയെന്നു വൈദ്യുതി ബോര്‍ഡ് റവന്യു വകുപ്പിനു റിപ്പോര്‍ട്ട് നല്‍കി. കെ.എസ്.ഇ.ബി നല്‍കിയ ആ റിപ്പോര്‍ട്ട് ഏപ്രില്‍ എട്ടുമുതല്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. തൊട്ടാല്‍ ഷോക്ക് അടിക്കും എന്നു ഭയന്നു റവന്യുവകുപ്പും ആ വഴിക്കു തിരിഞ്ഞു നോക്കാതെ മറ്റു വകുപ്പുകളും സംയമനം പാലിക്കുകയാണ്. 
വെറുതെ സ്ഥലം കയ്യേറി എന്ന നാലുവരി വഴിപാടല്ല വൈദ്യുതി ബോര്‍ഡ് നല്‍കിയത്. കയ്യേറിയവരുടെ പേര് ഉള്‍പ്പെടുന്ന പട്ടികയുമുണ്ട്. ജോണ്‍ എസ്. എഡ്വിന്‍, അമ്മിണി ജോര്‍ജ്, കിഷോര്‍ ഭായി പട്ടേല്‍ എന്നു തുടങ്ങി എബനേസറില്‍ അവസാനിക്കുന്ന 56 പേരുടെ ലിസ്റ്റ്. സി.പി.എം അംഗങ്ങള്‍ കൂട്ടത്തോടെ താമസിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന സ്ഥലങ്ങളും ഈ പട്ടികയില്‍ വരും. 

വൈദ്യുതി ബോര്‍ഡ് ഈ പട്ടിക നല്‍കിയിട്ടും റവന്യു വകുപ്പ് ഒരു ഷോക്ക് പോയിട്ട് ഷോ കോസ് നോട്ടീസ് പോലും കൊടുത്തതായി അറിവില്ല. ആ പട്ടിക വെറും ചെറുകിട കയ്യേറ്റക്കാരുടേതല്ല എന്നറിയാന്‍ ഒന്നു സൂക്ഷിച്ചു വായിച്ചാല്‍ മതി. കേരള ഹൈക്കോടതിയിലും സംസ്ഥാന രാഷ്ര്ടീയത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ധന്യശ്രീ യാത്രി നിവാസ് കയ്യേറ്റക്കാരുടെ പട്ടികയില്‍ 49 ആയി നില്‍ക്കുന്നുണ്ട്. വി.ബി.ജെ കോട്ടേജ്, പുളിമൂട്ടില്‍ തുടങ്ങി ചിലതു തിരിച്ചറിയാന്‍ പാകത്തിനുതന്നെ വൈദ്യുതി ബോര്‍ഡ് എഴുതിവച്ചിരിക്കുന്നു. 2014 ജൂണിലും 2015 മേയിലും റവന്യു വകുപ്പിനോടു സ്ഥലം ഒഴിപ്പിക്കണമെന്നു വൈദ്യുതി ബോര്‍ഡ് രേഖാമൂലം ആവശ്യപ്പെട്ടു. ഈ റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റണമെന്നു മൂന്നാര്‍ സ്‌പെഷല്‍ തഹസീല്‍ദാര്‍ക്കു പ്രത്യേകം കത്തെഴുതി. പക്ഷേ, ഒന്നും സംഭവിച്ചില്ല. 
ഇത്രയും കാലം കിട്ടിയ ഷോക്കെല്ലാം പതിറ്റാണ്ടു പഴകിയ നിയമനടപടികളില്‍ നിന്നാണെങ്കില്‍ 'കുരിശ്' ശരിക്കും വരാന്‍ പോകുന്നതേയുള്ളു. ഇതുവരെ ലിസ്റ്റ് ചെയ്യാത്ത കയ്യേറ്റങ്ങളുടെ ഒരു പട്ടിക കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സര്‍ക്കാരിനു കൊടുത്തിട്ടുണ്ട്. അതില്‍ പാപ്പാത്തിചോലയിലേതുപോലെ കുരിശു മാത്രമല്ല, വേലും വാളും തിരുശേഷിപ്പുകളും എല്ലാം ഉള്‍പ്പെടുന്നുണ്ട്. 

ആ പട്ടിക ഇങ്ങനെ:     
1. തൊടുപുഴ താലൂക്ക് തൊടുപുഴ വില്ലേജില്‍ ഉളവപ്പാറ (ഉറവപ്പാറ) സുബ്രഹ്മണ്യസ്വാമി ക്ഷേത്രം–മതപരം–കയ്യേറിയ സ്ഥലത്തിന്റെ അളവ് എടുത്തിട്ടില്ല. 
2. പീരുമേട് താലൂക്ക് പീരുമേട് വില്ലേജില്‍ അയ്യപ്പക്ഷേത്രം–മതപരം–കയ്യേറ്റം തിട്ടപ്പെടുത്തിയിട്ടില്ല. 
3. പീരുമേട് താലൂക്ക് പീരുമേട് വില്ലേജില്‍ പോബ്‌സ്–വാണിജ്യം–കയ്യേറ്റം തിട്ടപ്പെടുത്തിയിട്ടില്ല.
4. പീരുമേട് താലൂക്ക് വാഗമണ്‍ വില്ലേജില്‍ അബ്രജന്‍–കൃഷി–1.61 ഹെക്ടര്‍.
5. പീരുമേട് താലൂക്ക് പെരുവന്താനം വില്ലേജില്‍ ഭുവനേശ്വരി ക്ഷേത്രം–മതപരം–കണക്കാക്കിയിട്ടില്ല.
6. ഉടുമ്പഞ്ചോല താലൂക്ക് ചിന്നക്കനാല്‍ വില്ലേജില്‍ വി.എക്‌സ്. ആല്‍ബിന്‍–കൃഷി–0.16 ഹെക്ടര്‍.
7. ഉടുമ്പഞ്ചോല താലൂക്ക് ചിന്നക്കനാല്‍ വില്ലേജില്‍ എസ്.എന്‍.ഡി.പി ഗുരുമന്ദിരം–മതപരം–0.08 ഹെക്ടര്‍.
8. ഉടുമ്പഞ്ചോല താലൂക്ക് ചിന്നക്കനാല്‍ വില്ലേജില്‍ സെന്റ്് ജോസഫ്‌സ് പള്ളി–മതപരം–തിട്ടപ്പെടുത്തിയിട്ടില്ല.
9. ഉടുമ്പഞ്ചോല താലൂക്ക് ചിന്നക്കനാല്‍ വില്ലേജില്‍ ഷാര്‍ലറ്റ് ജോണ്‍സണ്‍–കൃഷി–1.61 ഹെക്ടര്‍.
ഇതുപോലെ പൊളിക്കേണ്ടിയിരുന്നില്ല എന്നു മുഖ്യമ

ന്ത്രി പറഞ്ഞ 'കുരിശും' കടന്നു നീളുകയാണ് പട്ടിക. ഇനി ശേഷിക്കുന്നതു കേസുകളാണ്. ഒത്തുതീര്‍പ്പു ജനാധിപത്യത്തില്‍ കാര്യം നടക്കാന്‍ ഏതാനും മണിക്കൂറുകള്‍ മതിയെന്നാണ് അനുഭവം. അങ്ങനെ ഒത്തുതീര്‍പ്പുവരുമ്പോള്‍ വായിക്കപ്പെടേണ്ട ഒരു വിധിന്യായമുണ്ട്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ മൂന്നാറിലെ ഭൂമിയെക്കുറിച്ചു കഴിഞ്ഞ നവംബറില്‍ എഴുതിയത്. (ബോക്‌സ് കാണുക).

മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നഗരമധ്യത്തിലുള്ള ഏതാനും കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് എന്നും ചേര്‍ത്തു വായിക്കപ്പെടുന്നത്. സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ചും മൂന്നാര്‍ സ്‌പെഷല്‍ തഹസില്‍ദാറുടെ അധികാരപരിധി കണക്കാക്കിയാലും മൂന്നാറിനു കീഴില്‍ വരുന്നതു നിരവധി വില്ലേജുകളാണ്. ചിന്നക്കനാല്‍, കണ്ണന്‍ദേവന്‍ഹില്‍സ്, ശാന്തമ്പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, അമരാവതി, ബൈസന്‍വാലി എന്നീ വില്ലേജുകളാണ് മൂന്നാര്‍ എന്ന വിശേഷണത്തില്‍ ഉള്ളത്. ദേവികുളം, ഉടുമ്പഞ്ചോല താലൂക്കുകളാണ് ഈ പരിധിയില്‍ വരുന്നത്. എം.എം. മണിയുടേയും എസ്. രാജേന്ദ്രന്റെയും നിയമസഭാ മണ്ഡലത്തിനു കീഴിലുള്ള മുഴുവന്‍ സ്ഥലങ്ങളും മൂന്നാര്‍ എന്ന ഒറ്റ വിശേഷണത്തിലൊതുങ്ങും. അതുകൊണ്ടുതന്നെ മൂന്നാര്‍ കയ്യേറ്റം എന്ന പ്രയോഗം വിശാലവും ദീര്‍ഘദൂരപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. 
ഈ സ്ഥലങ്ങള്‍ എന്തുകൊണ്ടു കൈമോശം വന്നു എന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. റവന്യു വകുപ്പ് അക്ഷന്തവ്യമായ തെറ്റുകള്‍ പതിറ്റാണ്ടിലേറെയായി ആവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് സ്ഥലം അന്യാധീനപ്പെട്ടത് എന്ന് ആ വരികളില്‍ നിന്നു വായിച്ചെടുക്കാം. റിപ്പോര്‍ട്ടില്‍ നിന്ന്:
'കേരള ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആക്റ്റ് (കെ.എല്‍.സി. ആക്റ്റ്) 1957 അനുസരിച്ചും കേരള ലാന്‍ഡ് കണ്‍സര്‍വേറ്ററി റൂള്‍ (കെ.എല്‍.സി റൂള്‍) 1958 അനുസരിച്ചും തഹസീല്‍ദാറും വില്ലേജ് ഓഫിസറുമാണ് സര്‍ക്കാര്‍ ഭൂമിയില്‍ നടക്കുന്ന കയ്യേറ്റം തടയേണ്ടത്. കെ.എല്‍.സി ആക്ടിലെ സെക്ഷന്‍ 7, കെ.എല്‍.സി റൂളിലെ റൂള്‍ 8 എന്നിവ അനുസരിച്ചു കയ്യേറ്റക്കാരെ ശിക്ഷിക്കുകയും പിഴ ഈടാക്കുകയും വേണം. വില്ലേജ് മാന്വല്‍ അധ്യായം ഒന്‍പതിലെ 134–ാം നിര്‍ദ്ദേശം അനുസരിച്ചു വില്ലേജ് അസിസ്റ്റന്റുമാര്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും സര്‍ക്കാര്‍ ഭൂമിയുടെ അതിര്‍ത്തി പരിശോധിക്കുകയും അളന്നു തിട്ടപ്പെടുത്തുകയും വേണം. അങ്ങനെ പരിശോധിച്ച ശേഷം വില്ലേജ് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഇതിനു പുറമെ മൊത്തം ഭുമിയുടെ 10 ശതമാനം റവന്യു ഇന്‍സ്‌പെക്ടറും അഞ്ചു ശതമാനം തഹസില്‍ദാറും ഓരോ മൂന്നുമാസം കൂടുമ്പോഴും നേരിട്ടു പരിശോധിക്കുകയും വേണം.'
ഇത്രയും എഴുതിയശേഷം റിപ്പോര്‍ട്ടില്‍ മൂന്നു കണ്ടെത്തലുകള്‍ രേഖപ്പെടുത്തി:
1. കേരളത്തിലെ ഒരു താലൂക്കിലും വില്ലേജ് അസിസ്റ്റന്റുമാര്‍ മൂന്നു മാസം കൂടുമ്പോള്‍ സര്‍ക്കാര്‍ ഭൂമി അളന്നു തിട്ടപ്പെടുത്തിയതായി കണ്ടെത്തിയിട്ടില്ല. 
2. ഏതെങ്കിലും തഹസീല്‍ദാറോ വില്ലേജ് ഓഫിസറോ വില്ലേജ് അസിസ്റ്റന്റുമാരോടു സര്‍ക്കാര്‍ ഭൂമി സമയാസമയങ്ങളില്‍ അളന്നു തിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ടതായിട്ടും രേഖകളില്ല. 
3. കെ.എല്‍.സി ആക്ടിലെ സെക്ഷന്‍ 11 അനുസരിച്ച് സര്‍ക്കാര്‍ ഭൂമി ആരു കയ്യേറിയതായി വ്യക്തമായാലും ജില്ലാ കളക്ടര്‍ക്കു സ്വയം തീരുമാനം എടുത്ത് ഒഴിപ്പിക്കാം. അതിനു മറ്റു നിര്‍ദ്ദേശങ്ങളുടെ ആവശ്യമില്ല. 

1958–ലെ രേഖയ്ക്ക്
1938 മുതല്‍ പ്രാബല്യം!

ഹൈക്കോടതിയില്‍ കേസ് നടത്തുമ്പോള്‍ മൂന്നാര്‍ വുഡ്‌സിന്റെ അഭിഭാഷകന്‍ വാദിച്ചത് ഇങ്ങനെ: 17–12–1133–ല്‍ (1133, കര്‍ക്കടകം 17) ആണ് മുന്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പൈലി വര്‍ഗീസിനു പാട്ടത്തിനു നല്‍കിയിരിക്കുന്നത്. അത് ഇംഗഌഷ് വര്‍ഷത്തിലേക്ക് ആക്കിയാല്‍ 1–8–1938 ആണ് (1938 ഓഗസ്റ്റ് ഒന്ന്) എന്നും എഴുതി നല്‍കി. കേരളം പോലും പിറക്കുന്നതിനു മുന്‍പ് 1938–ല്‍ ഏത് ഉത്തരവിന്റെ പേരിലാണ് ഭൂമി കൈമാറിയത് എന്നു സര്‍ക്കാര്‍ വക്കീലോ കോടതിയോ ചോദിച്ചില്ല. കോടതിയുടെ ഉത്തരവിലും അതുപോലെതന്നെ എഴുതിച്ചേര്‍ത്തു. 
1938–ല്‍ ആണ് ഭൂമി കൈമാറിയതെങ്കില്‍ അതേ മലയാള തീയതി 1113 കര്‍ക്കടകം 17 ആകും. 1133 എന്ന മലയാള വര്‍ഷം എടുത്താല്‍ അത് 1958 ഓഗസ്റ്റ് ഒന്നുമാകും. ഏതു വര്‍ഷമാണ് എഴുതിയതെന്നുപോലും തീര്‍പ്പില്ലാത്ത ഒരു കടലാസ് പകര്‍പ്പ് ആണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇപ്പോള്‍ ഇരിക്കുന്നത്. അതു വെറുമൊരു ഫോട്ടോക്കോപ്പി മാത്രമാണെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ ബോധിപ്പിക്കുകയും ചെയ്യുന്നു. കഌഡ് നയന്‍ എന്ന റിസോര്‍ട്ടിന്റെ മൂന്നര ഏക്കര്‍ ഏറ്റെടുത്തതിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണം എന്ന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയും ഇപ്പോള്‍ സുപ്രീംകോടതിയിലാണ്–മൂന്നാര്‍ വുഡ്‌സിന്റെ കേസിന് ഒപ്പം തന്നെ. 
നേരത്തെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ഒഴിപ്പിച്ച ശ്രീകുമാരി കാവ്, ധന്യ എന്നിവരുടെ ഉടമസ്ഥതയിലുള്ള ധന്യശ്രീ റിസോര്‍ട്ട് പഴയപടിയാക്കി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരിനുവേണ്ടി അഞ്ചുദിവസം കൊണ്ടു പഴയപടി പണിതു നല്‍കിയ കരാറുകാരന്‍ ഹൈക്കോടതിയില്‍ ഒരു കേസ് കൊടുത്തു. അതു പണിതതിനു ചെലവായ 70,000 രൂപ പണമില്ലെന്നു പറഞ്ഞു ജില്ലാ കളക്ടര്‍ നല്‍കിയില്ല എന്നായിരുന്നു കേസ്. ആ പണവും കൊടുക്കാന്‍ ഹൈക്കോടതി 2013–ലെ 2598-ാം നമ്പര്‍ വിധിയില്‍ എഴുതിവച്ചു. 
ഇതിനെല്ലാം പുറമെ റവന്യു വകുപ്പ് ഏറ്റവും ഒടുവില്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടുണ്ട്. അതില്‍ 524 ഏക്കര്‍ സ്ഥലം മൂന്നാറില്‍ പുതിയ കയ്യേറ്റക്കാര്‍ കൈവശപ്പെടുത്തി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം വന്‍കിടക്കാരുടെ കൈകളിലാണ്. ഇതു കൂടാതെ 24 ഏക്കര്‍ സ്ഥലം കൂടി ചെറുകിടക്കാരുടെ കൈകളിലും ഉണ്ട്. 
ഏലമല്ലാതെ ഒന്നും വളര്‍ത്താന്‍ അനുമതിയില്ലാത്ത മണ്ണിനെച്ചൊല്ലിയാണ് ഇങ്ങനെ തരാതരം വാദങ്ങളും റിപ്പോര്‍ട്ടുകളും ഉണ്ടാവുന്നത്. മേല്‍ക്കാടു വെട്ടാതെ, അടിക്കാടു മാത്രം തെളിച്ച്, ഏലം വളര്‍ത്തി സ്വന്തമായും രാജ്യത്തിനും വരുമാനമുണ്ടാക്കാന്‍ നല്‍കിയ കുത്തകപ്പാട്ട ഭൂമികള്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാരിലേക്ക് എത്തിയത് 1998–നു ശേഷമാണെന്നു രേഖകള്‍ വ്യക്തമാക്കുന്നു. അപ്പോഴാണ് ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്തു പട്ടയ വിതരണം ആരംഭിച്ചതും രവീന്ദ്രന്റെ പേരില്‍ നാടുനീളെ പട്ടയങ്ങള്‍ പ്രചരിച്ചതും. 
കോടതിയില്‍ നിയമനടപടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ട്, അങ്ങനെ ചെയ്തപ്പോഴെല്ലാം കോടതിയുടെ ശാസന ലഭിച്ചിട്ടുമുണ്ട്. പക്ഷേ, ഒഴിപ്പിക്കാന്‍ ഹൈക്കോടതിയും സുപ്രീംകോടതിയും നിര്‍ദ്ദേശിച്ച അനേകം കേസുകളിലാണ് ഇപ്പോഴും ജെ.സി.ബി പോയിട്ട് സ്‌ക്രൂഡ്രൈവര്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത്. സംസ്ഥാന റവന്യു വകുപ്പിനു മുന്നില്‍ ഈ ഏപ്രില്‍ 17 മുതല്‍ മറ്റൊരു കടലാസുണ്ട്. സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു കോടതി വിധിച്ചിട്ടും സ്വകാര്യ വ്യക്തികളുടെ കയ്യില്‍ത്തന്നെ തുടരുന്ന സ്ഥലത്തിന്റെ പട്ടിക. ആ രേഖകളിലെ ചില വിവരങ്ങള്‍:
1. 'ദേവികുളം താലൂക്ക് കെ.ഡി.എച്ച് വില്ലേജില്‍ (കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജ്) മൂന്നാറില്‍ നല്ലതണ്ണിപ്പുഴയുടെ തീരത്ത് ബെന്നി എന്നയാള്‍ കൈവശം വച്ചിരിക്കുന്ന സ്ഥലം. ഈ സ്ഥലം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതാണെന്നും ആറ് ആഴ്ചയ്ക്കുള്ളില്‍ ഒഴിപ്പിക്കണമെന്നും 2014 നവംബറില്‍ ഹൈക്കോടതി ഉത്തരവിട്ടതാണ്. ആ സ്ഥലം ഇന്നും അതേ ആളുടെ അധീനതയിലാണ്.'
2. 'കെ.ഡി.എച്ച് വില്ലേജില്‍ മൂന്നാര്‍ ഇക്കാനഗറില്‍ സര്‍വ്വേ നമ്പര്‍ 62/9–ല്‍ വരുന്ന സ്ഥലം ബിനു പാപ്പച്ചന്‍ എന്നയാള്‍ കൈവശം വച്ചിരിക്കുന്നു. നാലു മാസത്തിനുള്ളില്‍ ഈ സ്ഥലം ഒഴിപ്പിക്കണം എന്ന് 2015 മേയില്‍ ഹൈക്കോടതി ഉത്തരവിട്ടു. പക്ഷേ, ഇന്നും ഒഴിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.'
3. 'ദേവികുളം താലൂക്ക് കെ.ഡി.എച്ച് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 20/1-ല്‍ ഐസക് എന്നയാള്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നു. ഇത് ഒഴിപ്പിക്കാന്‍ 2014–ല്‍ ഹൈക്കോടതി ഉത്തരവിട്ടു. 2015 മേയില്‍ ജില്ലാ കളക്ടറും തഹസില്‍ദാര്‍ക്കു നിര്‍ദ്ദേശം നല്‍കി. അവിടെയും ഒന്നും സംഭവിച്ചില്ല.'
4. 'പീരുമേട് താലൂക്കില്‍ പെരിയാര്‍ കയ്യേറി സര്‍വ്വേ നമ്പര്‍ 67/7 ന് ഒപ്പം ചേര്‍ത്ത ഭൂമി. ഒഴിപ്പിക്കാന്‍ ഉത്തരവുണ്ടായിട്ടും ആരും നടപടി സ്വീകരിച്ചില്ല.'
5. 'പീരുമേട് താലൂക്ക് കുമളി വില്ലേജില്‍ 2.35 ഹെക്ടര്‍ സ്ഥലം (സര്‍വ്വേ നമ്പര്‍ 24/1–എ) ഏതാനും പേര്‍ ചേര്‍ന്നു കയ്യേറിയിരിക്കുന്നു. 2015 ഫെബ്രുവരിയിലും ഡിസംബറിലും രണ്ട് ഉത്തരവുകളിലൂടെ സ്ഥലം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതാണ്. മൂന്നു മാസത്തിനുള്ളില്‍ നടപടി എടുക്കണം എന്നു ഹൈക്കോടതി പറഞ്ഞിട്ടും ആര്‍.ഡി.ഒ ഒരു ഉത്തരവ് ഇട്ടത് ഏഴു മാസത്തിനു ശേഷം മാത്രമാണ്.'
6. 'സര്‍ക്കാര്‍ ഭൂമിയിലാണ് നിര്‍മാണം നടക്കുന്നത് എന്നു കണ്ടെത്തി 2011 മേയ് 11-നു സുപ്രീം കോടതി സ്‌റ്റേ ചെയ്ത മുഴുവന്‍ റിസോര്‍ട്ടുകളുടെയും നിര്‍മ്മാണവും പ്രവര്‍ത്തനവും ഇപ്പോഴും നടക്കുന്നു. ഇത് ഉത്തരവാദപ്പെട്ടവര്‍ ആരും തടയുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.'

ഇവിടെ നിയമപാലനം നടക്കുന്നുണ്ടോ എന്നു ചോദിക്കുന്നതായി വ്യാഖ്യാനിച്ചെടുക്കാവുന്ന വാചകങ്ങളാണ് ഏപ്രില്‍ 17 മുതല്‍ റവന്യുമന്ത്രിക്കോ മുഖ്യമന്ത്രിക്കോ വേണമെങ്കില്‍ തുറന്നുനോക്കാവുന്ന ആ റിപ്പോര്‍ട്ടില്‍ ഉള്ളത്. അത്തരം ചില പട്ടയങ്ങളെക്കുറിച്ച് റവന്യു വകുപ്പും ഹൈക്കോടതിയും മാത്രമല്ല, കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വരെയും എഴുതുകയും ചെയ്തു. അക്കമിട്ട് എണ്ണിയെടുത്താല്‍ ശ്രീറാം സ്റ്റോപ്പ് മെമ്മോ നല്‍കിയ 110 എന്ന എണ്ണം പലമടങ്ങു വികസിക്കും.
ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും രണ്ടായി കാണണമെന്ന് ഇ.എം.എസ്. പറഞ്ഞതു പോലെയാണ് മൂന്നാറിലെ കയ്യേറ്റങ്ങളെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വന്‍കിട കയ്യേറ്റങ്ങളും ചെറുകിട കയ്യേറ്റങ്ങളും രണ്ടായി കാണണമെന്നായിരുന്നു പ്രസ്താവന. ചെറുകിട കയ്യേറ്റങ്ങള്‍ കൂട്ടിവിറ്റാണ് മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഉണ്ടായതെന്നാണ് റവന്യു രേഖകള്‍ പറഞ്ഞുവയ്ക്കുന്നത്. ആ വാദത്തിനൊപ്പം തലകുലുക്കുന്നവര്‍ക്കു വേണ്ടിയാണ് ഊളമ്പാറയ്ക്കുള്ള ആംബുലന്‍സ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്.

ഹൈക്കോടതിയില്‍നിന്നു
കണ്ണുതുറപ്പിക്കുന്ന വാചകങ്ങള്‍

►ഹൈക്കോടതയില്‍നിന്നു ശ്രദ്ധേയമായ ഒരു വിധി ഉണ്ടായി. നവംബര്‍ 14–ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ പ്രസ്താവിച്ച ആ വിധി മൂന്നാറിന്റെയും കേരളത്തിന്റെയും ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടാന്‍ മാത്രം കരുത്തുള്ള വാചകങ്ങള്‍കൊണ്ടു ശ്രദ്ധേയമായിരുന്നു. ദേവികുളം താലൂക്കിലെ പള്ളിവാസല്‍ വില്ലേജില്‍ ബ്‌ളോക് നമ്പര്‍ 15–ല്‍ സര്‍വ്വേ നമ്പര്‍ 1/14–ല്‍ ഉള്‍പ്പെട്ട സ്ഥലത്തെ നിര്‍മ്മാണങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയതിന് എതിരേ തിരുവനന്തപുരം സ്വദേശിയായ ആര്‍. ഹരിദാസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയത്. ആ വിധിയുടെ വിശദാംശങ്ങള്‍: 
'കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വേക്കറ്റ് ജനറല്‍ അസൈന്‍മെന്റ് ആക്ടും റൂളും അനുസരിച്ച് ഒരു കാര്യം വ്യക്തമാക്കുകയുണ്ടായി; പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ മൂന്നാര്‍ മേഖലയും സര്‍ക്കാര്‍ ഭൂമിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ഭൂമി വ്യക്തികള്‍ക്കു നല്‍കിയതു കൃഷിക്കു വേണ്ടിയും അതിനോട് ചേര്‍ന്നു താമസിക്കാന്‍ സൗകര്യമൊരുക്കുന്നതിനും അനുബന്ധ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമാണ്. ഹര്‍ജിക്കാരനു കൈമാറിക്കിട്ടിയ വ്യക്തിഗത പട്ടയത്തിലും കൃഷിക്കുവേണ്ടി എന്നു വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ഏത് ആവശ്യത്തിനു ഭൂമി ഉപയോഗിച്ചാലും പട്ടയം റദ്ദാക്കാനും നടപടി എടുക്കാനും സര്‍ക്കാരിന് അധികാരം ഉണ്ടായിരിക്കുന്നതുമാണ്. ഹര്‍ജിക്കാരന്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതുപോലുള്ള കെട്ടിടങ്ങള്‍ പ്രദേശത്തിന്റെ പാരിസ്ഥിതികനില തകിടം മറിക്കും.
പരാതിക്കാര്‍ യഥാര്‍ത്ഥ പട്ടയക്കാരനില്‍നിന്നു ഭൂമി കൈമാറി ലഭിച്ചവര്‍ മാത്രമാണ്. അവര്‍ക്ക് ആ ഭൂമിയില്‍ മറ്റ് അവകാശങ്ങളൊന്നുമില്ല. പട്ടയം കിട്ടിയ ഭൂമിയില്‍ വീട് ഉള്‍പ്പെടെയുള്ള സൗകര്യത്തിനായി 25 സെന്റ് മാത്രമേ ഉപയോഗിക്കാവു എന്നായിരുന്നു ആദ്യ നിര്‍ദ്ദേശമെങ്കില്‍ 2005–ല്‍ അതു 15 സെന്റായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 
ഈ മേഖലയിലെ നിര്‍മ്മാണങ്ങള്‍ തടയുന്നതാണ് റവന്യു വകുപ്പിന്റെ സര്‍ക്കുലര്‍. അവിടെ വാണിജ്യ ആവശ്യങ്ങളുടെ നിര്‍മ്മാണത്തിനായി എന്‍.ഒ.സി നല്‍കുക എന്നതു ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യവുമാണ്. ഭൂമി കൈമാറിയിരിക്കുന്ന രേഖകള്‍ അനുസരിച്ച് അതു ലഭിച്ചയാള്‍ക്കു വ്യക്തിപരമായി കൃഷി നടത്താനുള്ളതാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. മാത്രമല്ല, ഇതു തെറ്റിച്ചാല്‍ പട്ടയം റദ്ദാക്കാം എന്നും നിയമത്തില്‍ പറയുന്നുണ്ട്. 
ഒരു കാര്യം വ്യക്തമാണ്. പട്ടയലക്ഷ്യം തെറ്റി എന്നു വ്യക്തമായാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉടനടി നടപടി എടുക്കേണ്ടതും പട്ടയം റദ്ദാക്കേണ്ടതും ആണ്. ഭൂമി കിട്ടിയ ആള്‍ക്ക് അതിന്റെ നിയമം അനുസരിച്ചു മാത്രമേ അവ കൈവശം വയ്ക്കാനും ഉപയോഗിക്കാനും കഴിയുകയുള്ളു. ഇത് എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണ് പരാതിക്കാര്‍ ഭൂമിയുടെ അവകാശം വാങ്ങിയത്. 
ഇതുവരെ നടന്ന കാര്യങ്ങള്‍ വച്ചു സംസ്ഥാന സര്‍ക്കാരില്‍ ഒരു നിസ്സഹായതാ ഭാവം നിഴലിക്കുന്നുണ്ട് എന്നു കരുതേണ്ടിവരും. ലോകത്തിലെ പാരിസ്ഥിതികമായി തന്ത്രപ്രധാനമായ പശ്ചിമഘട്ടം എന്നു പേരിട്ടിരിക്കുന്ന ഈ സ്ഥലം–പശ്ചിമഘട്ടം എന്ന പേര് ഭൂപ്രദേശത്തിന്റെ സസ്യജാലങ്ങളുടെ മഹിമ നോക്കുമ്പോള്‍ അര്‍ത്ഥവത്താണ്–സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ഈ കോടതിയില്‍നിന്നുതന്നെ നിരവധി വിധികള്‍ ഉണ്ടായിട്ടും സ്ഥിതിയില്‍ അല്‍പം പോലും മാറ്റമുണ്ടായില്ല എന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. റവന്യു ഉദ്യോഗസ്ഥര്‍ തന്നെ നിയമം തെറ്റിക്കുന്നതിനു കൂട്ടുനില്‍ക്കുകയും പാരിസ്ഥിതിക തകര്‍ച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്യുന്നു. സ്ഥിതി ഇങ്ങനെയൊക്കെ ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പരാതിക്കാര്‍ ഭൂമി ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ പരാതിക്കാര്‍ ആവശ്യപ്പെടുന്ന ഇളവുകള്‍ നല്‍കാന്‍ നിവൃത്തിയില്ല. പരാതിക്കാര്‍ നിര്‍മ്മാണം ആരംഭിച്ചത് സ്വന്തം ഉത്തരവാദിത്വത്തില്‍ ആണ്. 
പാരിസ്ഥിതിക സന്തുലനവും വിശാലമായ പൊതുജനതാല്‍പ്പര്യങ്ങളും പരിഗണിക്കുമ്പോള്‍ പരാതിക്കാര്‍ക്ക് ഉണ്ടായ നഷ്ടത്തിന് ഒരു പ്രസക്തിയുമില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ കാലാവസ്ഥയെത്തന്നെ തകിടം മറിക്കുന്നതാണ് ഇത്തരം നിര്‍മ്മാണങ്ങള്‍. റവന്യുവകുപ്പ് നല്‍കിയിരിക്കുന്ന സ്റ്റോപ്പ് മെമ്മോയില്‍ ഒരുതരത്തിലും ഇടപെടാന്‍ കഴിയില്ല. കൃഷി നടത്താന്‍ നല്‍കിയ ഭൂമിയില്‍ ഒരു കാരണവശാലും വാണിജ്യമന്ദിരങ്ങള്‍ നിര്‍മ്മിക്കാനും കഴിയില്ല. സമാനമായ രീതിയില്‍ നടക്കുന്ന കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും കണ്ടെത്തി നടപടി എടുക്കണം എന്നു റവന്യു വകുപ്പിനു നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഈ ഹര്‍ജി തള്ളുകയാണ്. ഉണ്ടായ നഷ്ടം പരാതിക്കാര്‍ സ്വയം വഹിക്കുകയും വേണം.'

(സമകാലിക മലയാളം വാരികയില്‍ മേയ് ഒന്ന് ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com