സിപിഎമ്മിനെ തൊടുന്നത് അപരാധമല്ല: കെ.എം. മാണി

സിപിഎം മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമൊന്നുമല്ലല്ലോ, ഇതൊക്കെ രാഷ്ട്രീയത്തിലെ ഒരു ഏര്‍പ്പാടല്ലേ?
സിപിഎമ്മിനെ തൊടുന്നത് അപരാധമല്ല: കെ.എം. മാണി

തിരുവനന്തപുരം: അന്ധമായ വിരോധം ആരോടും സൂക്ഷിക്കാത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. സിപിഎമ്മിനോടും അസ്പര്‍ശ്യതയൊന്നുമില്ല. തൊടുന്നത് അപരാധവുമല്ല എന്ന് കെ.എം. മാണി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്(എം) കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയതിനു പിന്നാലെ നടന്ന സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടി പറയുകയായിരുന്നു കെ.എം. മാണി. സിപിഎം ബാര്‍ കോഴക്കേസില്‍ കടുത്ത ആരോപണങ്ങള്‍ നടത്തിയതല്ലേ എന്ന പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കെഎം മാണി: ''കേരളാ കോണ്‍ഗ്രസിനെ മുറിവേല്‍പ്പിക്കാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേരളത്തിലില്ല. കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും എല്ലാവരും മുറിവേല്‍പ്പിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് മാത്രമാണ് അങ്ങനെയൊന്നും ചെയ്യാതിരുന്നത്. പിന്നെ സിപിഎം മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമൊന്നുമല്ലല്ലോ, ഇതൊക്കെ രാഷ്ട്രീയത്തിലെ ഒരു ഏര്‍പ്പാടല്ലേ? അതൊക്കെയുണ്ടാവും രാഷ്ട്രീയത്തില്‍. അതുകരുതി ഒരു കാലത്ത് ഉപദ്രവിച്ചവരോട് ഒരിക്കലും കൂട്ടുണ്ടാക്കാന്‍ പാടില്ല എന്നില്ല. അതിലൊന്നും ഒരു തെറ്റുമില്ല. മുറിവേല്‍പ്പിച്ചതിന്റെ ചോരയൊക്കെ വാര്‍ന്നൊഴുകിപ്പോയില്ലേ? അതൊക്കെ മറികടന്ന് കേരള കോണ്‍ഗ്രസ് തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന മട്ടില്‍ നില്‍ക്കുകയല്ലേ?''
കോട്ടയം ജില്ലാപഞ്ചായത്തിലുണ്ടായ സംഭവം നിര്‍ഭാഗ്യകരംതന്നെയാണ്. എന്നുകരുതി നടപടിയെടുക്കാനൊന്നും പോകുന്നില്ല. പ്രാദേശികമായുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്നുണ്ടാക്കിയ പരിഹാരമായിരുന്നു അത്. അതെനിക്ക് മനസ്സിലായി. ഞാനതിനെ അംഗീകരിക്കുന്നു. ബാക്കിയുള്ളതൊക്കെ ഞാനേറ്റെടുക്കുന്നു എന്നു പറഞ്ഞ മാണിയോട് പി.ജെ. ജോസഫിന്റെ അഭിപ്രായം ഇതല്ലല്ലോ എന്നു പറഞ്ഞപ്പോള്‍: ''പി.ജെ. ജോസഫിന്റെ അഭിപ്രായംതന്നെയല്ലേ ഞാനും പറയുന്നത് നിര്‍ഭാഗ്യകരമായെന്ന്. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കേണ്ട. അങ്ങനെയൊന്നുമില്ല.''
കെ.എം. മാണി രാഷ്ട്രീയ മര്യാദകേടാണ് കാട്ടിയത് എന്ന രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ക്ക് മറുപടിയായി കെ.എം. മാണി പറഞ്ഞത്: ''അതൊക്കെ അന്തസാര വിഹീനമായ അല്‍പ്പത്തം. അത്രേ അതിനൊക്കെ മറുപടിയുള്ളു. പിന്നെ ഞങ്ങളാരുടെയും അടുത്തേക്ക് അപേക്ഷയുമായി ഞങ്ങളെ എടുക്കുമാറാകണമേ എന്നു പറഞ്ഞ് പോയിട്ടില്ല. അന്തസ്സുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അപേക്ഷയുമായി കുനിഞ്ഞുനില്‍ക്കുന്ന പാരമ്പര്യം കേരള കോണ്‍ഗ്രസിനില്ല.''
ജോസ് കെ. മാണിയെക്കുറിച്ചുള്ള കെ.സി.ജോസഫിന്റെ പരാമര്‍ശത്തിനുള്ള മറുപടി: ''സത്യസന്ധമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നയാളാണ് ജോസ് കെ. മാണി. അതിലെനിക്ക് അഭിമാനമുണ്ട്. അവന്‍ പാവം ഇതൊന്നും അറിഞ്ഞിട്ടില്ല. ജോസ് കെ. മാണി അങ്ങ് ലണ്ടനിലാ. പിന്നെ ജോസ് കെ. മാണിയ്‌ക്കെതിരെ അജണ്ടയുള്ളോരൊക്കെയാണ് അവനെയും ഇതിലോട്ട് വലിച്ചിടുന്നത്.''
കോണ്‍ഗ്രസ്സുമായി ധാരണയുള്ള പ്രാദേശികതലങ്ങളിലൊക്കെ ഇനി എന്ത് എന്ന ചോദ്യത്തിനുള്ള മാണിയുടെ മറുപടി: ''പരസ്പരം ഇടിക്കാതിരിക്കുന്നത് രണ്ടുപേര്‍ക്കും കൊള്ളാം. നഷ്ടം രണ്ടുപേര്‍ക്കും ഉണ്ടാകും. കോട്ടയത്ത് നടന്നത് പ്രാദേശിക വികാരമായി വിസ്മരിക്കുക. തല്‍ക്കാലം മിണ്ടാതിരിക്കുക. അതാണ് നല്ലത്.''
മാണിയ്‌ക്കെതിരെയുള്ള സിപിഐയുടെ നിലപാടിനുനേരെയും മാണി പ്രതികരിച്ചു. ''സി.പി.ഐ.യ്ക്ക് ഭയമാണ്. കയര്‍ കാണുമ്പോള്‍ പാമ്പാണെന്ന് കരുതി ഭയക്കുകയാണ് സി.പി.ഐ. അവരോട് ഞാനെത്രയോ മുമ്പുതന്നെ പറഞ്ഞതാണ്. പേടിക്കേണ്ട. ഒന്നും സംഭവിക്കില്ലെന്ന്. ഞങ്ങളെങ്ങാന്‍ അങ്ങോട്ട് വന്നാല്‍ സിപിഐയുടെ ഗ്രേഡ് കുറയുമെന്നാണ് അവരുടെ ഭയം. ഞാനന്നേ പറഞ്ഞതല്ലേ, പേടിക്കേണ്ടാന്ന്.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com