ആ 25,000 രൂപയും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് വസൂലാക്കണം: പന്ന്യന്‍ രവീന്ദ്രന്‍ 

സര്‍ക്കാരിനേറ്റ തിരിച്ചടി ഉപദേശികള്‍ വരുത്തിവെച്ച വിനയാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍
ആ 25,000 രൂപയും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് വസൂലാക്കണം: പന്ന്യന്‍ രവീന്ദ്രന്‍ 

സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനേറ്റ തിരിച്ചടി ഉപദേശികള്‍ വരുത്തിവെച്ച വിനയാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഈ തിരിച്ചടി സര്‍ക്കാരിനും ഇടതുപക്ഷത്തിനും കനത്ത മാനക്കേടാണ് വരുത്തിവെച്ചത്. ഉപദേശം കൊടുക്കുന്നവര്‍ക്ക് ഒരു കുഴപ്പവുമില്ല,ഇതിന്റെ മുഴുവന്‍ ദോഷവും ഏറ്റെടുക്കേണ്ടി വരുന്നത് കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ജനങ്ങളാണെന്ന് പന്ന്യന്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 


സുപ്രീംകോടതി പറഞ്ഞിരിക്കുന്നത് 25,000 രൂപ പിഴ അടക്കണം എന്നാണ്.അത് ഉപദേശികളുടെ കയ്യില്‍ നിന്നും ഈടാക്കണം. പിഴ മാത്രം പോരാ വക്കീല്‍ ഫീസും മറ്റു ചെലവുകളും അവരുടെ കയ്യില്‍ നിന്ന് തന്നെ വാങ്ങണം.സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.  അവര്‍ക്ക് നിയമോപദേശം കൊടുക്കുമ്പോള്‍ നിയമജ്ഞന്‍മാര്‍ നിയത്തിന്റെ എല്ലാ നൂലാമാലകളും പഠിച്ചുവേണം നിയമോപദേശം നല്‍കാന്‍. ഇതുപോലെ പൊളിയുന്ന കള്ളക്കേസിന് ഉപദേശം കൊടുക്കുകയല്ല വേണ്ടത്. ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഉപദേശികളില്‍ നിന്ന് ഇതിന്റെ കോടതി ചെവലവും കേസ് ചെലവും വസൂലാക്കണം. എന്നിട്ടത് ജനങ്ങളെ അറിയിക്കണം. അദ്ദേഹം പറഞ്ഞു.


സെന്‍കുമാറിനെ മാറ്റിയത് രാഷ്ട്രീയ തീരുമാനം ആയിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത് ആഭ്യന്തര വകുപ്പിന്റെ മാത്രം തീരുമാനമായിരുന്നു. ഇത്തരം നടപടികളൊക്കെ കുറച്ചുകൂടി അവധാനതയോടെ ചെയ്താല്‍ സര്‍ക്കാര്‍ അനാവശ്യമായി പ്രതിസന്ധിയില്‍ ആകുന്ന സാഹചര്യം ഒഴിവാക്കമെന്നും കാനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com