വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തുചെയ്യണമെന്ന് അറിയാം: സ്വരം കടുപ്പിച്ച്‌ സുപ്രീം കോടതി

വിധിയില്‍ ഒരു വ്യക്തത കുറവുമില്ലെന്നു വ്യക്തമാക്കിയാണ് കോടതി സര്‍ക്കാരിന്റെ അപേക്ഷ തള്ളിയത്. 
വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തുചെയ്യണമെന്ന് അറിയാം: സ്വരം കടുപ്പിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ താക്കീത്. വിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി മുന്നറിയിപ്പു നല്‍കിയത്.

കേസ് പരിഗണനയ്ക്ക് എടുത്ത ഉടനെ ടിപി സെന്‍കുമാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വിധി നടപ്പാക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. വിധി വന്നിട്ട് രണ്ടാഴ്ചയാവുന്നു. ഇതുവരെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് മനസിലാവുന്നതെന്ന് ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നാണ് വ്യക്തതാ അപേക്ഷയിലൂടെ ബോധ്യമാവുന്നതെന്നും ദുഷ്യന്ത് ദവെ അറിയിച്ചു. 

തുടര്‍ന്ന് കോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്റെ പ്രതികരണം ആരാഞ്ഞു. വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. സെന്‍കുമാറിനെ മുന്‍ സര്‍ക്കാര്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചിരുന്നില്ല, സെന്‍കുമാറിനെ നിയമിക്കുമ്പോള്‍ നിലവില്‍ പൊലീസ് മേധാവിയായ ലോക്‌നാഥ് ബഹറയുടെ പദവി, സെന്‍കുമാറിന്റെ നിയമനത്തിന് ഒപ്പം നടത്തിയ നിയമനങ്ങള്‍ തുടങ്ങിയ വാദഗതികളും സര്‍ക്കാര്‍ അഭിഭാഷകന്‍ മുന്നോട്ടുവച്ചു. എന്നാല്‍ ഇത്തരം വാദങ്ങള്‍ തുടക്കത്തില്‍ തന്നെ കോടതി തള്ളി. വിധി നടപ്പാക്കാതിരുന്നതിന് ഇതൊന്നും കാരണമല്ലെന്നു വ്യക്തമാക്കിയ കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് അറിയാമെന്ന് സ്വരം കടുപ്പിക്കുകയായിരുന്നു. വിധിയില്‍ ഒരു വ്യക്തത കുറവുമില്ലെന്നു വ്യക്തമാക്കിയാണ് കോടതി സര്‍ക്കാരിന്റെ അപേക്ഷ തള്ളിയത്. 

ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സെന്‍കുമാറിന്റെ നിമയനത്തിന്റെ നടപടികള്‍ അറിയിച്ചില്ലെങ്കില്‍ കടുത്ത നടപടികളുണ്ടാവും എ്ന്ന സൂചനയാണ് കോടതി നല്‍കിയത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ വിളിച്ചുവരുത്തണമെന്ന സെന്‍കുമാറിന്റെ അഭിഭാഷകന്റെ ആവശ്യം തത്കാലം പരിഗണിക്കുന്നില്ലെന്ന് ജസ്റ്റിസ് മദര്‍ ബി ലോകുറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് അറിയിച്ചത്. അതേസമയം കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോവാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. 

സര്‍ക്കാര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി തിങ്കളാഴ്ചയും സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ചയുമാണ് സുപ്രിം കോടതി പരിഗണിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com