സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; വ്യക്തതാ അപേക്ഷ തള്ളി, കോടതിച്ചെലവ് കെട്ടിവയ്ക്കണം

വിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത് തെറ്റായ നടപടിയാണെന്ന് കോടതി
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; വ്യക്തതാ അപേക്ഷ തള്ളി, കോടതിച്ചെലവ് കെട്ടിവയ്ക്കണം

ന്യൂഡല്‍ഹി: ടിപി സെന്‍കുമാര്‍ കേസില്‍ പിണറായി സര്‍ക്കാരിന് സുപ്രിം കോടതിയില്‍ കനത്ത തിരിച്ചടി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. സര്‍ക്കാര്‍ കോടതി ചെലവ് ആയി 25,000 രൂപ കെട്ടിവയ്ക്കാന്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

വിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത് തെറ്റായ നടപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഒരുവിധത്തിലുള്ള വാദഗതികളും കേള്‍ക്കാന്‍ കോടതി തയാറായില്ല. സംസ്ഥാന പൊലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിച്ചിട്ടില്ല എന്നും പൊലീസ് സേനയുടെ ചുമതലയുള്ള ഡിജിപി ആയാണ് സെന്‍കുമാറിനെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത് എന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഇക്കാര്യങ്ങള്‍ റിവ്യു ഹര്‍ജി പരിഗണിക്കുമ്പോള്‍ കേള്‍ക്കാമെന്നും വിധി നടപ്പാക്കാത്തതിന് ഇതൊന്നും ന്യായീകരണമല്ലെന്നും കോടതി വ്യക്തമാക്കി.

വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി കേള്‍ക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും കോടതി പരിഗണിക്കും. വിധി നടപ്പാക്കാന്‍ ചുമതലപ്പെട്ട ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരെ സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. നളിനി നെറ്റോയെ വിളിച്ചുവരുത്തണമെന്ന് സെന്‍കുമാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ ഇത്തരമൊരു നടപടിയിലേക്കു പോകേണ്ടതില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.  

സംസ്ഥാന പൊലീസ് മേധാവിയായി സെന്‍കുമാറിനെ പുനസ്ഥാപിക്കാന്‍ നിര്‍ദേശിച്ച് ഏപ്രില്‍ 24ന് ആണ് സുപ്രിം കോടതി ഉത്തരവിട്ടത്. ഇതില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സെന്‍കുമാറിനെ വീണ്ടും നിയമിക്കുന്നതിലൂടെ ഇപ്പോഴത്തെ മേധാവി ലോക്്‌നാഥ് ബെഹറയുടെ പദവി സംബന്ധിച്ച് അവ്യക്തതയുണ്ടെന്നാണ് പ്രധാനമായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com