സെന്‍കുമാര്‍ ഡിജിപിയായി ഇന്ന് ചുമതലയേല്‍ക്കും, നിയമപോരാട്ടത്തിന്റെ നാള്‍വഴികള്‍ ഇങ്ങനെ

ഉത്തരവ് ലഭിച്ചാല്‍ ഇന്ന് ചുമതലയേല്‍ക്കുമെന്ന് സെന്‍കുമാര്‍ 
സെന്‍കുമാര്‍ ഡിജിപിയായി ഇന്ന് ചുമതലയേല്‍ക്കും, നിയമപോരാട്ടത്തിന്റെ നാള്‍വഴികള്‍ ഇങ്ങനെ

തിരുവനന്തപുരം: സംഭവബഹുലമായിരുന്നു സര്‍ക്കാരിനെതിരെയുള്ള ഡിജിപി സെന്‍കുമാറിന്റെ നിയമപോരാട്ടം. കഴിഞ്ഞ വര്‍ഷം മെയ് 16നായിരുന്നു ഡിജിപി സ്ഥാനത്ത് നിന്നും നീക്കി പിണറായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. പകരം തന്നെക്കാള്‍ രണ്ട് ബാച്ച് ജൂനിയറായ ലോക് നാഥ് ബഹ്‌റയെ പോലീസ് മേധാവിയായി നിയമിച്ചു. നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍ക്കാരിന്റെ നടപടിക്കെതിരെ സെന്‍കുമാര്‍ രൂക്ഷമായി പ്രതികരിച്ചു. തനിക്ക് ബഹ്‌റയാകാന്‍ കഴിയില്ലെന്നും അധികാരത്തിനായി ആരുടെയും പുറകെ പോകാന്‍ താനില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയ സെന്‍കുമാറിനെ കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ എംഡിയായിട്ടായിരുന്നു സര്‍ക്കാര്‍ നിയമിച്ചത്. പദവി ഏറ്റെടുക്കാതെ സെന്‍കുമാര്‍ അവധിയില്‍ പോയി. സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള തീരുമാനത്തിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. ഇവിടെ നിന്ന്് സര്‍ക്കാരിന് അനുകൂലമായ വിധിയാണുണ്ടായത്. തുടര്‍ന്ന് സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. അതിനിടെ സര്‍ക്കാര്‍ കെപിഎച്ച്‌സിസി എംഡിയായി ഐജി ബല്‍റാം കുമാര്‍ ഉപാധ്യയെ നിയമിച്ചു. 

സെന്‍കുമാറിന്റെ അവധി കാലാവധി കഴിയുകയും കോടതി വ്യവഹാരങ്ങള്‍ നീണ്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധത അറിയിച്ച് സെന്‍കുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. തുടര്‍ന്ന് സര്‍ക്കാര്‍ ഐഎംഡി ഡയറക്ടറായി സെന്‍കുമാറിനെ നിയമിച്ചു. കേസ് സുപ്രീം കോടതിയുടെ അന്തിമഘട്ടത്തിലേക്ക് കടന്നപ്പോള്‍ കാര്യപ്രാപ്തിയില്ലാത്ത ഉദ്യേഗസ്ഥനായതിനെ തുടര്‍ന്നാണ് സെന്‍കുമാറിനെ സ്ഥലം മാറ്റിയതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം കളവാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ സെന്‍കുമാര്‍ എതിര്‍ സ്ത്യവാങ്മൂലം നല്‍കുകയായിരുന്നു.

സെന്‍കുമാറിനെ മാറ്റിയതിനെ തുടര്‍ന്നുള്ള ഫയലുകള്‍ ഹാജരാക്കാനും പുറ്റിങ്ങല്‍, ജിഷ കേസുകളുടെ അന്വേഷണ പുരോഗതി അറിയിക്കാനും സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എ്ന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം നീട്ടിചോദിച്ച സര്‍ക്കാര്‍ അപേക്ഷ കോടതി തള്ളി. തുടര്‍ന്നായിരുന്നു കോടതിയുടെ അന്തിമവിധി. സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാകാമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. എ്ന്നാല്‍ വിധി നടപ്പാക്കാതെ സര്‍ക്കാര്‍ നിയമോപദേശം തേടുകയായിരുന്നു. എത്രയും വേഗം നിയമിക്കണമെന്നും ഇല്ലാത്ത പക്ഷം നിയമനടപടി നേരിടുമെന്നുമായിരുന്നു നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

പുനപരിശോധനയ്ക്ക് സാധ്യതയില്ലെന്ന് നിയമസെക്രട്ടറിയുടെ അഭിപ്രായം തള്ളിയ സര്‍ക്കാര്‍ വിധിയില്‍ വ്യക്തതേടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടി. ഇതിനിടെ നിയമനത്തിന് തടസം ചീഫ്‌സെക്രട്ടറി നളിനി നെറ്റോ തടസം നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ഇതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായി. സെന്‍കുമാര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനമാകുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ്അതിനിടെ വിണ്ടും വിധിയില്‍ വ്യക്തത തേടിയും ഭേദഗതിയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെയ് മൂന്നിന് പ്രത്യേക ഹര്‍ജികള്‍ സമര്‍പ്പിച്ചെങ്കിലും സുപ്രീം കോടതി തള്ളി. ഇന്ന് ഉച്ചയോടെ സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി അവസാനിക്കാന്‍ ഇനി 65 ദിവസം മാത്രമാണ് ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com