സെന്‍കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും; നിയമയുദ്ധം വിജയിച്ചെത്തിയതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച
By സമകാലിക മലയാളം ഡസ്‌ക് | Published: 08th May 2017 07:58 AM |
Last Updated: 08th May 2017 12:33 PM | A+A A- |

തിരുവനന്തപുരം: 11 മാസത്തെ നിയമയുദ്ധം ജയിച്ച് കേരളത്തിന്റെ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ സെന്‍കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. ഡിജിപിയായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് സെന്‍കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ന് വൈകുന്നേരും 4.30ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവയെ നിയമിച്ചതില്‍ ഉള്‍പ്പെടെ സെന്‍കുമാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന കൂടിക്കാഴ്ച നിര്‍ണായകമായിരിക്കും. ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും പൊലീസിന്റെ ഉപദേഷ്ടാവല്ലെന്നുമായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. ഇക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.
സര്‍ക്കാരിനെ വെല്ലുവിളിച്ച് ഡിജിപി പദവിയിലേക്ക് തിരിച്ചെത്തിയ സെന്‍കുമാറും ഒരുമിച്ചുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന് കണ്ടറിയണം. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ആറ് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും നീക്കുന്നത്. പൂറ്റിങ്ങല്‍ അപകടം, ജിഷ കേസ് എന്നിവയില്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.