പിഴ ചുമത്തിയിട്ടില്ല, ഹര്‍ജി തള്ളിയത് ചെലവു സഹിതം; മുഖ്യമന്ത്രിയുടെ വാദം സാങ്കേതികമായി ശരി

വ്യക്തത തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി പിഴ ചുമത്തിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സാങ്കേതിതമായി ശരിയെന്ന് നിയമവിദഗ്ധര്‍
പിഴ ചുമത്തിയിട്ടില്ല, ഹര്‍ജി തള്ളിയത് ചെലവു സഹിതം; മുഖ്യമന്ത്രിയുടെ വാദം സാങ്കേതികമായി ശരി

ന്യൂഡല്‍ഹി: ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി പിഴ ചുമത്തിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സാങ്കേതിതമായി ശരിയെന്ന് നിയമവിദഗ്ധര്‍. ഹര്‍ജി ചെലവു സഹിതം തള്ളുകയാണ് സുപ്രീം കോടതി ചെയ്തത്. എന്നാല്‍ ഫലത്തില്‍ ഇതു പിഴ ശിക്ഷ തന്നെയെന്നും നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ അപേക്ഷ പിന്‍വലിക്കാന്‍ അനുമതി തേടിയെങ്കിലും 25,000 രൂപ കോടതിച്ചെലവു സഹിതം ഹര്‍ജി തള്ളുന്നതായാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ തുക ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കു കൈമാറാനും ജുവനൈല്‍ ജസ്റ്റിസ് കാര്യങ്ങള്‍ക്കായി വിനിയോഗിക്കാനുമാണ് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇത് നിയമപ്രകാരമുള്ള പിഴ ശിക്ഷയല്ലെന്ന് പ്രമുഖ അഭിഭാഷകനായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. 

കോടതിയുടെ സമയം മെനക്കെടുത്തി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ ചെലവു സഹിതം തള്ളുന്നത്. സുപ്രിം കോടതി അതിന്റെ സമയത്തിനിട്ട വിലയാണ് 25,000 രൂപ. ഇതിനെ പിഴയായി കാണാനാവില്ല. എന്നാല്‍ ഫലത്തില്‍ ഇതും പിഴശിക്ഷയായാണ് വരുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന്റെ നടപടികള്‍ പൂര്‍ണമായും ശരിയാണെന്നു കരുന്നില്ല. എന്നാല്‍ വ്യക്തത തേടി സുപ്രിം കോടതിയെ സമീപിച്ചതിലൂടെ നിയമപരമായി അനുവദനീയമായ ഒരു സാധ്യത ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിനെ സമയം മെനക്കെടുത്തലായി സുപ്രീം കോടതി കണ്ടതും ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

പിഴ വിധിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സാങ്കേതികം മാത്രമെന്ന് നിയമവിദഗ്ധന്‍ അഡ്വ. കാളീശ്വരം രാജ് പറഞ്ഞു. ഇത്തരം വാദങ്ങളില്‍ പിടിച്ചുതൂങ്ങാനെ ഇനിയെങ്കിലും കോടതിവിധിയുടെ അന്തസത്ത മനസിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സുപ്രീം കോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്ന് നിയമസഭയിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കേസില്‍ സര്‍ക്കാര്‍ മാപ്പു പറഞ്ഞു എന്ന വാദവും ശരിയല്ല. ഇരുപത്തി അയ്യായിരം രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു കൈമാറാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. സര്‍ക്കാര്‍ സ്വീകരിച്ചത് നിയമപരമായ നടപടികള്‍ മാത്രമാണ്. സെന്‍കുമാര്‍ കേസില്‍ കോടതിയലക്ഷ്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സര്‍ക്കാരിന് സുപ്രിം കോടതി പിഴ ചുമത്തിയ സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്ത്ര പ്രമേയത്തിന് നോട്ടീസ് നല്‍കി. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഇത്തരമൊരു സംഭവമെന്ന് നോട്ടീസ് നല്‍കിയ കെ മുരളീധരന്‍ പറഞ്ഞു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com