മഹാരാജാസ് കോളേജിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം യോഗ്യതയില്ലാത്ത പ്രിന്‍സിപ്പല്‍, ചോദ്യം ചെയ്യുന്നവരെ പുകച്ച് പുറത്താക്കാന്‍ നീക്കമെന്ന് എസ്എഫ്‌ഐ

കോടികള്‍ മുടക്കി പുതിയ ഹോസ്റ്റല്‍ നിര്‍മ്മിക്കാനുള്ള പ്രിന്‍സിപ്പളിന്റെ താത്പര്യത്തിന് പിന്നില്‍ സാമ്പത്തിക താത്പര്യങ്ങള്‍ ഉണ്ടോയെന്നും സംശയിക്കണമെന്നും എസ്എഫ്‌ഐ
മഹാരാജാസ് കോളേജിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം യോഗ്യതയില്ലാത്ത പ്രിന്‍സിപ്പല്‍, ചോദ്യം ചെയ്യുന്നവരെ പുകച്ച് പുറത്താക്കാന്‍ നീക്കമെന്ന് എസ്എഫ്‌ഐ

കൊച്ചി: മഹാരാജാസ് കോളേജിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം യോഗ്യതയില്ലാത്ത പ്രിന്‍സിപ്പാളെന്ന് എസ്എഫ്‌ഐ. യോഗ്യതയില്ലാത്ത പ്രിന്‍സിപ്പളിനെ മാറ്റണമെന്ന എസ്എഫ്‌ഐ നിലപാടാണ് വിദ്യാര്‍ത്ഥി വിരുദ്ധ നിക്കങ്ങളിലേക്ക് പ്രിന്‍സിപ്പള്‍ എത്താനിടയായത്. കോളേജ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ പറ്റാത്ത അവസ്ഥായിലാണെന്ന് പറഞ്ഞ് പിഡ്ബഌഡിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിയ നിലപാടിനെ ചോദ്യം ചെയ്തതും എസ്എഫ്‌ഐ പ്രവര്‍ത്തകരോട് വിരോധത്തിന് കാരണമായി. നിലവില്‍ വലിയ കേടുപാടുകള്‍ സംഭവിക്കാത്ത ഹോസ്റ്റല്‍ പുതുക്കി പണിയേണ്ട സാഹചര്യമില്ല. കോടികള്‍ മുടക്കി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പിന്നില്‍ സാമ്പത്തിക താത്പര്യങ്ങള്‍ ഉണ്ടോയെന്നും സംശയിക്കണമെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു. ടെ പ്രിന്‍സിപ്പളിനുണ്ടാകുന്ന നേട്ടം ലക്ഷ്യമിട്ടാണ് പുതിയ ഹോസ്റ്റല്‍ നിര്‍മ്മിക്കാനുള്ള പ്രിന്‍സിപ്പളിന്റെ തീരുമാനം.

മഹാരാജാസ് കോളേജില്‍ ആയുധ ശേഖരം കണ്ടെടുത്ത സംഭവത്തില്‍ സമഗ്രമായ അന്വേഷം നടത്തണമെന്നാതാണ് എസ്എഫ്‌ഐ നിലപാടെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഹരി പറയുന്നു. കോളേജില്‍ ആയുധം വെച്ചത് എസ് എഫ്‌ഐക്കാര്‍ അല്ല. കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആയുധം കൊണ്ട് വെക്കലായിരുന്നു എസ്എഫ്‌ഐക്കാരുടെ ലക്ഷ്യമെങ്കില്‍ ഓട് പൊളിക്കുകയോ ഏണി കൊണ്ടുവെക്കുകയോ ചെയ്യില്ലായിരുന്നു.  വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറാന്‍ എന്തിനാണ് ഞങ്ങള്‍ക്ക് ഏണിയെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചോദിക്കുന്നു. 

ആയുധശേഖരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പള്‍ എടുത്ത നിലപാടാണ് സംശയകരം. ഒരു ഹോസ്റ്റലില്‍ നിന്ന് ആയുധം കണ്ടെത്തിയാല്‍ ആദ്യം വിളിച്ചു പറയേണ്ടത് പൊലീസിനോടാണ്. എന്നാല്‍ ടീച്ചര്‍ ആദ്യം വിളിച്ച്ത് മനോരമ ന്യൂസിനെയാണ്. മനോരമാ റിപ്പോര്‍ട്ടറോട് ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം എസ്എഫ്‌ഐ ഗുണ്ടകളും ക്രിമിനലുകളുമാണെന്ന് പറഞ്ഞപ്പോഴാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പളിനെ ചോദ്യം ചെയ്യുന്ന സ്ഥിതിയുണ്ടായത്. 

ആദ്യം മുതലെ വിദ്യാര്‍ത്ഥികളെ ഹോസ്റ്റിലില്‍ നിന്ന് ഒഴിവാക്കാനുള്ള സമീപനമാണ് പ്രിന്‍സിപ്പല്‍ കൈക്കൊണ്ടത്. തുടര്‍ന്ന് എസ്എഫ്‌ഐ നടത്തിയ സമരത്തിന്റെ ഭാഗമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സാഹചര്യമുണ്ടായത്. അല്ലാതെ ടീച്ചര്‍ പറയുന്നതുപോലെ ഔദാര്യത്തിന്റെ ഭാഗമായല്ല. വെക്കേഷന്‍ സമയത്ത് പരീക്ഷയുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികളെ മാറ്റരുതെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ടീച്ചര്‍ കുറച്ച് ദിവസത്തേങ്കിലും വിദ്യാര്‍ത്ഥികളെ മാറ്റണമെന്ന ടീച്ചറുടെ പിടിവാശിയെ തുടര്‍ന്ന് മാറ്റിയപ്പോഴാണ് ആയുധം കോളേജില്‍ വന്നത്. ഹോസ്റ്റല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് കുട്ടികളെ മാറ്റിയാല്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് എസ്എഫ്‌ഐ സമരവുമായി മുന്നോട്ട പോയ്ത. നിരവധി ആദിവാസി, ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ മറ്റൊരിടം ലഭിക്കാത്ത സാഹചര്യമുണ്ടായപ്പോള്‍ ടീച്ചര്‍ പറഞ്ഞത് വിദ്യാര്‍ത്ഥികള്‍ എംജി റോഡിലോ മെട്രോ തൂണിനടിയിലോ കിടക്കട്ടെയെന്നാണ്. എന്നിട്ടാണ് ടീച്ചര്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളാണ് കുഴപ്പങ്ങള്‍ക്ക് പിന്നിലെന്ന പ്രചാരം നടത്തുന്നത്. 

മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളായി തുടരാന്‍ യോഗ്യതയില്ലെന്നത് എസ്എഫ്‌ഐക്കാര്‍ ചോദ്യം ചെയ്തതും എസ്എഫ്‌ഐക്കാരോടുള്ള വിരോധത്തിന് കാരണമായി. കോളേജിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും യോഗ്യതയില്ലാത്ത പ്രിന്‍സിപ്പള്‍ മാറണമെന്ന മെമ്മോറാണ്ടത്തില്‍ ഒപ്പിട്ടുണ്ട്. ഈ മെമ്മോറാണ്ടം അടുത്ത ദിവസം വിദ്യാഭ്യാസമന്ത്രിക്ക് കൈമാറുമെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കോളേജില്‍ വന്ന് ആക്രമിച്ചിട്ടും അവര്‍ക്കെതിരെ ഒരക്ഷരം പോലും പറയാതെ എംഎല്‍എമാരായ ഹൈബി ഈഡനെയും പിടി തോമസിനെയും അപ്പുറവും ഇപ്പുറവും ഇരുത്തി പറഞ്ഞ തീര്‍ത്ത പ്രിന്‍സിപ്പാളാണ് ഇപ്പോള്‍ എസ്എഫ്‌ഐയെ കരിവാരിത്തേക്കാനുള്ള ശ്രമം നടത്തുന്നത്.

പ്രിന്‍സിപ്പാളായി ചുമതലയേറ്റ ശേഷം മുതല്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളാണ് ടീച്ചര്‍ കൈക്കൊണ്ടത്. പെണ്‍കുട്ടികള്‍ കോളേജില്‍ എത്തുന്നത് ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണെന്നും, കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഹാജര്‍ നല്‍കാനാവില്ലെന്നും തുടങ്ങി നിരവധി വിദ്യാര്‍്ത്ഥി വിരുദ്ധ നടപടികള്‍ ചൂണ്ടിക്കാണിക്കാനാകുമെന്നും ടീച്ചറുടെ നിലപാടിനോട് കോളേജിലെ അധ്യാപകര്‍ക്ക് തന്നെ യോജിപ്പില്ലെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com