മുഖ്യമന്ത്രിക്കു വീണ്ടും തെറ്റി; നിരുപാധികം മാപ്പ് അപേക്ഷിച്ച് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍

വിധി നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെങ്കില്‍ നിരുപാധികം മാപ്പുചോദിക്കുന്നതായാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറയുന്നത്
മുഖ്യമന്ത്രിക്കു വീണ്ടും തെറ്റി; നിരുപാധികം മാപ്പ് അപേക്ഷിച്ച് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ടിപി സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മാപ്പ് അപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനു പിന്നാലെ പരമോന്നത കോടതിയില്‍ ചീഫ് സെക്രട്ടറിയുടെ നിരുപാധിക മാപ്പപേക്ഷ. സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ മാപ്പ് അപേക്ഷിച്ചത്.

നിയമോപദേശത്തിനു കാത്തിരുന്നതിനാലാണ് വിധി നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടായതെന്ന് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിച്ചത്. എജിയുടെയും നിയമ സെക്രട്ടറിയുടെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വിധി നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെങ്കില്‍ നിരുപാധികം മാപ്പുചോദിക്കുന്നതായാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറയുന്നത്. കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ ഉത്തരവു നല്‍കണമെന്നും സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി അഭ്യര്‍ഥിച്ചിട്ടുണ്ട്.

സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ മാപ്പ് അപേക്ഷിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടസിന് മറുപടി പറയുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കേസില്‍ വ്യക്തത തേടി അപേക്ഷ നല്‍കിയത് നിയമപരമായാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതില്‍ പിഴ വിധിച്ചിട്ടില്ല. ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു 25,000 രൂപ നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്. കോടതിയില്‍ മാപ്പപേക്ഷിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധി നടപ്പാക്കുന്നതു വൈകിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ സെക്രട്ടറി നളിനി നെറ്റോയ്ക്ക്എതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. കേസ് കോടതി നാളെ പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com