സര്‍ക്കാരിന് കോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും മുഖ്യന്‍

ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് 25000 രൂപ നല്‍കണമെന്ന് മാത്രമാണ് കോടതി പറഞ്ഞത്‌. ബാലനീതി പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഈ തുക ഉപയോഗിക്കുകയെന്നും മുഖ്യമന്ത്രി
സര്‍ക്കാരിന് കോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും മുഖ്യന്‍

തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് കോടതി പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് 25000 രൂപ നല്‍കണമെന്ന് മാത്രമാണ് കോടതി പറഞ്ഞതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ബാലനീതി പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഈ തുക ഉപയോഗിക്കുക.

സെന്‍കുമാര്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.സെന്‍കുമാര്‍ കേസ് സര്‍ക്കാരിന് തിരിച്ചടിയായെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി. സെന്‍കുമാര്‍കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ല. പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോടതിയലക്ഷ്യം നടന്നിട്ടില്ല. എജിയുടെ ഉപദേശം അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു. സുപ്രീംകോടതി പിഴ വിധിച്ചിട്ടില്ലെന്ന് നിയമകാര്യ മന്ത്രി എ.കെ.ബാലനും സഭയില്‍ വ്യക്തമാക്കി.

സെന്‍കുമാര്‍ വിഷയത്തില്‍ കെ.മുരളീധരന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സെന്‍കുമാര്‍ കേസുമായി ബന്ധപ്പെട്ട കോടതി വിധി ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വിധി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായതായും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. 

ഉപദേശകരെല്ലാം കൂടി സര്‍ക്കാരിനെ ഉപദേശിച്ച് ഉപദേശിച്ച് ഒരു വഴിക്കാക്കിയിരിക്കുകയാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കവെ കെ.മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com