ജിഷ്ണുവിന്റെ അമ്മയ്ക്ക് നല്‍കിയ ഉറപ്പുകള്‍ മുഖ്യമന്ത്രി മറന്നു; ഉറപ്പ് നല്‍കി ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് ജിഷ്ണുവിന്റെ കുടുംബം ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്
ജിഷ്ണുവിന്റെ അമ്മയ്ക്ക് നല്‍കിയ ഉറപ്പുകള്‍ മുഖ്യമന്ത്രി മറന്നു; ഉറപ്പ് നല്‍കി ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല

ജിഷ്ണുവിന്റെ മരണത്തില്‍ ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായിട്ടായിരുന്നു ജിഷ്ണുവിന്റെ അമ്മയും കുടുംബവും സമരം ആരംഭിച്ചത്. പൊലീസ് റോഡിലിട്ട് വലിച്ചിഴച്ചിട്ടും പിന്മാറാന്‍ തയ്യാറാകാതിരുന്ന ജിഷ്ണുവിന്റെ അമ്മയും സഹോദരി വൈഷ്ണവിയും മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ വിശ്വസിച്ചായിരുന്നു നിരാഹാരസമരം അവസാനിപ്പിച്ചത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.

അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങളില്‍ ഒന്ന്. എന്നാല്‍ അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നതിന് പകരം പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കമുണ്ടായതോടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് ജിഷ്ണുവിന്റെ കുടുംബം ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്. 

മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇവരോട് ആവര്‍ത്തിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പാര്‍ട്ടി വഴി ഉന്നയിക്കാനാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ തീരുമാനം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കും.

ഡിജിപി ഓഫീസിന് മുന്നില്‍ മഹിജയെ റോഡിലിട്ട് വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും ഒരുമാസം പിന്നിട്ടിട്ടും പാലിക്കപ്പെട്ടിട്ടില്ല. 

സമരം അവസാനിക്കുന്ന ദിവസം നെഹ്‌റു കോളെജ് വൈസ് പ്രിന്‍സിപ്പാല്‍ ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. കേസിലെ മറ്റ് പ്രതികളെ കണ്ടെത്താനും പൊലീസിന് സാധിച്ചിട്ടില്ല. നാലാം പ്രതിയായ സി.പി.പ്രവീണ്‍, അഞ്ചാം പ്രതിയായ ഡിപിന്‍ എന്നിവരെ പിടികൂടാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

അതിനിടെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരും. ആദ്യം ഹര്‍ജി പരിഗണിച്ച കോടതി ജിഷ്ണു കേസ് ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും അനുകൂല വിധി ഉണ്ടാകുമെന്നും ജിഷ്ണുവിന്റെ കുടുംബം പ്രതീക്ഷിക്കുന്നു. 

കേസിലെ പ്രതികളായ കൃഷ്ണദാസിന്റേയും മറ്റ് പ്രതികളുടേയും ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി നല്‍കാനും ജിഷ്ണുവിന്റെ കുടുംബം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുന്നത്. 

കരാറിലെ വ്യവസ്ഥകള്‍ 
അന്വേഷണ സംഘത്തെ വിപുലീകരിക്കും. മഹിജയെ റോഡിലിട്ട് വലിച്ചിഴച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.കേസിലെ മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും,ഇനി ജിഷ്ണു പ്രണോയിമാര്‍ ഉണ്ടാവാതിരിക്കാനുള്ള കരുതല്‍ സ്വീകരിക്കും എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com