നീറ്റ് പരീക്ഷ; വീഴ്ചയില്ലെന്ന്‌ സിബിഎസ്ഇ; ചിലരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം

കണ്ണൂര്‍ ടിസ്‌ക് സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ നിരുപാധികം മാപ്പ് പറയണമെന്നും സിബിഎസ്ഇ
നീറ്റ് പരീക്ഷ; വീഴ്ചയില്ലെന്ന്‌ സിബിഎസ്ഇ; ചിലരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം

കൊച്ചി: നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥികളുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ച് പരിശോധന നടത്തിയ സംഭവം വിവാദമായതോടെ വിശദീകരണവുമായി സിബിഎസ്ഇ. വിദ്യാര്‍ഥികളുടെ ദേഹപരിശോധന നടത്തിയതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് സിബിഎസ്ഇയുടെ വിശദീകരണം. കണ്ണൂര്‍ ടിസ്‌ക് സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ നിരുപാധികം മാപ്പ് പറയണമെന്നും സിബിഎസ്ഇ നിര്‍ദേശിച്ചിട്ടുണ്ട്.

ചിലരുടെ അമിത ആവേശമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് സിബിഎസ്ഇയുടെ വാദം. സുപ്രീംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. ഇത് എല്ലാവരേയും അറിയിച്ചതാണെന്നും സിബിഎസ്ഇ വ്യക്തമാക്കുന്നു. 

ഇങ്ങനെ ഒരു സംഭവം നടന്ന വിവരം ടിസ്‌ക് സ്‌കൂളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരോ, വിദ്യാര്‍ഥികളുടെ മാതാപിതാക്കളോ സിബിഎസിഇ അറിയിച്ചിട്ടില്ലെന്നും സിബിഎസ്ഇ പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. മാധ്യമങ്ങള്‍ വഴിയാണ് ഈ സംഭവം സിബിഎസ്ഇയുടെ ശ്രദ്ധയില്‍പ്പെടുന്നത്. 

2015ല്‍ നടന്ന പ്രീമെഡിക്കല്‍ ദന്തല്‍ പരീക്ഷയില്‍ മൈക്രോ ബ്ലൂതൂത്ത് പോലുള്ള ഉപകരണങ്ങള്‍ ചെവിയിലും, അടിവസ്ത്രങ്ങള്‍ക്ക് ഉള്ളിലും ഒളിപ്പിച്ചതായി പൊലീസ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സുപ്രീംകോടതി ആ പരീക്ഷ റദ്ദാക്കുകയും വീണ്ടും പരീക്ഷ നടത്താന്‍ ഉത്തരവിടുകയുമായിരുന്നു. ഇതിന് ശേഷമാണ് സിബിഎസ്ഇ വസ്ത്രധാരണം സംബന്ധിച്ച നിബന്ധന കൊണ്ടുവരികയും പരിശോധന കര്‍ശനമാക്കുകയും ചെയ്തതെന്ന് സിബിഎസ്ഇ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com