സിപിഐ കാണാത്തതാണോ സ്വന്തം വകുപ്പിലെ പ്ലാന്റേഷന്‍ ഭൂമിയില്‍ ഭൂമാഫിയ കുടിലു കെട്ടുന്നത്?

മൂന്നാറില്‍ കൈയേറ്റത്തിനെതിരെ കുരിശുയുദ്ധത്തിനു തുടക്കമിട്ട സിപിഐ സ്വന്തം വകുപ്പിനു കീഴിലെ ഏക്കറു കണക്കിനു ഭൂമി അന്യാധീനപ്പെടുന്നത് കൈയും കെട്ടി നോക്കിനില്‍ക്കുന്നു
സിപിഐ കാണാത്തതാണോ സ്വന്തം വകുപ്പിലെ പ്ലാന്റേഷന്‍ ഭൂമിയില്‍ ഭൂമാഫിയ കുടിലു കെട്ടുന്നത്?


കൊച്ചി: ഒരിഞ്ചു സര്‍ക്കാര്‍ ഭൂമി പോലും നഷ്ടമാവാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂന്നാറില്‍ കൈയേറ്റത്തിനെതിരെ കുരിശുയുദ്ധത്തിനു തുടക്കമിട്ട സിപിഐ സ്വന്തം വകുപ്പിനു കീഴിലെ ഏക്കറു കണക്കിനു ഭൂമി അന്യാധീനപ്പെടുന്നത് കൈയും കെട്ടി നോക്കിനില്‍ക്കുന്നു. സിപിഐ ഭരിക്കുന്ന കൃഷിവകുപ്പിനു കീഴിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കാസര്‍കോട് എസ്‌റ്റേറ്റിലെ ഭൂമിയാണ് ഏതാനും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ കൈയടക്കിയത്. ഭൂമി കൈയേറ്റം സംബന്ധിച്ച് വിജിലന്‍സ് കമ്മിറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും തിരിച്ചുപിടിക്കുന്നതിനുള്ള ഒരു നടപടിയും കൃഷിവകുപ്പ് സ്വീകരിച്ചിട്ടില്ല.

വ്യാജപട്ടയം ഉപയോഗിച്ച് കാസര്‍കോട് എസ്‌റ്റേറ്റിലെ ഭൂമി തട്ടിയെടുന്നതായി 2015 ജൂലൈ മാസത്തില്‍ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് വിജിലന്‍സ് കമ്മിറ്റിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. കോര്‍പ്പറേഷന്റെ വിജിലന്‍സ് ഓഫിസര്‍, കമ്പനി സെക്രട്ടറി, ലീഗല്‍ ഓഫിസര്‍ എന്നിവരടങ്ങിയ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് എസ്‌റ്റേറ്റിന്റെ ചുമതലയുണ്ടായിരുന്ന സിഎം തോമസ്, കാഷ്യൂ പ്രൊഡക്്ഷന്‍സ് ചുമതല വഹിച്ചിരുന്ന എസ്റ്റേറ്റ് മാനേജര്‍ ജസ്റ്റിസ് കരുണരാജന്‍ എന്നിവര്‍ ഗുരുതരമായ ക്രമക്കേടു കാണിച്ചതായി കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിഎം തോമസ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് ഒഴിച്ചാല്‍ മറ്റു തുടര്‍നടപടികളൊന്നുമുണ്ടായില്ല. സര്‍ക്കാര്‍ മാറിവന്നിട്ടും അന്യാധീനപ്പെട്ടതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ഭൂമി വീണ്ടെടുക്കാന്‍ ഒരു നടപടിയുമെടുത്തിട്ടില്ല. കാസര്‍കോട് വ്യാജപട്ടയ വിഷയത്തില്‍ കോര്‍പ്പറേഷനു പുറത്തുള്ള ആളുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകളെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ കൃഷി വകുപ്പു മുഖേന വിജിലന്‍സിനും റവന്യു ഇന്റലിജന്‍സിനും കത്തു നല്‍കിയെങ്കിലും അതിനും തുടര്‍നടപടികളുണ്ടായില്ല.

കടകംപള്ളി മോഡല്‍ തട്ടിപ്പ്

കടകംപള്ളി ഭൂമി തട്ടിപ്പു കേസിന്റെ മാതൃകയില്‍ വില്ലേജ് ഓഫിസുകളിലെയും മറ്റും ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ചുള്ള തട്ടിപ്പാണ് കാസര്‍കോട്ട് നടന്നത്. 1978ല്‍ കോര്‍പ്പറേഷന്‍ കൃഷിവകുപ്പില്‍നിന്നു വാങ്ങിയ ഭൂമിയില്‍ 581 ഏക്കറിന് ഇപ്പോഴും പട്ടയമില്ല. ഇതിന്റെ മറവിലാണ് വ്യാജ പട്ടയങ്ങള്‍ ഉണ്ടാക്കി ഭൂമാഫിയാ സംഘങ്ങള്‍ വന്‍തോതില്‍ ഭൂമി കൈക്കലാക്കുന്നത്. 700 കോടി രൂപയുടെ ഭൂമി തട്ടിപ്പു നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടിരുന്നു. കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ പ്രതിയായ ഒരു വില്ലേജ് ഓഫിസര്‍ക്കു കാസര്‍കോട്ട് തട്ടിപ്പിലും പങ്കാളിത്തമുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാസര്‍കോട്ട മുളിയാര്‍ വില്ലേജ് കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പിന്റെ ഭാഗമായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭൂമി നഷ്ടമായതിനെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായാണ് 2015 ജൂലൈ 28ന് കെ കുഞ്ഞിരാമന്റെ ചോദ്യത്തിനു മറുപടിയായി അന്നത്തെ കൃഷിമന്ത്രി കെപി മോഹനന്‍ നിയമസഭയില്‍ മറുപടി  പറഞ്ഞത്. വ്യാജപട്ടയത്തിന് ഭൂനികുതി സ്വീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണം നടന്നുവരുന്നതായും കെ കുഞ്ഞിരാമന്റെ തന്നെ ചോദ്യത്തിന് ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിന് ഇപ്പോഴത്തെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ മറുപടി നല്‍കി. ഭരണം മാറിവന്നിട്ടും കോര്‍പ്പറേഷന്റെ ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ എവിടെയും എത്തിയിട്ടില്ല. 

ഭൂദാനത്തെക്കുറിച്ച് മൊഴികള്‍, അന്വേഷണമില്ല

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വില കൊടുത്തു വാങ്ങിയ ഭൂമിയാണ് കാസര്‍കോട് എസ്‌റ്റേറ്റിലെ 2,293.60 ഹെക്ടര്‍. ഈ ഭൂമി സംബന്ധിച്ച എന്തു തീരുമാനമെടുക്കുന്നതിനും ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനവും അതിന് സര്‍ക്കാരിന്റെ അംഗീകാരവും വേണമെന്നാണ് ചട്ടം. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ എസ്റ്റേറ്റിന്റെ ചുമതലയുണ്ടായിരുന്നയാള്‍ അധികാര പരിധി മറികടന്ന് മിനിറ്റസ് തയാറാക്കി ഭൂമി സ്വകാര്യ വ്യക്തിക്കു നല്‍കുകയായിരുന്നു എന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ മിനിറ്റ്‌സില്‍ കോര്‍പ്പറേഷന്റെ മറ്റു ജീവനക്കാരെക്കൊണ്ട് ഒപ്പുവയ്പ്പിക്കുകയായിരുന്നു. ഇതില്‍ ഒപ്പുവച്ച ജീവനക്കാരെ വിജിലന്‍സ് കമ്മിറ്റി വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോള്‍ മറ്റു പല സ്ഥലങ്ങളും സമാനമായ രീതിയില്‍ വിട്ടുനല്‍കിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. വിവിധ പ്രദേശങ്ങളില്‍ വിട്ടുനല്‍കിയ സ്ഥലങ്ങളെക്കുറിച്ചുള്ള സൂചനകള്‍ റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഇക്കാര്യങ്ങളില്‍ കൃത്യമായ അന്വേഷണമോ ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നടപടികളോ ഉണ്ടായില്ല. 

ഒരാള്‍ക്കു സസ്‌പെന്‍ഷന്‍, അടുത്തയാള്‍ക്കു പ്രമോഷന്‍

കാസര്‍കോട് എസ്‌റ്റേറ്റ് മാനേജരുടെ ചുമതല വഹിച്ചിരുന്ന സിഎം തോമസ് നിലവില്ലാത്ത നടപടിക്രമങ്ങള്‍ കൊണ്ടുവരികയും അധികാരപരിധി വിട്ടു പ്രവര്‍ത്തിക്കുകയും ചെയ്തതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. കോര്‍പ്പറേഷന്റെ ഉത്തമതാത്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തോമസിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേസമയം ഭൂമി നഷ്ടപ്പെടുന്നതില്‍ ഗുരതരമായ അലംബാവം പ്രകടിപ്പിച്ചതായി വിജിലന്‍സ് കണ്ടെത്തിയ കാഷ്യൂ പ്രൊഡക്്ഷന്‍സ് ജനറല്‍ മാനേജര്‍ ജസ്റ്റസ് കരുണരാജനെതിരെ നടപടിയൊന്നുമുണ്ടായില്ല. ജനറല്‍ മാനേജറുടെ അറിവോടെയാണ് ലാന്‍ഡ് കേസിലെ നടപടികളെന്ന് തോമസ് കമ്മിറ്റിക്കു മൊഴിനല്‍കിയിട്ടുണ്ട്. ജനറല്‍ മാനേജരുടെ ചുമതലയിലുണ്ടായിരുന്ന കരുണരാജന്‍ മേലധികാരി എന്ന നിലയില്‍ പ്രകടമായ വീഴ്ച വരുത്തിയതായി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരുണരാജന്റെ അറിവോടെയാണ് കാര്യങ്ങള്‍ നടന്നതെന്നും അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് വശദ അന്വേഷണം നടത്തണമെന്നും കൃഷിവകുപ്പ് സെക്രട്ടറിക്കു നല്‍കിയ കത്തില്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ മാറിവന്നിട്ടും ഇതില്‍ നടപടിയുണ്ടായില്ലെന്നു മാത്രമല്ല, ജസ്റ്റസ് കരുണരാജനെ ഓപ്പറേഷന്‍സ് ജനറനല്‍മാനേജരുടെ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് സൂചനകള്‍.

കുരിശുയുദ്ധത്തിനിടെ അന്യാധീനപ്പെടുന്ന സ്വന്തം ഭൂമി

കയ്യേറിയ റവന്യൂ ഭൂമി തിരിച്ചുപിടിക്കുന്നതിനായാണ് മൂന്നാറില്‍ നടപടികള്‍ തുടങ്ങിയിരിക്കുന്നത്. സിപിഐയും റവന്യു വകുപ്പും ഇതില്‍ മുന്നില്‍നിന്നു തന്നെ പൊരുതുകയും ചെയ്യുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വില കൊടുത്തു വാങ്ങിയ ഭൂമിയാണ് കാസര്‍കോട് പ്ലാന്റേഷനില്‍ അന്യാധീനപ്പെട്ടുപോവുന്നത്. അതും മൂന്നാര്‍ ഓപ്പറേഷനെ മുന്നില്‍ നിന്നു നയിക്കുന്ന റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ സ്വന്തം ജില്ലയില്‍. ഈ ചോര്‍ച്ച കണ്ടില്ലെന്നു നടിക്കുന്നത് കൃഷിവകുപ്പും റവന്യു വകുപ്പും ഭരിക്കുന്ന പാര്‍ട്ടി ഭൂമി തിരിച്ചുപിടിക്കുന്നതില്‍ കാണിക്കുന്ന ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com