അംഗനവാടി കെട്ടിടത്തിനു സമീപം ഒരു തണല്‍ മരം നില്‍ക്കുന്നത് തെറ്റാണോ സര്‍?

ഈ മരങ്ങളൊക്കെ ഇവിടെയുളളത് കൊണ്ടുകൂടിയാണ് വേനലിലും കിണര്‍ നിറഞ്ഞുകിടക്കുന്നതും അംഗന്‍വാടിയുടെ ടാങ്ക് നിറയ്ക്കാനാവുന്നതും
അംഗനവാടി കെട്ടിടത്തിനു സമീപം ഒരു തണല്‍ മരം നില്‍ക്കുന്നത് തെറ്റാണോ സര്‍?


തൃശൂര്‍: കടുത്ത വരള്‍ച്ചയെ നേരിടാന്‍ വന്‍തോതിലുള്ള ഹരിതവത്കരണത്തിന് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അംഗനവാടി കെട്ടിടത്തിനു സമീപമുള്ള തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ മുനിസിപ്പാലിറ്റി അധികൃതരുടെ നിര്‍ദേശം. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി അധികൃതരാണ് ഇത്തരമൊരു വിചിത്ര നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്, അതും അംഗനവാടി കെട്ടിടത്തിനായി സൗജന്യമായി സ്ഥലം നല്‍കിയ കുടുംബത്തിനു മുന്നില്‍.

മംഗലത്ത് രാമന്‍ ഭാര്യ പാര്‍വ്വതി സ്മാരക മന്ദിരം എന്ന കെട്ടിടത്തിലാണ് അംഗനവാടി പ്രവര്‍ത്തിക്കുന്നത്. മംഗലത്ത് കുടുംബം വിട്ടുനല്‍കിയ രണ്ടു സെന്റ് സ്ഥലത്ത് ആയതിനാലാണ് അംഗനവാടി കെട്ടിടത്തിന് ഈ പേരുവന്നത്. മറ്റൊരു കെട്ടിടത്തിന്റെ വരാന്തയില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗനവാടി ഇവിടെ സ്ഥലം കിട്ടിയതോടെയാണ്, മുനിസിപ്പാലിറ്റിയുടെ ഗ്രാന്റ് ഉപയോഗിച്ചു പണിത സ്വന്തം കെട്ടിടത്തിലേക്കു മാറിയത്. എട്ടു വര്‍ഷമായി അംഗനവാടി ഇവിടെ പ്രവര്‍ത്തിക്കുന്നു. 

ഇതിനോടു തൊട്ടുചേര്‍ന്നാണ് സ്ഥലം വിട്ടുനല്‍കിയ കുടുംബം താമസിക്കുന്നത്. ഇവരുടെ പുരയിടത്തിലുള്ള മണിമരുതു മരങ്ങള്‍ മുറിച്ചുനീക്കണമെന്നാണ് മുനിസിപ്പാലിറ്റി അധികൃതരുടെ നിര്‍ദേശം. വാര്‍ഡ് കൗണ്‍സിലര്‍ നേരിട്ടെത്തിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. മരം മുറിക്കണമെന്നാണ് നിയമം, ചെലവ് മുനിസിപ്പാലിറ്റി വഹിക്കും എന്നാണ് കൗണ്‍സിലര്‍ അറിയിച്ചത്. 

കെട്ടിടത്തില്‍നിന്നു ഏഴു മീറ്റളോളം ദൂരെയായി നല്ല ആരോഗ്യത്തോടെ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കണം എന്നു പറഞ്ഞതിന്റെ കാരണം വ്യക്തമാവുന്നില്ലെന്നാണ് സ്ഥലം ഉടമയും കൊടുങ്ങല്ലൂരിലെ അഭിഭാഷകനുമായ അജയ് കുമാര്‍ മംഗലത്ത് പറയുന്നത്. കുട്ടികള്‍ക്കോ കെട്ടിടത്തിനോ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടിനീക്കണമെന്ന ഏതെങ്കിലും തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം മുനിസിപ്പാലിറ്റിയുടെ നടപടി. അതുപക്ഷേ ഇത്തരത്തില്‍ വിവേചനരഹിതമായി ഉപയോഗിക്കുന്നത് എങ്ങനെ അനുവദിക്കാനാവും എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
 
മരങ്ങള്‍ ഉള്ളതുകൊണ്ട് പച്ചപ്പും കുളിര്‍മ്മയും തണലും അംഗനവാടിക്കാണെന്ന് അഡ്വ. അജയ്കുമാര്‍ പറയുന്നു.  കുഞ്ഞുങ്ങള്‍ക്ക് ശുദ്ധവായുവും. സ്വന്തം പാര്‍ട്ടി ജില്ലമുഴുവന്‍ മഴവെളള സംഭരണികള്‍ നിര്‍മ്മിക്കാനും വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കാനും തീരുമാനമെടുത്ത അവസരത്തിലാണ് കൗണ്‍സിലര്‍ ഒരു വിവേചനവുമില്ലാതെ മരം മുറിക്കാന്‍ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

ഇവരുടെ വീട്ടിലെ കിണറ്റില്‍നിന്നാണ് ഇപ്പോഴും അംഗനവാടിയിലേക്ക് വെള്ളം എത്തിക്കുന്നത്. ഈ മരങ്ങളൊക്കെ ഇവിടെയുളളത് കൊണ്ടുകൂടിയാണ് വേനലിലും കിണര്‍ നിറഞ്ഞുകിടക്കുന്നതും അംഗന്‍വാടിയുടെ ടാങ്ക് നിറയ്ക്കാനാവുന്നതും. കൗണ്‍സിലറും മുനിസിപ്പാലിറ്റിയും ചേര്‍ന്ന് ഒരു വാട്ടര്‍ കണക്ഷനെങ്കിലും സംഘടിപ്പിച്ചിട്ട് മരം മുറിക്കാന്‍ ഇറങ്ങുകയായിരിക്കും നല്ലത് എന്ന ഉപേദശമാണ് അഡ്വ.അജയകുമാര്‍ അവര്‍ക്കു നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com