ഖമറുന്നീസ അന്‍വര്‍ വേങ്ങരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ? 

ഒന്നുകില്‍ അപമാനം സഹിച്ച് അടങ്ങിയിരിക്കുക. അല്ലെങ്കില്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനിന്ന് നാടിനെ സേവിക്കാനും ദുരിതമനുഭവിക്കുന്ന മുസ്‌ളീം സ്ത്രീകളെ സഹായിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുക
ഖമറുന്നീസ അന്‍വര്‍ വേങ്ങരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ? 

മലപ്പുറം: ബിജെപിയെയും നരേന്ദ്രമോദിയെയും പുകഴ്ത്തി സംസാരിച്ചതിന് വനിത ലീഗ് അധ്യക്ഷ സ്ഥാനത്തു നിന്നും ലീഗ് പുറത്താക്കിയ  ഖമറുന്നീസ അന്‍വറിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള തീവ്രശ്രമവുമായി ബിജെപി. ഇതിനായി സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനെ ചുമതലപ്പെടുത്തി. ഖമറൂന്നീസയെ പോലെ ഒരാളെ ലഭിച്ചാല്‍ അത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന നേതൃത്വത്തിന്റെ വിലയിരുത്തലാണ് നീക്കത്തിന് പിന്നില്‍. 

ഖമറുന്നീസയെ സ്ഥാനത്ത് നീക്കിയ സാഹചര്യത്തില്‍ കെ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ ഖമറുന്നീസയെ പിന്തുണച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ഖമറുന്നീസ അന്‍വര്‍ ഒരു ഒററപ്പെട്ട വ്യക്തിയല്ല. ഇങ്ങനെ ചിന്തിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ട്. പ്രത്യേകിച്ച് മുസ്‌ളീം വനിതകള്‍. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എല്ലാവരേയും ആകര്‍ഷിക്കുന്നുണ്ട്. അതു തുറന്നു പറയാനുള്ള തന്രേടം പലര്‍ക്കുമില്ലെന്നേയുള്ളൂ. സമ്മര്‍ദ്ദം കാരണം ഖേദം പ്രകടിപ്പിക്കേണ്ടി വന്നെങ്കിലും അവര്‍ നട്ടെല്ലുള്ള ഒരു വനിതാ നേതാവു തന്നെയാണ്. അവരുടെ മകന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്തു വായിക്കുന്‌പോള്‍ അവരുടെ നിലപാട് ബോധ്യമാവും. അനന്തമായ സാധ്യതകളാണ് ഈ നിലപാടിലൂടെ അവരുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. ഒന്നുകില്‍ അപമാനം സഹിച്ച് അടങ്ങിയിരിക്കുക. അല്ലെങ്കില്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനിന്ന് നാടിനെ സേവിക്കാനും ദുരിതമനുഭവിക്കുന്ന മുസ്‌ളീം സ്ത്രീകളെ സഹായിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുക. രണ്ടാമത്തേതാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ അഭിപ്രായം.

ഖമറുന്നീസ അന്‍വര്‍ നേതൃത്വത്തിലേക്കെത്തുന്നതോടെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നും വിലയിരുത്തലുകളുണ്ട്.   ഖമറുന്നീസ പാര്‍ട്ടിയിലേക്കെത്തിയാല്‍ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുമാണ് ആലോചന. അതോടൊപ്പം തന്നെ ദേശീയ തലത്തില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്യുന്നുണ്ട്. ജില്ലാ നേതൃത്വത്തിന്റെ ഇടപെടലില്‍ കാര്യങ്ങള്‍ നടന്നാല്‍ അടുത്തമാസം കേരളം സന്ദര്‍ശിക്കുന്ന അമിത് ഷാ ഇവരുമായി കൂടിക്കാഴ്ച നടത്തുമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

തന്നെ സ്ഥാനത്ത് നിന്നും നീക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് കോഴിക്കോട്ടുള്ള ഒരുനേതാവും മറ്റൊരു വനിതാ നേതാവുമാണെന്നാണ് ഖമറൂന്നീസയുടെ വിലയിരുത്തല്‍. അതേസമയം ലീഗിലെ ചില ദേശീയ നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നുമാണ് ഖമറൂന്നീസ പറയുന്നത്. ഖമറുന്നീസയെ ബിജെപി വിരോധത്തിന്റെ പേരിലാണ് മാറ്റിയതെങ്കില്‍ മറ്റു പലരെയുമാണ് മാറ്റേണ്ടതെന്നായിരുന്നു ഖമറുന്നീസ അന്‍വറിന്റെ മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com