പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമാകട്ടെ; സിപിഎമ്മിനെ അഭിനന്ദിച്ച് സാറാജോസഫ്

പാര്‍ട്ടിയംഗങ്ങളുടെ വീടുകളില്‍ 4 ലക്ഷം മഴക്കുഴികള്‍ കുഴിക്കാന്‍ തീരുമാനമെടുക്കുകയും ആദ്യ ദിവസം തന്നെ കാല്‍ ലക്ഷം മഴക്കുഴികള്‍ നിര്‍മ്മിക്കുകയും ചെയ്ത സിപിഎം പ്രവര്‍ത്തനം ശ്ലാഘനീയം
പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമാകട്ടെ; സിപിഎമ്മിനെ അഭിനന്ദിച്ച് സാറാജോസഫ്

കൊച്ചി: പാര്‍ട്ടിയംഗങ്ങളുടെ വീടുകളില്‍ 4 ലക്ഷം മഴക്കുഴികള്‍ കുഴിക്കാന്‍ തീരുമാനമെടുക്കുകയും ആദ്യ ദിവസം തന്നെ കാല്‍ ലക്ഷം മഴക്കുഴികള്‍ നിര്‍മ്മിക്കുകയും ചെയ്ത സിപിഎം പ്രവര്‍ത്തനം ശ്ലാഘനീയമെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. നമ്മുടെ ജനത അഭിമുഖികരിക്കുന്നത് അടിയന്തിരഘട്ടത്തെയാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്നതായി കാണാതെ എല്ലാ ജീവജാലങ്ങളും അഭിമുഖികരിക്കുന്ന ജലപ്രതിസന്ധിയുടെ പ്രശ്‌നമായി ഇതിനെ കാണമെന്നും സാറാജോസഫ് സമകാലിക മലയാളത്തോട് പറഞ്ഞു. 

ഇത്തരം ജനകീയ പ്രശ്‌നങ്ങള്‍ക്ക് ആര് മുന്‍കൈ എടുക്കുന്നുവോ അതിന്റെ കൊടിയെന്ത് നിറമെന്ത് എന്നല്ല നോക്കേണ്ടത്. എല്ലാവരും അതില്‍ അണിചേരുകയാണ് വേണ്ടത്. കാരണം നമ്മുടെ ജലപ്രതിസന്ധി അത്ര വലുതാണ്. ഇത് ഒരു ചെറിയകാര്യമായി തോന്നുമെങ്കിലും ചെറിയകാര്യമല്ല. മഴക്കുഴി കുത്തിയിട്ട് കാര്യമില്ലെന്ന് പറയുന്നവരുമുണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ മഴക്കുഴിയില്‍ കാര്യമുണ്ടെന്നാണ് തന്റെ അനുഭവം വ്യക്തമാക്കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.

നമ്മുടെ നാടിന്റെ സമൃദ്ധമായ കാലാവസ്ഥയും വെള്ളവുമെല്ലാം നശിപ്പിച്ചത് മനുഷ്യരാണ്. മൃഗങ്ങളോ മരങ്ങളോ പ്രകൃതിക്ക് നാശമുണ്ടാക്കിയിട്ടില്ല. മനുഷ്യരാണ് നാശം വരുത്തിയിട്ടുള്ളത്. ഇത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. ജീവനുള്ള എല്ലാത്തിനും വേണ്ടിയാണ്. ഒരു കുഴി മഴവെള്ളം മണ്ണിലേക്ക് വിട്ടാല്‍ എല്ലാവര്‍ക്കും കിട്ടും. സിപിഎമ്മുകാര്‍ക്ക് മാത്രമല്ല അതിന്റെ ഗുണം കിട്ടുക. അതുകൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മറ്റുസംഘടനകളും ഇതിന് തയ്യാറാകണമെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു

കഴിയുമെങ്കില്‍ നമുക്ക് സാധ്യമായ പുഴയോരങ്ങളിലെല്ലാം മുളങ്കാടുകള്‍ വെച്ച് പിടിപ്പിക്കണം. മുളങ്കാടുകള്‍ വെച്ചുപിടിപ്പിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കുറയുന്നതോടെ വായു ശുദ്ദീകരണം സാധ്യമാകൂം. കൂടാതെ ഓരോ മരവും വിലമതിക്കാനാകാത്ത സമ്പത്താണെന്നുള്ള ഒരു ബോധ്യം അതോടൊപ്പം ജലസാക്ഷരത, മരസാക്ഷരത ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ എല്ലാരും ഒരുമനസായി ഇറങ്ങണം. എല്ലാം സര്‍ക്കാര്‍ ചെയ്യണമെന്ന് പറയുന്നതിന് പകരം നമ്മള്‍ തന്നെ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകണമെന്നും സാറാ ജോസഫ് പറഞ്ഞു 

ജലക്ഷാമം പരിഹരിക്കാന്‍ ജനകീയ ഇടപെടലുമായാണ് സംസ്ഥാനത്ത് മഴക്കുഴി നിര്‍മ്മാണത്തിന് സിപിഎം തുടക്കമിട്ടത്. അതിന്റെ ഭാഗമായി എല്ലാ പാര്‍ട്ടി അംഗങ്ങളുടെയും വീട്ടില്‍ സ്ഥല സൗകര്യമനുസരിച്ച് ചുരുങ്ങിയത് 5 വീതം മഴക്കുഴികള്‍ ഒരുക്കും. ജില്ലയിലെ ഇരുപതിനായിരം അണികളുടെ വീട്ടിലും മഴക്കുഴിയൊരുക്കുന്നുണ്ട്. 4 അടി നീളത്തിലും 2 അടി വീതിയിലും  2 അടി ആഴത്തിലുള്ള മഴക്കുഴികള്‍ നിര്‍മ്മിക്കാനായിരുന്നു നിര്‍ദ്ദേശം. മഴക്കുഴി നിര്‍മ്മാണത്തിന്റെ തിരുവന്തപുകം ജില്ലാതല ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി നിര്‍വഹിച്ചിരുന്നു. കൂടാതെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പങ്കാളികളാകുമെന്നും കോടിയേരി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com