പറമ്പിക്കുളം ആളിയാര്‍ കരാര്‍: മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു

പറമ്പിക്കുളം ആളിയാര്‍ കരാറിലെ വ്യവസ്ഥകള്‍ തമിഴ്‌നാട് തുടര്‍ച്ചയായി ലംഘിക്കുന്നത്, സംസ്ഥാനത്തെ വരള്‍ച്ചയുടെ സാഹചര്യത്തില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്
പറമ്പിക്കുളം ആളിയാര്‍ കരാര്‍: മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ജലവിനിയോഗകാര്യത്തില്‍ നിലവിലുള്ള അന്തര്‍സംസ്ഥാന കരാറുകള്‍ തമിഴ്‌നാട് തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും കരാറിലേര്‍പ്പെടുന്ന കക്ഷികളെല്ലാം വ്യവസ്ഥകള്‍ മാനിച്ചാലേ സഹവര്‍ത്തിത്വം സുഗമമാകുകയുള്ളുവെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് കത്തയച്ചു. മാനുഷിക പരിഗണനയോടെ തമിഴ്‌നാടിന്റെ ആവശ്യങ്ങളോടു പ്രതികരിക്കുകയാണ് കേരളം ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
    
പറമ്പിക്കുളം ആളിയാര്‍ കരാറിലെ വ്യവസ്ഥകള്‍ തമിഴ്‌നാട് തുടര്‍ച്ചയായി ലംഘിക്കുന്നത്, സംസ്ഥാനത്തെ വരള്‍ച്ചയുടെ സാഹചര്യത്തില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. പാലക്കാട് മേഖലയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമായി അര്‍ഹിക്കുന്ന ജലം വിട്ടുതന്നേ മതിയാകൂവെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. 
കഴിഞ്ഞ ജലവര്‍ഷത്തില്‍ (201617) ചിറ്റൂര്‍പ്പുഴ പ്രദേശങ്ങളില്‍ 6350 ദശലക്ഷം ക്യുബിക് അടി വെള്ളം ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 3762 ദശലക്ഷം ക്യുബിക് അടി മാത്രമാണ് ലഭ്യമാക്കിയത്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുടിവെള്ള ആവശ്യത്തിനു മാത്രമാണ് ഈ ജലം വിനിയോഗിക്കപ്പെടുന്നത്. വരള്‍ച്ച രൂക്ഷമാകുന്ന പ്രദേശങ്ങളിലും ഘട്ടങ്ങളിലും ജലവിനിയോഗത്തില്‍ പാലിക്കേണ്ട മുന്‍ഗണനാക്രമം സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകളുണ്ട്. കൃഷിക്കുപോലും കുടിവെള്ളാവശ്യം കഴിഞ്ഞേ ജലം ഉപയോഗിക്കാവൂ. 

സംസ്ഥാനം ഇതു കൃത്യമായി പാലിക്കുമ്പോഴാണ് തമിഴ്‌നാട് ആളിയാറിന്റെ ഉയര്‍ന്ന ഭാഗത്തും കാടമ്പറായിലുമുള്ള അണക്കെട്ടുകളിലായി കേരളത്തിനര്‍ഹമായ ആയിരത്തോളം ദശലക്ഷം വെള്ളം കരുതല്‍ ശേഖരമായി തടഞ്ഞുവച്ചിരിക്കുന്നത്. ജനുവരിയില്‍ ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ ചിറ്റൂര്‍ പുഴ നദീതടപ്രദേശത്തെ രൂക്ഷമായ വരള്‍ച്ച കണക്കിലെടുത്ത് ജലം വിട്ടുനല്‍കുന്നതിനു ധാരണയായിരുന്നു. എന്നാല്‍ ഇത് ലംഘിക്കുകയാണ് തമിഴ്‌നാട് ചെയ്തത്. 

കേരളം അനുഭവിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെ സാഹചര്യത്തില്‍  പറമ്പിക്കുളം ആളിയാര്‍ കരാര്‍ കാലോചിതമായി പരിഷ്‌കരിക്കണം. 1998 മുതല്‍ ഉയരുന്ന ഈ ആവശ്യത്തോട് തമിഴ്‌നാട് ഇനിയും ആഭിമുഖ്യം കാട്ടിയിട്ടില്ല. എന്നാല്‍ സാഹചര്യം മുന്‍വിധിയില്ലാതെ മനസ്സിലാക്കിയാല്‍ പരിഹരിക്കാനാവാത്ത പ്രശ്‌നമൊന്നും ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലില്ല. അതിനാല്‍ കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുന്നതിനും സമയബന്ധിതമായ അവലോകനപദ്ധതി തയ്യാറാക്കുന്നതിനുമായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയേയും സംഘത്തേയും കേരളത്തിലേക്കു ക്ഷണിച്ചും സന്ദര്‍ശനത്തീയതി അറിയിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കത്ത് ഉപസംഹരിച്ചിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com