സിപിഎമ്മിന്റെ കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യു മന്ത്രിക്കു ധൈര്യമുണ്ടോയെന്ന് ചെന്നിത്തല

പട്ടയ വിതരണം തടസപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നു മുഖ്യമന്ത്രി
സിപിഎമ്മിന്റെ കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യു മന്ത്രിക്കു ധൈര്യമുണ്ടോയെന്ന് ചെന്നിത്തല

തിരുവനന്തപുരം: മൂന്നാറില്‍ സിപിഎമ്മിന്റെ കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യു മന്ത്രിക്കു ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിലെ സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് എന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയ നോട്ടിസില്‍ ഇടപെട്ടു സംസാരിക്കുകയായിരുന്നു ചെന്നിത്തല.

മൂന്നാറിലെ ഇക്ക നഗറില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം റവന്യു മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് റവന്യു മന്ത്രിയെ വെല്ലുവിളിച്ചത്. ഇനി ആര്‍ക്കും കൈയേറാന്‍ തോന്നാത്ത വിധം ശക്തമായ നടപടികളുമായി കൈയേറ്റം ഒഴിപ്പിക്കുമെന്നാണ് സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ യോഗത്തിനു ശേഷം ഒഴിപ്പിക്കല്‍ നിന്നുപോയതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

മൂ്ന്നാറില്‍ പുതിയ കൈയേറ്റങ്ങള്‍ അനുവദിക്കില്ലെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സര്ക്കാര്‍ വന്ന ശേഷം അവിടെ കൈയേറ്റം ഉണ്ടായിട്ടില്ല. അതെല്ലാം മറച്ചുവച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ചെന്നു കരുതി ജോയ്‌സ് ജോര്‍ജ് എംപിയോട് വിരോധം പാടില്ലെന്നും അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയ പിടി തോമസിനെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. പട്ടയ വിതരണം തടസപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com