അന്ന് ആ ക്ലാരയെ ഞാനിങ്ങ് എടുത്തു: ഇന്നസെന്റ്

അന്ന് ആ ക്ലാരയെ ഞാനിങ്ങ് എടുത്തു: ഇന്നസെന്റ്

ചാള്‍സ് ഡിക്കന്‍സിന്റെ ഡേവിഡ് കോപ്പര്‍ഫീല്‍ഡ് എന്ന നോവലിലെ കഥാപാത്രമായ ക്ലാരയെ ഒരിക്കല്‍ താനിങ്ങ് എടുത്തിട്ടുണ്ടെന്ന് ഇന്നസെന്റ് എംപി. ഒരു ആപത്ഘട്ടത്തില്‍ പെട്ടപ്പോഴാണ് ക്ലാരയെ സ്വന്തമാക്കിയതെന്നും ഇന്നസെന്റ് പറഞ്ഞു. 

ചാലക്കുടി മണ്ഡലത്തിലെ റെയില്‍വേ വികസനം ആവശ്യപ്പെട്ട് നടത്തുന്ന സത്യഗ്രഹത്തിനിടെയാണ് ഇന്നസെന്റ് ക്ലാരയുടെ കഥ പറഞ്ഞത്. ചാലക്കുടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സത്യഗ്രഹം. ഇന്നസെന്റ് പറഞ്ഞ കഥ ഇങ്ങനെ:

പതിമൂന്നാം വയസിലാണ് ഞാനീ റെയില്‍വേ സ്റ്റേഷന്‍ ആദ്യമായി കാണുന്നത്. അന്നു സ്‌കൂളില്‍നിന്ന് സ്ഥിരമായി ഇംപോസിഷന്‍ എഴുതാന്‍ കിട്ടുന്ന കാലമായിരുന്നു. എഴുതിയില്ലെങ്കില്‍ സ്‌കൂളില്‍നിന്ന് തല്ല്. സ്ഥിരമായി ഇംപോസിഷന്‍ കിട്ടുന്നതിന് വീട്ടില്‍നിന്നും തല്ല്. ഈ തല്ലു കൊണ്ടു മടുത്ത് ഒരു ദിവസം ഞാന്‍ രാജ്യം വിടാന്‍ തീരുമാനിച്ചു. അങ്ങനെ ഇരിങ്ങാലക്കുടയില്‍നിന്ന് ചാലക്കുടി റെയില്‍വേ സ്‌റ്റേഷനിലെത്തി.

സിനിമയാണ് അന്നും ഉളളില്‍. സിനിമയെന്നാല്‍ മദ്രാസാണ്. അതുകൊണ്ട് നേരെ കൗണ്ടറില്‍ ചെന്നു ചോദിച്ചു, മദ്രാസിലേക്ക് ഒരു ടിക്കറ്റ് വേണം. മദ്രാസിലേക്കുള്ള വണ്ടി പോയല്ലോ എന്ന് കൗണ്ടറിലെ വെളുത്തു തടിച്ച ഒരാള്‍ മറുപടി പറഞ്ഞു. എന്നാല്‍പ്പിന്നെ ബോംബെയ്ക്ക് ഒരു ടിക്കറ്റ്. അപ്പോള്‍ അയാള്‍ എന്നെയൊന്നു നോക്കി. ഇങ്ങനെയുണ്ടോ ആളുകള്‍? മദ്രാസിലേക്കു വണ്ടിയില്ലെങ്കില്‍ ബോംബെയ്ക്കു പോവുന്നവര്‍. എന്തോ പിശകുണ്ടല്ലോ എന്ന് അദ്ദേഹത്തിനു തോന്നിക്കാണും. അദ്ദേഹം കൂടെയുണ്ടായിരുന്ന മറ്റൊരാളോടു സംസാരിച്ചു, പുറത്തേക്കു വന്നു. സംഗതി കുഴപ്പമായെന്നു കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച എന്നെയവര്‍ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തു. 

എന്താ പേര് എന്നായിരുന്നു ആദ്യ ചോദ്യം. ഞാനൊരു നുണ പറഞ്ഞു. അതു നുണയാണെന്ന് അവര്‍ക്കു തോന്നിക്കാണും. എന്താ പേരെന്നു വീണ്ടും ചോദിച്ചു.

ഇന്നസെന്റ്. ഞാന്‍ പറഞ്ഞു. ഞാന്‍ അങ്ങനെയാണ് ഒരുതവണയേ നുണ പറയൂ.

എവിടെ പോവുന്നു, എന്തിനാണ് പോവുന്നത് ഇങ്ങനെ തുരുതുരാ ചോദ്യങ്ങളായിരുന്നു പിന്നീട്. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്കൊരു ജോലി വേണം. അത് അന്വേഷിച്ചു പോവുകയാണ്. എന്റെ അപ്പന്‍ മരിച്ചു, അമ്മ വേറെ കെട്ടി. ഈ രണ്ടാനപ്പന്‍ വൈകുന്നേരം കള്ളു കുടിച്ചു വന്ന് എന്നും തല്ലും. ഇതു സഹിക്കാതെയാണ് നാടു വിടുന്നത്. 

വീട്ടില്‍ ഒരു വേലക്കാരിയുണ്ട്. ക്ലാര. അവര്‍ക്കു മാത്രമാണ് എന്നോടു സ്‌നേഹമുള്ളത്. കൊടുങ്ങല്ലൂരിനു സമീപം അഴീക്കോടാണ് അവരുടെ വീട്. ഇടയ്ക്കിടെ അവര്‍ എന്നെ വീട്ടില്‍ കൊണ്ടുപോവും. അതുമാത്രമാണ് എന്റെ സന്തോഷം. കാളവണ്ടിയിലാണ് ക്ലാരയുടെ വീട്ടിലേക്കു പോവുക. 

കഥയിങ്ങനെ തുടരുന്നതിനിടെ ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചത് നുസരിച്ച് നാട്ടുകാരും ബന്ധുക്കളുമൊക്കെ വന്നു. അതോടെ കഥ പൊട്ടി. കഥ ആയിടയ്ക്കു കേട്ട ഡേവിഡ് കോപ്പര്‍ഫീല്‍ഡ് തന്നെയാണ്. ഒരു ആവശ്യം വന്നപ്പോള്‍ അതിലെ ക്ലാരയെ ഞാനിങ്ങ് എടുത്തെന്നേയുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com