മുഖ്യമന്ത്രി പോത്തിനെ ചാരി എരുമയെ അടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല; കണ്ണൂര്‍ കൊലപാതകം മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു

ആക്രമണങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്ന സമീപനമാണ് കണ്ണൂരിലെ പൊലീസ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി
മുഖ്യമന്ത്രി പോത്തിനെ ചാരി എരുമയെ അടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല; കണ്ണൂര്‍ കൊലപാതകം മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു

തിരുവനന്തപുരം: ബിജെപിയെ വളര്‍ത്താനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയതിന് ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 

പോത്തിനെ ചാരി എരുമയെ അടിക്കുന്നത് പോലെയാണ് ബിജെപിക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാട്. കണ്ണൂരില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്തരാണ്. എന്നാല്‍ ആക്രമണങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്ന സമീപനമാണ് കണ്ണൂരിലെ പൊലീസ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രാഷ്ട്രീയം നോക്കിയാണ് പൊലീസ് നിലപാടെടുക്കുന്നത്. 

കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് നിസാരവത്കരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആസൂത്രിത കൊലപാതകമാണ് അവിടെ നടന്നിരിക്കുന്നത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നിരിക്കുന്നത് എന്ന് വേണം മനസിലാക്കാനെന്നും ചെന്നിത്തല പറഞ്ഞു.

കൊടിയുടെ നിറം നോക്കിയാണ് പൊലീസ് നടപടിയെടുക്കുന്നത്. ഈ സര്‍ക്കാര്‍ വന്നത് ശേഷം രണ്ട് തവണ പൊലീസ് മേധാവിയെ മാറ്റി. ഇങ്ങനെ പോയാല്‍ പൊലീസ് സംവിധാനം ആകെ തകരും. കണ്ണൂരിനെ കുരുതികളമാക്കുന്നത് ബിജെപിയും സിപിഎമ്മും അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com