സമകാലിക മലയാളം വാരികയ്ക്ക് ഇന്ന് 20 വയസ്സ്

കേരളത്തിന്റെ സാംസ്‌കാരിക, രാഷ്ട്രീയരംഗത്തു ശ്രദ്ധേയമായ ചലനങ്ങള്‍ സൃഷ്ടിച്ച സമകാലിക മലയാളം വാരിക മേയ് 16-ന് പ്രസിദ്ധീകരണത്തിന്റെ 20 വര്‍ഷം പൂര്‍ത്തിയാക്കുന്നു
സമകാലിക മലയാളം വാരികയ്ക്ക് ഇന്ന് 20 വയസ്സ്

മകാലിക മലയാളം വാരിക കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായിട്ട് ഇന്ന് 20 വര്‍ഷം. 1997 മേയ് 16-ന് ആണ്  തകഴി ശിവശങ്കരപ്പിള്ള വാരികയെ നാടിനു സമര്‍പ്പിച്ചത്. 


ഇടത്, വലതു മുന്നണികള്‍ നയപരിപാടികളില്‍ ഒരേ സമീപനം തുടരുന്നതിനെ വിമര്‍ശിച്ച് സയാമീസ് ഇരട്ടകള്‍ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടുമായാണ് വാരികയുടെ ആദ്യലക്കം പുറത്തു വന്നത്. അക്കിത്തം, ഒ.വി വിജയന്‍, എം. കൃഷ്ണന്‍ നായര്‍, ടി. പത്മനാഭന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, അയ്യപ്പപണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എം.പി നാരായണപിള്ള തുടങ്ങിയവരെല്ലാം ആദ്യലക്കത്തിന്റെ ഭാഗമായി. ഏറെ ചര്‍ച്ചചെയ്യപ്പെട്ട സി.പി രാമചന്ദ്രന്റെ ജീവിത രേഖകളാണ് എം.പി നാരയണപിള്ള എഴുതിയത്. ഒ.വി വിജയനുമായി സി. നാരായണപിള്ള നടത്തിയ സംഭാഷണവും നിലപാടുകളിലെ കൃത്യതകൊണ്ട് ശ്രദ്ധേയമായി. വിജയന്റെ മധുരംഗായതി എന്ന നോവലിന്റെ ഒരു അധ്യായവും ആദ്യലക്കത്തെ സമ്പന്നമാക്കി. 


പ്രഫ.എം.കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം ആദ്യലക്കം മുതല്‍ അദ്ദേഹം വിടപറഞ്ഞ ശേഷം പുറത്തുവന്ന 2006 ഫെബ്രുവരി 26-ലെ  ലക്കം വരെ മുടങ്ങാതെ പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യലക്കം മുതല്‍ 2012 വരെ ചിത്രകാരന്‍ നമ്പൂതിരി വാരികയുടെ ഔദ്യോഗിക ചിത്രകാരനായിരുന്നു. രാഷ്ട്രീയ കേരളത്തിന്റെ ഓരോ മിടിപ്പും രേഖപ്പെടുത്തിയതാണ് കഴിഞ്ഞ 20 വര്‍ഷത്തെ വാരികയുടെ താളുകള്‍. ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ എതിര്‍പ്പും നിയമനടപടികളും വാരിക പലതവണ നേരിട്ടു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സമഗ്രമായി പ്രതിഫലിപ്പിക്കുന്ന മലയാളം വാരിക എന്ന ഖ്യാതിയും സ്വന്തമാക്കി. 


രാഷ്ട്രീയത്തില്‍ ഒതുങ്ങുന്നതല്ല സമകാലിക മലയാളം വാരികയുടെ പ്രസക്തി എന്ന് ഓരോ ലക്കങ്ങളും തെളിയിക്കുന്നു. എം.ടി വാസുദേവന്‍ നായരുടെ വാരണാസി എന്ന നോവല്‍ പ്രസിദ്ധീകരിച്ചത് സമകാലിക മലയാളം വാരികയിലാണ്. മലയാറ്റൂരിന്റെ 'ആറാംവിരല്‍', 'ശിരസ്സില്‍വച്ചത്' എന്നിവ വന്നതും വാരികയില്‍ തന്നെ. സെബാസ്റ്റിയന്‍ പള്ളിത്തോടിന്റെ ആഞ്ഞൂസ് ദേയി ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന വി.ജെ ജെയിംസിന്റെ ആന്റിക്‌ളോക്ക് വരെ ശ്രദ്ധേയമായ നാല്‍പതോളം നോവലുകള്‍ സമകാലിക മലയാളം വാരികയിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു.

ചെറുകഥാ സാഹിത്യത്തില്‍ മാറ്റത്തിന്റെ കാഹളം മുഴക്കിയ ഒട്ടനേകം രചനകള്‍ വാരികയുടെ താളുകളിലൂടെ വായനക്കാരില്‍ എത്തി. പല കഥകളും അതത് എഴുത്തുകാരുടെ മാസറ്റര്‍പീസ് എന്ന വിശേഷണം പിന്നീടു നേടിയവ ആയിരുന്നു. സച്ചിദാനന്ദനും കെ.ജി.എസ്‌സും ബാലചന്ദ്രന്‍ ചുള്ളിക്കാടും മുതല്‍ ഏറ്റവും പുതിയ കവികളുടെ വരെ പേരുകേട്ട വരികള്‍ക്ക് വാരിക ആദ്യ അച്ചടിരൂപം നല്‍കി.


20 വര്‍ഷം മുന്‍പ് പ്രസിദ്ധീകരണം ആരംഭിക്കുമ്പോള്‍ എസ്. ജയചന്ദ്രന്‍ നായരായിരുന്നു പത്രാധിപര്‍. ദീര്‍ഘകാലം വാരികയെ നയിച്ചതിന്റെ അനുഭവങ്ങള്‍ വരുന്ന വെള്ളിയാഴ്ച പുറത്തിറങ്ങുന്ന വാരികയില്‍ അദ്ദേഹം എഴുതുന്നുണ്ട്. ഒപ്പം വാരികയുടെ ആലോചനാഘട്ടങ്ങളില്‍ റ്റി.ജെ.എസ് ജോര്‍ജ്ജിന് എം.പി നാരായണപിള്ള അയച്ച കത്തുകളും വരുന്ന ലക്കം വാരികയില്‍ പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തെ വാരികയുടെ ഇടപെടലുകള്‍ വരച്ചിടുന്ന പുതിയലക്കം കേരളത്തിന്റെ സാസ്‌കാരിക-രാഷ്ട്രീയ ചരിത്രത്തിലേക്കു കൂടി ശ്രദ്ധ ക്ഷണിക്കുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com