ഇടതു മുന്നണി അംഗത്വവും മന്ത്രിയും വേണമെന്ന് ബാലകൃഷ്ണപിള്ള

ഇടതു മുന്നണി അംഗമാക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. അംഗമായാല്‍ പാര്‍ട്ടിക്കു മന്ത്രിയെ വേണമെന്നും പിള്ള
ഇടതു മുന്നണി അംഗത്വവും മന്ത്രിയും വേണമെന്ന് ബാലകൃഷ്ണപിള്ള


തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബിയെ ഇടതു മുന്നണി അംഗമാക്കണമെന്നും പാര്‍ട്ടിക്കു മന്ത്രിയെ വേണമെന്നും ആര്‍ ബാലകൃഷ്ണപിള്ള. ക്യാബിനറ്റ് റാങ്കോടെ മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ അധ്യക്ഷനായി നിയമിതനായതിനു പിന്നാലെയാണ് ബാലകൃഷ്ണപിള്ള ഈയാവശ്യം മുന്നോട്ടുവച്ചത്.

ഇടതു മുന്നണി അംഗത്വത്തിനായാണ് ശ്രമിക്കുന്നതെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. നിലവില്‍ പിള്ളയുടെ കേരള കോണ്‍ഗ്രസ് ബി ഇടതു മുന്നണിയുമായുള്ള ധാരണയിലാണ് മുന്നോട്ടുപോവുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും എല്‍ഡിഎഫുമായി ധാരണയുണ്ടാക്കിയായിരുന്നു. ഇടതു മുന്നണി അംഗമാക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. അംഗമായാല്‍ പാര്‍ട്ടിക്കു മന്ത്രിയെ വേണമെന്നും പിള്ള പറഞ്ഞു. ആളില്ലാത്ത പാര്‍ട്ടിക്കു വരെ ഇപ്പോള്‍ മന്ത്രിയുണ്ടെന്ന് പിള്ള അഭിപ്രായപ്പെട്ടു.

സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ശമ്പളം വേണ്ടെന്ന് പിള്ള പറഞ്ഞു. ഔദ്യോഗിക വസതിയും ആവശ്യപ്പെടില്ല. കുറഞ്ഞ സ്റ്റാഫിനെ മാത്രം വച്ചായിരിക്കും കോര്‍പ്പറേഷന്റെ പ്രവര്‍ത്തനമെന്ന് പിള്ള അറിയിച്ചു.

ബാലകൃഷ്ണപിള്ളയെ മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ബാലകൃഷ്ണപിള്ള മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയിരുന്നു. അന്ന് പിള്ളയെ നിയമിക്കുക എന്ന ലക്ഷ്യത്തോടെ ഉമ്മന്‍ ചാണ്ടി രൂപീകരിച്ച മുന്നാക്ക കോര്‍പ്പറേഷനെ പുനരുജ്ജീവിപ്പിച്ച് പിള്ളയെതന്നെ ചെയര്‍മാന്‍ ആക്കിയ പിണറായി സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ അമ്പരപ്പുളവാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com