എവിടെയെന്നും ഏതെന്നും പറയാതെ കുമ്മനം, വീഡിയോ തന്റെ ശ്രദ്ധയില്‍ വന്നത് മാത്രമെന്ന് വിശദീകരണം

എവിടെയെന്നും ഏതെന്നും പറയാതെ കുമ്മനം, വീഡിയോ തന്റെ ശ്രദ്ധയില്‍ വന്നത് മാത്രമെന്ന് വിശദീകരണം

എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ ക്ലിപ്പിംഗ് ഞാന്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ്‌ചെയ്തു - സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കാനെന്നും വിശദീകരണം

കൊച്ചി: പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഎം ആഹ്ലാദപ്രകടനം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തതില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് കുമ്മനത്തിന്റെ വിശദീകരണം. അതേസമയം വീഡിയോയുടെ ആധികാരികത കുമ്മനം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ ക്ലിപ്പിംഗ് ഞാന്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരം പ്രകടനങ്ങള്‍ സമൂഹത്തിന് നല്‍കുന്ന തെറ്റായ സന്ദേശത്തെ തുറന്ന് കാണിക്കുന്നതിനും, അതിലേക്ക് സി.പി.എം നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയെ ക്ഷണിക്കുന്നതിനും വേണ്ടിയായിരുന്നു ആ പോസ്റ്റിംഗ് . ഇരകളുടെ വേദന പങ്കുവെയ്ക്കുകമാത്രമാണ് ഞാന്‍ ചെയ്തതെന്നും കുമ്മനം പറയുന്നു

സദുദ്ദേശത്തോടെ ഞാന്‍ചെയ്ത പ്രവര്‍ത്തിയെ മുഖ്യമന്ത്രി നിയമസഭയില്‍ തെറ്റായി വ്യാഖ്യാനിച്ചു. എനിക്കെതിരെ കേസെടുത്തു. ആഹ്ലാദപ്രകടനത്തിന്റെ വീഡിയോക്ലിപ്പിംഗ് ഞാനിട്ടത് നിയമവിരുദ്ധമാണെന്നും കുറ്റകരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരന്‍ തീര്‍പ്പ് കല്‍പിച്ച് എന്നെ കുറ്റക്കാരനായി വിധിച്ച സ്ഥിതിക്ക് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ എസ്.ഐക്ക് മറിച്ചൊന്നും ചെയ്യാനാവില്ല. അന്വേഷണഫലം എന്തായിരിക്കുമെന്ന് വ്യക്തം. അതുകൊണ്ടുതന്നെ എനിക്ക് നീതികിട്ടില്ലെന്ന് ഉറപ്പായി. ഇതെല്ലാം ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് നിഷ്പക്ഷമതികള്‍ തീരുമാനിക്കെട്ടെയെന്നും കുമ്മനം പറയുന്നു.

കൊലവിളിനടത്തുന്ന അക്രമികള്‍ക്ക് വിളയാടാനുളള അവസരങ്ങള്‍ ഉണ്ടാകുതെങ്ങനെയാണ്, ആരാണ് ഇതിന്റെ ഉത്തരവാദികള്‍? ബിജു കൊല്ലപ്പെട്ടപ്പോള്‍ ഫേസ്ബുക്ക് മുഖേനെ അരുംകൊലയെ ആഘോഷമാക്കുന്ന പോസ്റ്ററുകള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത് യാദൃശ്ചികമാണോ ? അരുതാത്തത് നടക്കുമ്പോള്‍ അരുതേ എന്ന് പറയുവാനുളള ആര്‍ജ്ജവം അധികാരികള്‍ക്ക് ഉണ്ടാവണം. പറഞ്ഞാല്‍ മാത്രം പോര അക്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കാനുളള തന്‍േറടവും നടപടിയും ഉണ്ടാകണം. അക്രമത്തെ പ്രോത്സാഹിപ്പിക്കുംവിധം പ്രകോപനപരമായി പെരുമാറുവരെ കൊടിയുടെ നിറംനോക്കാതെ നേരിടുന്നതിലുളള നിശ്ചയദാര്‍ഢ്യമാണ് സമാധാനത്തിന്റെ താക്കോലെന്നും കുമ്മനം അഭിപ്രായപ്പെട്ടു. 

ബിജു വധം ഒറ്റപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറയുന്നത്. കേസ് അന്വേഷണം പൂര്‍ത്തിയാകും മുമ്പ് അദ്ദേഹം നിഗമനത്തിലെത്തിയത് ശരിയല്ല. പോലീസും സര്‍ക്കാര്‍ ഭരണയന്ത്രവും പരാജയപ്പെട്ടതുകൊണ്ടാണ് വിലയേറിയ മനുഷ്യജീവനുകള്‍ വീണ്ടും വീണ്ടും കശാപ്പുചെയ്യപ്പെടുന്നത്. കൊലപാതകം തുടര്‍ക്കഥയാകുമ്പോള്‍, ഭരണകര്‍ത്താക്കള്‍ പരാജയപ്പെടുമ്പോള്‍ ഇരകളാകുന്നവര്‍ നീതിതേടി ഗവര്‍ണറെയല്ലാതെ മറ്റാരെയാണ് സമീപിക്കുക. അദ്ദേഹം കാര്യക്ഷമമായി പ്രവര്‍ത്തിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുളളു. സ്വത്തിനും, ജീവനും സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് ബോധ്യമായപ്പോള്‍ പട്ടാളത്തിന്‍േറയോ പാരാമിലിട്ടറി സേനയുടെയോ സംരക്ഷണം ബി.ജെ.പി. ആവശ്യപ്പെട്ടതില്‍ എന്താണ് തെറ്റെന്നും കുമ്മനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com