ജേക്കബ് തോമസിന്റേത് പുസ്തകം വിറ്റ് പോകാനുള്ള തന്ത്രമാണെന്ന് സി ദിവാകരന്‍

ജേക്കബ് തോമസ് അഴിമതിക്കെതിരായ പോരാട്ടം നടത്തിയെന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല
ജേക്കബ് തോമസിന്റേത് പുസ്തകം വിറ്റ് പോകാനുള്ള തന്ത്രമാണെന്ന് സി ദിവാകരന്‍

തിരുവനന്തപുരം: തനിക്കെതിരെ ആത്മകഥയിലൂടെ ആരോപണമുന്നയിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് മറുപടിയുമായി സി ദിവാകരന്‍ എംഎല്‍എ. ജേക്കബ് തോമസിന്റേത് പുസ്തകം വിറ്റ് പോകാനുള്ള തന്ത്രമാണെന്ന് സി ദിവാകരന്‍ വിഷയത്തോട് പ്രതികരിച്ചു. 

തന്നെപ്പോലുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പുസ്തകം ആളുകള്‍ വായിക്കുമെന്നായിരിക്കും അദ്ദേഹം കരുതുന്നത്. 
ഒരു വര്‍ഷമാണ് ജേക്കബ് തോമസ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ഉണ്ടായിരുന്നത്. ഏതൊരു മന്ത്രിസഭയും അധികാരമേല്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥന്മാരെ സ്ഥാനം മാറ്റുന്ന പതിവുണ്ട്.എന്നിട്ടും ഞാന്‍ അദ്ദേഹത്തെ ഒരു വര്‍ഷം വകുപ്പില്‍ നിലനിര്‍ത്തി.ദിവാകരന്‍ പറയുന്നു.

അതിന് ശേഷം രണ്ടാമത്തെ സര്‍ക്കാരാണ് ഇപ്പോള്‍ നിലവിലുള്ളത്. പത്ത് വര്‍ഷത്തിന് ശേഷം ഈ വെളിപാട് നടത്തിയതിന്റെ ഉദ്ദേശം മനസിലാകുന്നില്ല.റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ച് ഇത്തരം വെളിപാടുകള്‍ നടത്താന്‍ ജേക്കബ് തോമസിനെ കയറൂരി വിട്ടിരിക്കുകയാണ്.

ജേക്കബ് തോമസ് അഴിമതിക്കെതിരായ പോരാട്ടം നടത്തിയെന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന കേസ് ക്യാബിനറ്റില്‍ മുന്നോട്ട് വച്ച് സിബിഐയെക്കൊണ്ട് അന്വേഷണം നടത്താന്‍ ശ്രമിച്ചത് ഞാനാണ്. ആ സമയത്ത് അദ്ദേഹം സിവില്‍ സപ്ലൈസിലില്ലെന്നും ദിവാകരന്‍ ചൂണ്ടിക്കാട്ടി.

താന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്നപ്പോള്‍ ശുപാര്‍ശ ചെയ്ത സിബിഐ അന്വേഷണം അന്ന് സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന സി ദിവാകരന്‍ തള്ളിക്കളഞ്ഞെന്നും തന്നെ സ്ഥാനത്ത് മാറ്റിയെന്നുമാണ് ജേക്കബ് തോമസ് പുസ്തകത്തിലൂടെ ആരോപിക്കുന്നത്. 

സി ദിവാകരനെ പറ്റി മാത്രമല്ല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേയും ജേക്കബ്് തോമസ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com