ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ആദ്യദിനം വിറ്റത് അഞ്ഞൂറിലേറെ കോപ്പികള്‍

സാധാരണക്കാരന് ആവശ്യമുള്ളതും ഗുണകരവുമായ കാര്യങ്ങള്‍ ചെയ്യാനാണ് സിവില്‍ സര്‍വീസിലൂടെ ഞാന്‍ ശ്രമിച്ചതെന്നും അതിന്റെ ഫലമായി എങ്ങനെ ഞാനൊരു ഔട്ട്‌സൈഡര്‍ ആയി മാറിയെന്നത്  ഈ പുസ്തകം പറയുമെന്നും ജേക്കബ് തോമസ്
ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ആദ്യദിനം വിറ്റത് അഞ്ഞൂറിലേറെ കോപ്പികള്‍

തിരുവനന്തപുരം:  ജേക്കബ് തോമസിന്റെ ആത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം ആദ്യദിനം വിറ്റത് അഞ്ഞൂറിലേറെ കോപ്പികള്‍. മുഖ്യമന്ത്രിയെത്താത്തതിനെ തുടര്‍ന്ന് പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കിയിരുന്നു. നേരത്തെ പുസ്തകം പ്രകാശനത്തിന് മുഖ്യമന്ത്രിയെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പുസ്തപ്രകാശനചടങ്ങിലെത്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുസ്തക പ്രകാശനചടങ്ങ് ഉപേക്ഷിച്ചത്. 

നൂറുകണക്കിനാളുകള്‍ പുസ്തകപ്രകാശന ചടങ്ങിനായി എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ നിന്നും പിന്‍മാറിയ സാഹചര്യത്തില്‍ വിപണിയിലും ഓണ്‍ലൈനിലും പുസ്തകം ലഭ്യമാകുമെന്ന് ജേക്കബ് തോമസ് തന്റെ ബ്ലോഗിലൂടെ അറിയിച്ചിരുന്നു. സര്‍വീസിലിരിക്കെ ആത്മകഥയെഴുതാന്‍ മുന്‍കൂര്‍ അനുവാദം വേണമെന്നും മുഖ്യമന്ത്രി പ്രകാശനം നടത്തിയാല്‍ അത് നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും പറഞ്ഞ് മുഖ്യമന്ത്രിക്ക് കെസി ജോസഫ് എംഎല്‍എ കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്റെ ജീവിതം എഴുതാന്‍ മുന്‍കൂര്‍ അനുവാദം വേണ്ടെന്നായിരുന്നു എംഎല്‍എയ്ക്കുള്ള ജേക്കബ് തോമസിന്റെ മറുപടി. 30 വര്‍ഷം നീണ്ട സര്‍വീസ് കാലഘട്ടത്തെ കുറിച്ചുള്ള ജേക്കബ് തോമസിന്റെ പലപരാമര്‍ശങ്ങളും പുസ്തകമിറങ്ങും മുമ്പ് തന്നെ വിവാദമായിരുന്നു. ഇതുകൊണ്ട് കൂടിയാകണം പുസ്തകത്തിന് വന്‍ സ്വീകാര്യത ലഭിക്കാന്‍ ഇടയായത്.

അഴിമതിക്കാര്‍ക്കും സ്ഥാപിത താത്പര്യക്കാര്‍ക്കും അനഭിമിതനായ ഡോ. ജേക്കബ് തോമസ് ഐപിഎസ് തുറന്നെഴുതുമ്പോള്‍ കേരളം കാത്തിരുന്ന പുസ്തകമാണെന്നാണ് പ്രസാധകരുടെ അവകാശവാദം. കൂടാതെ സാധാരണക്കാരന് ആവശ്യമുള്ളതും ഗുണകരവുമായ കാര്യങ്ങള്‍ ചെയ്യാനാണ് സിവില്‍ സര്‍വീസിലൂടെ ഞാന്‍ ശ്രമിച്ചതെന്നും അതിന്റെ ഫലമായി എങ്ങനെ ഞാനൊരു ഔട്ട്‌സൈഡര്‍ ആയി മാറിയെന്നത്  ഈ പുസ്തകം പറയുമെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com